കേരളവും ഹിന്ദുത്വ മോഡലും

പി  അനീബ്

കേരളത്തിലെ നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഭൂരിപക്ഷ സമുദായങ്ങള്‍ സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും അടിച്ചമര്‍ത്തപ്പെടുകയാണെന്നാണ് സംഘപരിവാരത്തിന്റെ പ്രധാന വാദങ്ങളിലൊന്ന്. കഴിഞ്ഞ ജൂലൈയില്‍ കോഴിക്കോട്ട് ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗം പാസാക്കിയ രാഷ്ട്രീയ പ്രമേയം കടുത്ത ന്യൂനപക്ഷ വിരുദ്ധത ഉള്‍ക്കൊള്ളുന്നതായിരുന്നു. പ്രത്യേകിച്ച് ഒരു സമുദായത്തിന്റെയും പേരെടുത്തുപറയാതെ തയ്യാറാക്കിയ പ്രമേയം ന്യൂനപക്ഷങ്ങളുടെ ജീവനോപാധികളെ മുഴുവന്‍ ലക്ഷ്യമിടുകയാണ് ചെയ്തത്: ''കാല്‍നൂറ്റാണ്ടിനുള്ളില്‍ കേരളം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാവും. കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ നടന്ന ഭൂമി ക്രയവിക്രയങ്ങളില്‍ 90 ശതമാനവും ഹിന്ദുക്കളില്‍ നിന്നു മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളിലേക്കായിരുന്നു. നഗരപ്രദേശങ്ങളിലെയും ദേശീയ-സംസ്ഥാനപാതകള്‍ക്കും അടുത്തുള്ള സ്ഥലങ്ങള്‍ ഒരു പ്രത്യേക സമുദായക്കാരും, തോട്ടം മേഖലയിലും വനപ്രദേശങ്ങള്‍ക്കും അരികിലുള്ള ഭൂമി മറ്റൊരു സമുദായവും കൈവശപ്പെടുത്തുകയാണ്. ആരോഗ്യം, വ്യവസായം, ഐടി മേഖലകളില്‍ ഹിന്ദു സമുദായം പൂര്‍ണമായും പിന്തള്ളപ്പെട്ടിരിക്കുകയാണ്.'' ന്യൂനപക്ഷ പ്രീണനം നടത്തുന്ന ഇരുമുന്നണികള്‍ക്കുമിടയില്‍ ഹിന്ദു സമൂഹം എല്ലാവിധത്തിലും പുറന്തള്ളപ്പെടുകയാണെന്നും പ്രമേയം ആരോപിക്കുന്നുണ്ട്. സമാനമായ വാദമാണ് എസ്എന്‍ഡിപി യോഗം നേതാവായ വെള്ളാപ്പള്ളി നടേശന്‍ ഉന്നയിക്കുന്നത്. ഭൂപരിഷ്‌കരണം ക്ഷേത്രങ്ങളുടെ ഭൂസ്വത്ത് നഷ്ടപ്പെടുത്തിയെന്നും ക്ഷേത്രങ്ങളെല്ലാം തകര്‍ന്നെന്നും അദ്ദേഹം വിലപിക്കുന്നു. കേരളത്തിലെ ഭൂമിയുടെ 68 ശതമാനം ഒരു പ്രത്യേക സമുദായത്തിന്റെ കൈവശമാണെന്നും അതിനാല്‍ തന്നെ പുതിയൊരു ഭൂപരിഷ്‌കരണം അനിവാര്യമാണെന്നും അദ്ദേഹം തുടര്‍ന്നു വാദിക്കുന്നു. സംഘപരിവാര പ്രത്യയശാസ്ത്രവുമായി പുലബന്ധം പോലുമില്ലെന്ന് എസ്എന്‍ഡിപി യോഗനേതൃത്വം ആണയിടുന്നുണ്ടെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണത്തിനു മുന്നോടിയായി ചേര്‍ത്തലയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിതരണം ചെയ്ത കുറിപ്പിലും സംഘപരിവാരത്തിന്റെ നിലപാടുകളാണ് വിളക്കിച്ചേര്‍ത്തിരിക്കുന്നത്: ''നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവര്‍ ജനിച്ച മണ്ണില്‍ ജീവിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി ജനാധിപത്യ തമ്പുരാക്കന്മാരുടെ മുന്നില്‍ ഭിക്ഷാപാത്രവുമായി