'കേരളാ കോണ്‍ഗ്രസ്സില്‍ കടുത്ത പ്രതിസന്ധി; വിമതര്‍ ഇടത്തോട്ട്

കോട്ടയം/തിരുവനന്തപുരം: ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് (എം) വിമതര്‍ ഇടതുമുന്നണിയില്‍ ചേക്കേറാനുള്ള സാധ്യതയേറിയതോടെ പാര്‍ട്ടിയില്‍ പ്രതിസന്ധി കനത്തു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് അനുകൂലമായേക്കുമെന്ന കണക്കുകൂട്ടല്‍ കൂടിയാണ് പാര്‍ട്ടിയെ പിളര്‍ത്തി ഇടതുപാളയത്തിലെത്താന്‍ വിമതനേതാക്കള്‍ക്ക് ധൈര്യം നല്‍കുന്നത്. ആറ് സീറ്റും ഘടകകക്ഷിയാക്കാമെന്ന എല്‍ഡിഎഫ് വാഗ്ദാനവും ഇവര്‍ മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്.
യുഡിഎഫിനോട് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് വിമതശബ്ദങ്ങള്‍ ഇല്ലാതാക്കാനുള്ള കെ എം മാണിയുടെ ശ്രമത്തിനു കോണ്‍ഗ്രസ് തടയിട്ടിരിക്കുകയാണ്. കൂടുതല്‍ സീറ്റ് നല്‍കില്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്. അതേസമയം, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പിന്തള്ളി ജോസ് കെ മാണിയെ നേതൃത്വത്തില്‍ കൊണ്ടുവരാനുള്ള നീക്കവും പ്രതിസന്ധി മൂര്‍ച്ഛിക്കാന്‍ കാരണമായി. സീറ്റ് ചര്‍ച്ചകളില്‍ ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന ആലോചന പുറത്തുവന്നു. ഇതോടെയാണ് ജോസഫ് വിഭാഗത്തിലെ പ്രമുഖര്‍ നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തെത്തിയത്.
അതേസമയം, മാണി വിഭാഗം നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും പുതുതായി സീറ്റ് ലഭിച്ചാല്‍ ഇടഞ്ഞുനില്‍ക്കുന്ന ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിക്കാമെന്നും അവര്‍ പി ജെ ജോസഫിനെ അറിയിച്ചു. സീറ്റ് ഉറപ്പിക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമെന്നാണ് മാണി വിഭാഗത്തിന്റെ ആരോപണം. ആന്റണി രാജുവിനായി തിരുവനന്തപുരമോ കുണ്ടറയോ ചോദിച്ചുവാങ്ങും. എന്നാല്‍, എന്തു സംഭവിച്ചാലും പി സി ജോസഫിന് സീറ്റില്ലെന്നും മാണിവിഭാഗം അറിയിച്ചിട്ടുണ്ട്. മാണിക്കെതിരേ പി സി ജോസഫ് പരസ്യപ്രതികരണം നടത്തിയതും വിമതനീക്കത്തിനു നേതൃത്വം നല്‍കുന്നതുമാണ് ഇതിനു കാരണം.
എന്നാല്‍ നിലപാട് മയപ്പെടുത്താന്‍ ജോസഫ് വിഭാഗം നേതാക്കള്‍ തയ്യാറായിട്ടില്ല. സീറ്റ് മാത്രമല്ല പ്രശ്‌നമെന്നായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രതികരണം. സീറ്റിനു വേണ്ടി നടക്കുന്ന ആളല്ല താനെന്നും ഇക്കാര്യത്തില്‍ ആരോടും തര്‍ക്കത്തിനു പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് സാധ്യത തെളിഞ്ഞെങ്കിലും പരിഹാരം അകലെയാണെന്നാണ് ഇവരുടെ നിലപാട്. കഴിഞ്ഞ തവണ 15 സീറ്റില്‍ മല്‍സരിച്ച കേരളാ കോണ്‍ഗ്രസ് ഇത്തവണ 20 സീറ്റിനാണ് അവകാശവാദം ഉന്നയിക്കുന്നത്.
അതിനിടെ, എല്‍ഡിഎഫിലേക്ക് മടങ്ങാനുള്ള നീക്കം ജോസഫ് വിഭാഗം നേതാക്കള്‍ കൂടുതല്‍ സജീവമാക്കി. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, പി സി ജോസഫ്, കെ സി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അണിയറനീക്കം. വിമതര്‍ വീണ്ടും സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തി. ചങ്ങനാശ്ശേരി, മൂവാറ്റുപുഴ, ഇടുക്കി, തിരുവനന്തപുരം ഉള്‍പ്പെടെ ആറു സീറ്റാണ് ഇവരുടെ ആവശ്യം. അര്‍ഹതപ്പെട്ട സീറ്റും മുന്നണി ഘടകകക്ഷിയാക്കാമെന്ന വാഗ്ദാനവുമാണ് സിപിഎം നല്‍കിയ ഉറപ്പ്. തീരുമാനം വൈകരുതെന്നും നാളെ സിപിഎം സെക്രട്ടേറിയറ്റ് ചേരുന്നതിനു മുമ്പ് നിലപാട് അറിയിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് വിമതരെ സ്വീകരിക്കുന്നതില്‍ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് അനുകൂല നിലപാടാണ്. എന്നാല്‍, സിപിഐക്ക് എതിര്‍പ്പുണ്ട്.
Next Story

RELATED STORIES

Share it