കേരളാ കോണ്‍ഗ്രസ് (എം) സ്തുതിപാഠകരുടെ സംഘം: ഫ്രാന്‍സിസ് ജോര്‍ജ്

മൂവാറ്റുപുഴ: കേരളാ കോണ്‍ഗ്രസ് (എം) അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നു വ്യതിചലിച്ച് കേവലം സ്തുതിപാഠകരുടെ സംഘമായി അധപതിച്ച സാഹചര്യത്തിലാണ് പുതിയ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചതെന്ന് രാജിവച്ച നേതാവ് കെ ഫ്രാന്‍സിസ് ജോര്‍ജ്. 2010ല്‍ പാര്‍ട്ടി ലയിച്ചതിന് ശേഷം യാതൊരുവിധ സംഘടനാ പ്രവര്‍ത്തനവും നടന്നിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തനം ഇവന്റ് മാനേജ്‌മെന്റുകാര്‍ക്ക് ക്വട്ടേഷന്‍ നല്‍കി നടത്തുന്ന പുതിയ പ്രവര്‍ത്തന രീതിയാണ് കെ എം മാണിയും ജോസ് കെ മാണിയും സ്വീകരിച്ചു പോരുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം)ല്‍ നിന്നുള്ള എറണാകുളം ജില്ലയിലെ ബഹുഭൂരിപക്ഷം നേതാക്കളും പങ്കെടുത്ത നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ സംസാരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സണ്ണി മണ്ണത്തൂക്കാരന്‍, ജോസ് വള്ളമറ്റം എന്നിവര്‍ കേരളാ കോണ്‍ഗ്രസ് (എം)ല്‍ നിന്നു രാജിവച്ചതായി പ്രഖ്യാപിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ അഡ്വ. ഷൈസണ്‍ പി മാങ്കുഴ, ജില്ലാ വൈസ് പ്രസിഡന്റ് പൗലോസ് ചാറ്റുകുളം, ജില്ലാ സെക്രട്ടറിമാരായ പൗലോസ് മുടക്കുംതല, വിന്‍സന്റ് റാഫേല്‍, പോള്‍ കെ വര്‍ഗീസ്, പി എം ബേബി, കെപിസിസി സംസ്ഥാന സെക്രട്ടറി സി പി ജോയി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ബെസ്റ്റിന്‍ ചേറ്റൂര്‍, ടോമി വള്ളമറ്റം, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പ്രിയേഷ് കെ മാത്യു തുടങ്ങി ജില്ലയിലെ ബഹുഭൂരിപക്ഷം നേതാക്കളും കേരളാ കോണ്‍ഗ്രസ് (എം) ല്‍ നിന്നു രാജിവച്ച് ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്സില്‍ ചേരുവാന്‍ തീരുമാനിച്ചു.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് വള്ളമറ്റം അറിയിച്ചു.
Next Story

RELATED STORIES

Share it