നില്‍ക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ സംഘടിത വോട്ടിനു മുന്നില്‍ എല്ലാ നീതിശാസ്ത്രവും ബലികഴിക്കപ്പെടുകയാണ്. സംഘടിത ന്യൂനപക്ഷ വോട്ടിനു മുന്നില്‍ തെറ്റും ശരിയുമില്ല. എത്ര തെറ്റായാലും അവര്‍ പറയുന്നതാണ് ശരി. റോഡ് വികസനം വേെണ്ടന്ന് അവര്‍ പറഞ്ഞാല്‍ വേണ്ട. ഗ്യാസ് പൈപ്പ്‌ലൈന്‍ വേെണ്ടന്നു പറഞ്ഞാല്‍ വേണ്ട. കസ്തൂരി രംഗന്‍ സമിതി റിപോര്‍ട്ട് നടപ്പാക്കേണ്ടെന്നു പറഞ്ഞാല്‍ വേണ്ട എന്നതാണ് മുന്നണികളുടെ അവസ്ഥ...'' പുതിയൊരു ഭൂപരിഷ്‌കരണം ആവശ്യമാണെന്നു വാദിക്കുന്ന സംഘപരിവാരം പഴയ ഭൂപരിഷ്‌കരണത്തെക്കുറിച്ച് അവസരവാദപരമായ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഭൂപരിഷ്‌കരണത്തിനെതിരായ നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നത്. ഭൂപരിഷ്‌കരണം 'ഹിന്ദുക്കളുടെയും ക്ഷേത്രങ്ങളുടെയും ഭൂമി നഷ്ടപ്പെടുത്തി'യെന്നായിരുന്നു ആരോപണം. എന്നാല്‍, കുറച്ചു കാലമായി രാഷ്ട്രീയ കാലാവസ്ഥ മാറിയതിനാല്‍ 'ഭൂപരിഷ്‌കരണം വഴി ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ഭൂമി ലഭിച്ചില്ലെ'ന്ന വാദമാണ് ഉയര്‍ത്തുന്നത്. സംഘപരിവാരം വിവാദമാക്കുന്ന ഭൂപരിഷ്‌കരണം ഈഴവര്‍ അടക്കമുള്ള പാട്ടക്കാര്‍ക്കാണ് പ്രധാനമായും ഗുണം ചെയ്തതെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. ഭൂരഹിത കര്‍ഷകര്‍ക്ക് ഭൂമി ലഭിച്ചില്ലെന്നത് പ്രധാന അപര്യാപ്തതകളിലൊന്നായി പുരോഗമനകാരികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ദലിതുകള്‍ അടക്കമുള്ളവരെ മൂന്നു സെന്റ് ഭൂമിയിലും കോളനികളിലും തളയ്ക്കാന്‍ കാരണമായെന്നു ദലിത് സംഘടനകളും ബുദ്ധിജീവികളും അഭിപ്രായപ്പെടുന്നുണ്ട്. ഈ വാദമാണ് സംഘപരിവാരം ഇപ്പോള്‍ ഒരുവശത്ത് ഉയര്‍ത്തുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും സത്യം മറച്ചുവച്ചാണ് അവര്‍ ഇപ്പോള്‍ ന്യൂനപക്ഷവിരുദ്ധ പ്രചാരണം നടത്തുന്നത്. സമ്പന്നരായ ഇതര സമുദായക്കാര്‍ കേരളത്തിന്റെ വികസനത്തിനു തടസ്സമാണെന്നാണ് ചേര്‍ത്തലയിലെ യോഗക്കുറിപ്പ് പരോക്ഷമായി ആരോപിക്കുന്നത്. പാതയോരങ്ങളില്‍ താമസിക്കുന്ന പ്രത്യേക സമുദായക്കാര്‍ റോഡ് വികസനത്തിനു സഹകരിക്കാത്തതിനാല്‍ കേരളത്തിന്റെ വികസനം തടസ്സപ്പെടുകയാണെന്നതാണ് ഒരു പ്രധാന വാദം. മറ്റൊരു പ്രത്യേക സമുദായം വിഭവങ്ങളെല്ലാം കൊള്ള ചെയ്ത് പശ്ചിമഘട്ടത്തെയും പരിസ്ഥിതിയെയും നശിപ്പിച്ചു കേരളത്തെ മരുഭൂമിയാക്കുന്നു എന്നും പ്രചാരണം നടത്തുന്നു. കേരള വികസനത്തിനും പരിസ്ഥിതിക്കും ന്യൂനപക്ഷങ്ങളും അവരുടെ രാഷ്ട്രീയ രക്ഷിതാക്കളായ ഇടതു-വലതുമുന്നണികളും തടസ്സമാണത്രേ. വ്യാപാര-വ്യവസായ മേഖലകളിലെ സംഘപരിവാര ഇടപെടലിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ ഗുജറാത്തിലെ കൊലോളില്‍ എന്ന പ്രദേശത്ത് വിതരണം ചെയ്യപ്പെട്ട ലഘുലേഖ സഹായിക്കും. ''മുസ്‌ലിം തൊഴിലാളി സംഘടനകള്‍ ഹിന്ദു തൊഴിലാളികളെ പ്രകോപിപ്പിച്ച് സമരത്തിലേക്കു തള്ളിയിടാറുണ്ട്... അതിനാല്‍ കേസുകള്‍ ഹിന്ദു തൊഴിലാളി സംഘടനകള്‍ വഴി നടത്തണം... ന്യൂനപക്ഷ സമുദായങ്ങളുമായുള്ള കൂട്ടുകച്ചവടം അവസാനിപ്പിക്കണം, ഹിന്ദുക്കളുടെ സ്ഥാപനങ്ങളിലേ ഹിന്ദുക്കള്‍ പോകാവൂ, മുസ്‌ലിംകള്‍ അഭിനയിച്ച സിനിമകള്‍ കാണരുത്...'' ഇങ്ങനെ പോകുന്നു ലഘുലേഖയിലെ പരാമര്‍ശങ്ങള്‍. ഈ ലഘുലേഖയില്‍ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ കേരളത്തിലും നടപ്പായിവരുന്നതിന്റെ ലക്ഷണങ്ങള്‍ വ്യാപാര-വ്യവസായമേഖലയില്‍ പ്രകടമാണ്. സമാനമായ ലക്ഷ്യങ്ങള്‍ നേടുന്നതിന്റെ ഭാഗമായി ഹിന്ദു ഇകണോമിക് ഫോറം എന്ന സംഘടനയും പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം ആദ്യത്തോടെ കേരളത്തില്‍ 100 ചാപ്റ്ററുകള്‍ സ്ഥാപിക്കാനാണ് സംഘടന പദ്ധതിയിട്ടത്.  കേരളത്തിലെ കയര്‍, കശുവണ്ടി, നെയ്ത്ത്, മല്‍സ്യബന്ധനം തുടങ്ങിയ പരമ്പരാഗത മേഖലകള്‍ തകര്‍ന്നതിനാലുണ്ടായ വലിയ അസംതൃപ്തി മുതലെടുക്കാനുള്ള സംഘടിത ശ്രമം നടക്കുന്നുണ്ട്. ന്യൂനപക്ഷ സമുദായങ്ങളും അവര്‍ക്ക് 'ഒത്താശ ചെയ്യുന്ന' ഇടതു-വലതു മുന്നണികളും വികസനത്തിന് എതിരാണെന്നു വാദിക്കുന്ന സംഘപരിവാരം ഇതു ചില വിഭാഗങ്ങളെ വിശ്വസിപ്പിക്കുന്നതില്‍ ഒരു പരിധി വരെ വിജയിച്ചുകഴിഞ്ഞു. ഭൂപരിഷ്‌കരണവും കേരളത്തിലെ സമ്പദ്‌വ്യവസ്ഥയും ഹിന്ദുക്കള്‍ക്ക് എതിരാണെന്നു വാദിക്കുന്ന അവര്‍ മറുപദ്ധതികള്‍ തയ്യാറാക്കിത്തന്നെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും മുന്‍കാലത്തെ ഹിന്ദുത്വ ദേശീയതയില്‍ പൊതിഞ്ഞ, മൂലധനത്തിന് അനുകൂലമായ, അവസരവാദപരമായ നിലപാടുകള്‍ തിരുത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യമാണ് ഇടതു-വലതു മുന്നണികള്‍ക്കു മുന്നിലുള്ളത്. അവസരവാദപരമായ മെല്ലെപ്പോക്ക് ഇനി സാധ്യമല്ല. റോഡ് വികസനത്തിലും ഭൂമി ഏറ്റെടുക്കലിലുമെല്ലാം കേരളം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും അരുണ്‍ ജെയ്റ്റ്‌ലിയുമെല്ലാം നിരന്തരമായി ആവര്‍ത്തിക്കുന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഉടനീളം ഭൂമി ഏറ്റെടുക്കലുകള്‍ക്കും മറ്റും സര്‍ക്കാര്‍ ശക്തമായി ഇടപെടാനിരിക്കുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. അതായത്, ആരും പറഞ്ഞാല്‍ കേള്‍ക്കാത്ത, ദയാരഹിതമായ ഒരു 'വികസന'ത്തിന്റെ കാലം. സ്വാഭാവികമായും ചെറുത്തുനില്‍പ് ശക്തമാവും. എന്നാല്‍, അപ്പോഴേക്ക് ജനങ്ങള്‍ ജാതി-മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കും.
Next Story

RELATED STORIES

Share it