കേരളവികസനവും പ്രവാസികളും

ജോണ്‍ സാമുവല്‍

കേരളത്തില്‍ കഴിഞ്ഞ 30 വര്‍ഷങ്ങള്‍കൊണ്ടുണ്ടായ സാമ്പത്തിക വളര്‍ച്ചയും സാമൂഹിക-സാമ്പത്തിക വികസനവും സാമൂഹികമാറ്റങ്ങളും തമ്മിലുള്ള ബന്ധം ഇനിയും ഗഹനമായ ഗവേഷണ പഠനങ്ങള്‍ക്കു വിധേയമാേക്കണ്ടതുണ്ട്. ഇവിടെ ഞാന്‍ കുറിക്കുന്നത് ചില സാമാന്യവും പ്രാഥമികവും ആയ നിരീക്ഷണങ്ങള്‍ മാത്രമാണ്. കേരളത്തിലെ സാമ്പത്തിക-സാമൂഹിക മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനു മുമ്പ് ആമുഖമായി ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്.
ലോകത്തിന്റെ സാമ്പത്തിക-സാമൂഹിക ചരിത്രം പഠിച്ചാല്‍ എല്ലാ സമൂഹങ്ങളും രാജ്യങ്ങളും കഴിഞ്ഞ നൂറുവര്‍ഷത്തിനുള്ളില്‍ ഗഹനമായ മാറ്റങ്ങള്‍ക്കു വിധേയമായി എന്നു മനസ്സിലാവും. സാമ്പത്തിക വളര്‍ച്ചയുടെയും അതിനോടനുബന്ധിച്ച സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളുടെയും കൂടി ചിത്രമാണ് കഴിഞ്ഞ രണ്ടുനൂറ്റാണ്ടുകളുടേത്.
വികസനം എന്നത് 1940കളുടെ അവസാനഭാഗത്ത് ഉയര്‍ന്നുവന്ന ഒരു രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ആശയമാണ്. രണ്ടാം ലോകയുദ്ധത്തിനു മുമ്പ് ഉണ്ടായിരുന്ന സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടില്‍നിന്നു വളരെ വ്യത്യസ്തമായിരുന്നു രണ്ടാം ലോകയുദ്ധത്തിനുശേഷം വളര്‍ന്നുവന്ന ആശയസഞ്ചയങ്ങള്‍. ഈ ആശയസഞ്ചയങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ഉണ്ടായ അധികാര-അധീശത്വ മാറ്റങ്ങളുടെ അടയാളപ്പെടുത്തലുംകൂടിയായിരുന്നു. ഇതില്‍ പ്രധാനമായ രണ്ട് ആശയങ്ങളായിരുന്നു വികസനവും മനുഷ്യാവകാശവും. രണ്ടാം ലോകയുദ്ധത്തിനു മുമ്പ് സാമൂഹികക്ഷേമത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ധാരണകളും ചര്‍ച്ചകളും ചില രാജ്യങ്ങള്‍ നയരൂപീകരണങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍, ലോകയുദ്ധത്തിനുശേഷമാണ് വികസനവും മനുഷ്യാവകാശങ്ങളും രണ്ടു പ്രധാന ഔദ്യോഗിക നയരൂപങ്ങളായി അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നുവന്നത്. ഈ അന്താരാഷ്ട്രനയങ്ങളുടെ പ്രധാന കാര്യക്കാരായി വന്നത് ഐക്യരാഷ്ട്രസംഘടനയും ഇന്റര്‍നാഷനല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡെവലപ്‌മെന്റ് എന്ന ലോക ബാങ്കും ആണ്. അങ്ങനെ സാമ്പത്തിക വികസനവും സാമൂഹിക വികസനവും മനുഷ്യാവകാശങ്ങളും ദേശീയ-അന്തര്‍ദേശീയ തലത്തില്‍ അധികാരസാധുതയുള്ള ആശയപ്രത്യയശാസ്ത്രമായി പരിണമിച്ചു. നമ്മള്‍ ചര്‍ച്ചചെയ്ത കേരള വികസന മാതൃകയും മറ്റും ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള ആശയരൂപങ്ങളുടെ പ്രാദേശിക മാറ്റൊലികള്‍ മാത്രമാണ്.
1987 മുതല്‍ ആണ് കേരളത്തില്‍ സാമ്പത്തിക വളര്‍ച്ച ഗണ്യമായ രീതിയില്‍ ഉണ്ടായിത്തുടങ്ങിയത്. ഇതിനു കാരണം, കാര്‍ഷിക സാമ്പത്തികതലത്തില്‍നിന്നും റെമിറ്റന്‍സ് സാമ്പത്തിക അവസ്ഥയിലേക്കുള്ള കേരളത്തിന്റെ ചുവടുമാറ്റമായിരുന്നു. 1980കള്‍ വരെ കേരളത്തിലെ സാധാരണക്കാരന് ഉണ്ടായിരുന്ന പ്രധാന വരുമാനമാര്‍ഗം കാര്‍ഷികവൃത്തിയും സര്‍ക്കാര്‍ജോലിയും പിന്നെ കേരളത്തിനു വെളിയില്‍ സര്‍ക്കാരിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്നവര്‍ അയച്ചുകൊടുത്ത മണിയോര്‍ഡര്‍ സാമ്പത്തികവും ആയിരുന്നു.
