കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്ക് പോവാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്ക് പോവാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. കേരളാ കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റിയംഗവും മുതിര്‍ന്ന അംഗവുമായ വിക്ടര്‍ ടി തോമസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേതാക്കള്‍ ഇതുസംബന്ധിച്ചു പലതവണ ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
മാണിസാറിന് നിരവധി ഓഫറുകള്‍ കിട്ടിയതാണ്. പലയിടത്തുനിന്നും ഓഫറുകള്‍ വരുമ്പോഴും പോവാന്‍ പലര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, മാണിസാര്‍ അതിനു നിന്നുകൊടുത്തില്ല. പി സി ജോര്‍ജിന്റെ നേതൃത്വത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കേണ്ടെന്ന് പാര്‍ട്ടി ചെയര്‍മാനായ കെ എം മാണി തീരുമാനിച്ചു. യുഡിഎഫിലുള്ള താല്‍പ്പര്യംകൊണ്ടുമാത്രമാണ് പോവാതിരുന്നത്. ഈ നീതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചുകാണിച്ചില്ല. മാണിക്കെതിരേ നടന്ന ഗൂഢാലോചന സംബന്ധിച്ചു പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് ഉചിതമായ സമയത്തു പുറത്തുവിടും. ബാര്‍ കേസുമായി ബന്ധപ്പെട്ടു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന മാണി ശക്തനായി തിരിച്ചെത്തുമെന്നും അദ്ദേഹത്തിന്റെ വിശ്വസ്തന്‍ കൂടിയായ വിക്ടര്‍ ടി തോമസ് പറഞ്ഞു.
എന്നാല്‍, മാണി ആവശ്യപ്പെട്ടിട്ടാണ് താന്‍ ഇടതുനേതാക്കളുമായി സംസാരിച്ചതെന്നാണ് പി സി ജോര്‍ജ് പറയുന്നത്. സി എഫ് തോമസ് ഒഴികെയുള്ള എംഎല്‍എമാരെല്ലാം മുന്നണി വിടാന്‍ ഒരുക്കമായിരുന്നുവെന്നും പി സി പ്രതികരിച്ചു. കേരള കോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി ആന്റണി രാജു ഇക്കാര്യം നിഷേധിച്ചു. ഔദ്യോഗികമായി ഇക്കാര്യം ആരും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് തകരാതിരിക്കാന്‍ എല്‍ഡിഎഫിന്റെ നിര്‍ണായക ഓഫര്‍ തള്ളിയ മാണിയെ മറ്റൊരു നിര്‍ണായകഘട്ടത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തഴെഞ്ഞന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു.
മാണിക്കെതിരേ ഗൂഢാലോചനയും ഇരട്ടനീതിയും നടപ്പാക്കിയെന്ന് ആരോപിക്കുന്ന കേരളാ കോണ്‍ഗ്രസ്സില്‍നിന്നുതന്നെ ഇനിയും നിരവധി ആരോപണങ്ങളും തുറന്നുപറച്ചിലുകളും ഉയര്‍ന്നുവന്നേക്കും. അതിനിടെ, ബാര്‍ കോഴക്കേസില്‍ കേരളാ കോണ്‍ഗ്രസ്സിന് നീതി ലഭിച്ചില്ലെന്ന് ജോസ് കെ മാണി എംപിയും ആരോപിച്ചു. കേസില്‍ രണ്ടുതരം നീതിയാണ് ഉണ്ടായത്. ഇതേ അഭിപ്രായംതന്നെയാണ് ജനങ്ങള്‍ക്കുമുള്ളത്. കേസില്‍ ഒളിഞ്ഞും തെളിഞ്ഞും പല ഭാഗങ്ങളില്‍നിന്നും ഇടപെടലുണ്ടായിട്ടുണ്ട്. എന്നാല്‍, ഇത് ആരാണ്, എവിടെനിന്നാണു നടത്തിയതെന്നു കണ്ടുപിടിക്കേണ്ടത് മാധ്യമങ്ങളാണ്. കേരള കോണ്‍ഗ്രസ്സിനെ എഴുതിത്തള്ളാന്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവര്‍ക്കുള്ള മറുപടിയാണു പാലായില്‍ കെ എം മാണിക്കു ലഭിച്ച സ്വീകരണമെന്നും ജോസ് കെ മാണി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Next Story

RELATED STORIES

Share it