കേരളാ കോണ്‍ഗ്രസ്(എം) നിലപാട് കടുപ്പിക്കുന്നു

തിരുവനന്തപുരം: യുഡിഎഫ് സീറ്റുവിഭജനത്തില്‍ കേരളാ കോണ്‍ഗ്രസ്(എം) നിലപാട് കടുപ്പിക്കുന്നു. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി ഇന്നു തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരും. യുഡിഎഫുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് യോഗം. ചര്‍ച്ചയില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കുന്നതിനായി ജില്ലാ പ്രസിഡന്റുമാരോട് തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് സീറ്റ് അധികം വേണമെന്ന മാണി ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്. പുനലൂര്‍, റാന്നി, മലബാര്‍ മേഖലയില്‍ ഒരുസീറ്റ് എന്നിങ്ങനെയാണ് മാണി ആവശ്യപ്പെടുന്നത്. മാണി ഗ്രൂപ്പില്‍നിന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം വിട്ടുപോയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് നല്‍കേണ്ടെന്നാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. അതേസമയം, അങ്കമാലിയുടെ പേരില്‍ ഇടഞ്ഞുനിന്ന കേരളാ കോണ്‍ഗ്രസ്(ജേക്കബ്) വിഭാഗം നിലപാട് മയപ്പെടുത്തി. അങ്കമാലി സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിയ്ക്ക് പിടിവാശിയില്ലെന്ന് പാര്‍ട്ടി നേതാവും മന്ത്രിയുമായ അനൂപ് ജേക്കബ് പ്രതികരിച്ചു. അങ്കമാലിക്ക് പകരം മറ്റൊരു സീറ്റ് കിട്ടിയാലും മതി. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് തര്‍ക്ക വിഷയങ്ങളൊന്നുമില്ല. അങ്കമാലി വേണമെന്ന ആവശ്യത്തില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ കോണ്‍ഗ്രസ് അറിയിച്ചു. ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിക്കും. ഏത് സീറ്റ് നല്‍കുമെന്നകാര്യം അറിഞ്ഞിട്ട് പാര്‍ട്ടി നിലപാട് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറ്റുവിഭജന കാര്യത്തില്‍ തുടക്കത്തില്‍ തന്നെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ജോണി നെല്ലൂര്‍ അങ്കമാലി സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. അങ്കമാലി നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റായ മൂവാറ്റുപുഴ വേണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, അങ്കമാലി വിട്ടുനല്‍കാനുള്ള കേരള കോണ്‍ഗ്രസ് ജേക്കബിന്റെ നിലപാട് കോണ്‍ഗ്രസ്സിന് ആശ്വാസമാവും. എന്നാല്‍ ജേക്കബ് വിഭാഗത്തിന് മറ്റൊരു സീറ്റ് നല്‍കുന്ന കാര്യത്തില്‍ ഘടകകക്ഷികളുടെ നിലപാട് കോണ്‍ഗ്രസ്സിന് തലവേദന സൃഷ്ടിക്കാനാണ് സാധ്യത.ജെഡിയു, ആര്‍എസ്പി കക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായിട്ടില്ല. വിജയസാധ്യതയില്ലാത്ത സീറ്റുകള്‍ വച്ചുമാറില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നതോടെ കഴിഞ്ഞദിവസത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍നിന്ന് ജെഡിയു ഇറങ്ങിപ്പോയിരുന്നു. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസ് തന്നെ മല്‍സരിക്കട്ടെയെന്ന് പറഞ്ഞാണ് ജെഡിയു ചര്‍ച്ച ബഹിഷ്‌കരിച്ചത്. ഏഴുസീറ്റുകളാണ് ജെഡിയുവിന് നല്‍കിയിരുന്നത്. കഴിഞ്ഞതവണ പരാജയപ്പെട്ട സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന കാര്യത്തില്‍ പിന്നോട്ടുപോവേണ്ടതില്ലെന്നാണ് ജെഡിയുവിന്റെ തീരുമാനം. ആറുസീറ്റുകളാണ് ആര്‍എസ്പി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അഞ്ച് സീറ്റുമാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് യുഡിഎഫ് അറിയിച്ചു. ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ്സും നിലപാട് കടുപ്പിക്കുകയാണെങ്കില്‍ സീറ്റുവിഭജനത്തില്‍ അന്തിമതീരുമാനം ഇനിയും വൈകും.
Next Story

RELATED STORIES

Share it