കേരളഹൗസ് സംഭവം ആസൂത്രിതം; പിന്നില്‍ മലയാളി

ന്യൂഡല്‍ഹി: പശുവിറച്ചി വിളമ്പിയെന്നാരോപിച്ച് സംഘര്‍ഷവും തുടര്‍ന്ന് പോലിസ് റെയ്ഡിലേക്കും നയിച്ച കേരളഹൗസ് സംഭവത്തിനു പിറകില്‍ പ്രവര്‍ത്തിച്ചത് മലയാളി അഭിഭാഷകനും ഹിന്ദുരാ്രഷ്ട നേതാവുമായ പ്രതീഷ് വിശ്വനാഥന്‍.
ഡല്‍ഹിയിലെ മലയാളി സംഘപരിവാര കേന്ദ്രങ്ങളിലെ പ്രധാനിയായ ഇദ്ദേഹം ആറന്മുള സ്വദേശിയാണ്. നേരത്തേ എസ്എന്‍ഡിപി നേതൃത്വത്തിന് സംഘപരിവാര നേതാക്കളുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് ഇദ്ദേഹമായിരുന്നു.
തിങ്കളാഴ്ച നാലരയോടെ കാന്റീനിലെ മെനുവിന്റെ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രതീഷ്, നമുക്കു കാണാമെന്നു ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് പോലിസ് കേരളഹൗസിലെത്തിയത്. ഇതു സംഭവത്തിന്റെ ആസൂത്രണം വ്യക്തമാക്കുന്നതാണ്.''ഇതു കേരളഹൗസിലെ മെനു ബോര്‍ഡ്. പരസ്യമായി ഇവിടെ ബീഫ് വില്‍ക്കുന്നു. നമുക്കു കാത്തിരുന്നു കാണാം''എന്നായിരുന്നു പ്രതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതീഷ് നേരിട്ട് ഇടപെടാതെ ഡല്‍ഹിയിലെ വി എച്ച്പി നേതാവ് വിഷ്ണു ഗുപ്തയെക്കൊണ്ട് പോലിസിനു പരാതി കൊടുപ്പിക്കുകയായിരുന്നു. പ്രതീഷ് പറഞ്ഞതനുസരിച്ചാണ് താന്‍ പോലിസില്‍ പരാതിപ്പെട്ടതെന്നു വിഷ്ണു ഗുപ്ത മാധ്യമങ്ങളോട് സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച ഡല്‍ഹി പ്രസ്‌ക്ലബില്‍ കശ്മീര്‍ എംഎല്‍എ റാഷിദ് എന്‍ജിനീയറെ കരിഓയില്‍ ഒഴിച്ച കേസില്‍ പ്രതിയാണ് വിഷ്ണുഗുപ്തയെന്ന് പോലിസ് അറിയിച്ചു.
പ്രതീഷിന്റെ നിര്‍ദേശപ്രകാരം കേരളഹൗസിനു തൊട്ടടുത്തുള്ള പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷന്‍ കണ്‍ട്രോ ള്‍ റൂമിലേക്കു വിളിച്ച് കാന്റീനില്‍ പശുവിറച്ചി വിളമ്പുന്നുണ്ടെന്ന് ഗുപ്ത പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയതിനു പിന്നാലെ 30ഓളം പോലിസുകാരാണ് കേരള ഹൗസിലെ കാന്റീനിലേക്ക് ഇരച്ചുകയറിയത്.
കേരളഹൗസിന്റെ ചുമതലയുള്ള റെസിഡന്റ് കമ്മീഷണറുടെ അനുമതിയില്ലാതെയാണ് പോലിസ് പരിശോധന നടത്തിയത്. ഡല്‍ഹിയിലെ ഒരു സംസ്ഥാനത്തിന്റെ ആസ്ഥാനത്ത് അനുമതിയില്ലാതെ പോലിസ് പരിശോധനയ്‌ക്കെത്തിയതുള്‍പ്പെടെയുള്ള ചട്ടലംഘനങ്ങള്‍ ഈ വിഷയത്തില്‍ ഉയര്‍ന്നിട്ടുണ്ട്.
ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ (എന്‍ഡി എംസി) അനുമതിയോടെ പ്രവര്‍ത്തിക്കുന്ന അറവുശാലയില്‍നിന്നാണ് കേരളഹൗസിലേക്ക് ബീഫ് വാങ്ങാറുള്ളത്. ഡല്‍ഹിയില്‍ എവിടെയും പശുവിറച്ചി കിട്ടാറുമില്ല. എന്നിരിക്കെ, പശുവിറച്ചി സംബന്ധിച്ച പരാതി ലഭിച്ചയുടന്‍ വന്‍ പോലിസ് സംഘം എത്തി അനുമതിയില്ലാതെ പരിശോധന നടത്തിയതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it