കേരളാ കോണ്‍ഗ്രസ്(എം) ഓഫിസ് വിമതര്‍ പിടിച്ചെടുത്തു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ കേരളാ കോണ്‍ഗ്രസ്(എം) വിമത വിഭാഗം യോഗം ചേര്‍ന്നു. പാര്‍ട്ടി ഓഫിസ് വിമത വിഭാഗം പിടിച്ചെടുത്തു. യോഗത്തിനു ശേഷം ഫ്രാന്‍സിസ് ജോര്‍ജ് പക്ഷം നേതാവായ ഡോ. കെ സി ജോസഫിന്റെ നേതൃത്വത്തില്‍ വിമതവിഭാഗം കേരളാ കോണ്‍ഗ്രസ്(എം) നിയോജകമണ്ഡലം കമ്മിറ്റി ഓഫിസ് പിടിച്ചെടുത്തു.
വിമതര്‍ യോഗം ചേര്‍ന്ന് പിരിഞ്ഞതിനെ തുടര്‍ന്ന് മാണി വിഭാഗം ഓഫിസിലെത്തി മറ്റൊരു താഴിട്ട് ഓഫിസ് പൂട്ടി. ഓഫിസിനു മുന്നിലുള്ള ചുവരിലെ ബോര്‍ഡില്‍നിന്നു കെ എം മാണിയുടെ പേര് നേരത്തേ വെട്ടിയിരുന്നത് വിവാദമായിരുന്നു. ഈ ഓഫിസാണ് ഡോ. കെ സി ജോസഫിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.
പഴയ ജോസഫ് ഗ്രൂപ്പിന്റെ നിയോജകമണ്ഡലം കമ്മിറ്റി ഓഫിസായിരുന്ന ഇത് ലയനശേഷം കേരള കോണ്‍ഗ്രസ്(എം)ന്റെ മണ്ഡലം കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഇന്നലെ ചേര്‍ന്ന വിമത വിഭാഗം യോഗത്തില്‍ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ അടക്കം നൂറോളം പേര്‍ പങ്കെടുത്തു. മൂന്നു സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളും നാല് ജില്ലാ സെക്രട്ടറിമാരും യോഗത്തില്‍ രാജി പ്രഖ്യാപനം നടത്തി. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപം കൊള്ളുന്ന പുതിയ പാര്‍ട്ടിയുടെ മണ്ഡലം നിയോജകമണ്ഡല തല സമിതികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായിരുന്നു വിമത വിഭാഗത്തിന്റെ യോഗം. കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് കടന്നു വരുമെന്നും പി ജെ ജോസഫിനായുള്ള കസേര പാര്‍ട്ടിയില്‍ ഒഴിച്ചിട്ടിട്ടുണ്ടെന്നും യോഗം ഉദ്ഘാടനം ചെയ്ത ഡോ. കെ സി ജോസഫ് പറഞ്ഞു.
പി ജെ ജോസഫിന്റെ അറിവും സമ്മതത്തോടും കൂടിയാണ് പാര്‍ട്ടി വിട്ടതെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം പാര്‍ട്ടി ഓഫിസ് ഇപ്പോഴും തങ്ങളുടേതാണെന്നും അത് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നുമാണ് മാണി വിഭാഗം പ്രതികരിച്ചത്. പാര്‍ട്ടി ഓഫിസ് പിടിച്ചെടുത്തുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മാണി വിഭാഗം പറയുന്നു.
Next Story

RELATED STORIES

Share it