Kottayam Local

കേരളാ കോണ്‍ഗ്രസ്സുകളുടെ ഏകീകരണം അനിവാര്യം: പി സി ജോര്‍ജ്

കോട്ടയം: പണ സമ്പാദനത്തിന് സംഘടനയുടെ മേല്‍വിലാസം ഉപയോഗിക്കുന്ന നേതാക്കന്‍മാരെ ഒഴിവാക്കി നിര്‍ത്തികൊണ്ടുള്ള കേരളാ കോണ്‍ഗ്രസ്സുകളുടെ ഏകീകരണം അനിവാര്യമാണെന്ന് കേരള കോണ്‍ഗ്രസ് സെക്കുലര്‍ ലീഡര്‍ പി സി ജോര്‍ജ്.
പി സി തോമസ് വിഭാഗത്തില്‍ നിന്നും രാജി വച്ച് കേരള കോണ്‍ഗ്രസ് സെക്കുലറില്‍ ചേര്‍ന്നവരുടെ ലയന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ പിറവി എടുത്ത കേരള കോണ്‍ഗ്രസ് പാര്‍ട്ടി നാളിതുവരെയായി കൃഷി വകുപ്പ് ചോദിച്ചു വാങ്ങാതിരുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രി സ്ഥാനം കൈകാര്യം ചെയ്തിരുന്നവര്‍ വിശദീകരിക്കണം. പണം ഒഴുകുന്ന വകുപ്പുകളായ ധനകാര്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവ വകുപ്പുകള്‍ മാത്രം മതി എന്ന ശാഠ്യം എന്തിന് നേതാക്കന്‍മ്മാര്‍ സ്വീകരിച്ചു എന്നതിനും ഉത്തരം കിട്ടണം. അധികാരത്തിലെത്താന്‍ മാത്രമാണ് നാളിതുവരെയുള്ള കേരള കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ കൃഷിക്കാരുടെയും, ന്യൂനപക്ഷങ്ങളുടേയും മേല്‍വിലാസം ഉപയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളാ കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ കാഞ്ഞിരത്തിങ്കലിന്റെയും കര്‍ഷക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എ എച്ച് ഹഫീസിന്റെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ കോട്ടയം റെഡ് ക്രോസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ടി എസ് ജോണില്‍ നിന്നും അംഗത്വം ഏറ്റുവാങ്ങി. തോമസ് കണ്ണന്തറ, മാലേത്ത് പ്രതാപചന്ദ്രന്‍, കല്ലട ദാസ, അഡ്വ. ബോബന്‍ ടി തെക്കേല്‍,ലോനപ്പന്‍ ചാലക്കല്‍, സെബി പറമുണ്ട, കൈപ്പുഴ ജോസ്, ടോമി കളരിക്കല്‍ അഡ്വ. എം സജീവ്, സിയാദ് തവയ്ക്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it