കേരളത്തിന്റെ 60 കൊല്ലത്തെ ചരിത്രത്തിന്റെ പ്രധാന ധാരകളില്‍ ഒന്ന് മലയാളിയുടെ പ്രവാസചരിത്രമാണ്. എന്നാല്‍, 1970കളിലും 1980കളിലും മലയാളികള്‍ കൂട്ടമായി ഗള്‍ഫ് നാടുകളിലും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലും പ്രവാസികളായതാണ് കേരള ചരിത്രത്തില്‍ പ്രധാനമായി അടയാളപ്പെടുത്തേണ്ട ഒരു സംഭവവികാസം. കേരളത്തിന്റെ കഴിഞ്ഞ 60 കൊല്ലത്തെ ചരിത്രം മലയാളികളുടെ പ്രവാസചരിത്രത്തില്‍നിന്നു മാറി കാണാനാവില്ല. കാരണം, കേരളത്തിലെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവാസികളുടെ പ്രഭാവം ഇല്ലാത്ത ഒരു മേഖലയുമില്ല. അറുപതുകള്‍ക്കുശേഷം കേരളം കണ്ട പ്രധാന എഴുത്തുകാരും സാമ്പത്തികവിദഗ്ധരും മറ്റു വിദഗ്ധരും പ്രവാസചരിത്രത്തിന്റെയും കൂടി ഭാഗമാണ്. എന്നാല്‍, 1980 മുതലുണ്ടായ ഗള്‍ഫ് കുടിയേറ്റവും അതേത്തുടര്‍ന്ന് ഉണ്ടായ റെമിറ്റന്‍സ് സാമ്പത്തികവ്യവസ്ഥയും കേരളത്തിന്റെ സമസ്ത മേഖലകളെയും മാറ്റിമറിച്ചു. കേരളത്തിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ വിപ്ലവങ്ങളില്‍ ഒന്നാണ് മലയാളി പ്രവാസവിപ്ലവം. അതു കേരളത്തിലെ കാര്‍ഷിക, സാമ്പത്തിക, വ്യാപാര, വ്യവസായ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളെ സമൂല മാറ്റത്തിനു വിധേയമാക്കി. അതു മലയാളിയെയും മാധ്യമങ്ങളെയും ഉപഭോഗത്തെയും വലിയതോതില്‍ മാറ്റി. അത് പള്ളികളെയും അമ്പലങ്ങളെയും മാറ്റിമറിച്ചു. അതു കേരളത്തിലെ സമൂഹത്തില്‍ സമൂല പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കി. പ്രവാസി കൈവയ്ക്കാത്ത ഒരു മേഖലയും ഇന്നു കേരളത്തില്‍ ഇല്ല.
ഇന്നു കേരളത്തിലെ സമ്പദ്‌വ്യവസ്ഥയില്‍ ഏതാണ്ടു മൂന്നിലൊന്നാണ് പ്രവാസികളുടെ സാമ്പത്തിക പങ്കെങ്കിലും അതിലും എത്രയോ വലിയ മടങ്ങാണ് പ്രവാസി പ്രതിഭാസത്തില്‍നിന്നുണ്ടായ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മാറ്റം. കേരളത്തിനു വെളിയില്‍ താമസിക്കുന്നവര്‍ 10 തൊട്ട് 15 ശതമാനം മാത്രമാണെങ്കിലും അവരുടെ കേരളത്തിലെ കുടുംബ നെറ്റ്‌വര്‍ക്ക് കൂടി ഗണിക്കുകയാണെങ്കില്‍ ഏതാണ്ട് 50 ശതമാനം ആളുകള്‍ പ്രവാസി സമ്പദ്‌വ്യവസ്ഥയുടെ നേരിട്ട ഗുണഭോക്താക്കളാണ്. പക്ഷേ, അതിന്റെ സാമൂഹികപ്രഭാവം കേരളത്തിലെ 90 ശതമാനം ദേശവാസികളിലും ഉണ്ട്. പ്രവാസി സാമ്പത്തിക-സാമൂഹിക പ്രഭാവം കേരളത്തിലെ സമസ്ത മേഖലയെയും സമൂലം മാറ്റി.
തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രവാസി സാമ്പത്തികത്തെക്കുറിച്ച് ചില നല്ല ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പ്രവാസി സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക വിപ്ലവങ്ങളെക്കുറിച്ച് ഗഹനമായ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമുണ്ട്. കേരളത്തില്‍ വിദ്യാഭ്യാസമേഖലയെയും ആരോഗ്യമേഖലയെയും കാര്‍ഷികമേഖലയെയും സമൂല മാറ്റത്തിന് വിധേയമാക്കിയതില്‍ പ്രവാസി സാമ്പത്തികവ്യവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. കേരളത്തില്‍ ഇന്നു നാം നേരിടുന്ന സാമൂഹിക പ്രതിസന്ധികളും ഇതിനോട് ചേര്‍ത്തുവച്ച് വായിക്കേണ്ടതുണ്ട്.
എല്ലാ സമൂഹങ്ങളിലും സാമ്പത്തിക വളര്‍ച്ച സാമൂഹിക മാറ്റങ്ങള്‍ ഉണ്ടാക്കും. സാമ്പത്തിക ശാക്തീകരണം വ്യക്തികളെയും സമൂഹത്തെയും പല രീതിയില്‍ ബാധിക്കും. എന്നാല്‍, എല്ലാ സമൂഹങ്ങളുടെയും അടിയൊഴുക്കുകള്‍ ഒരുപോലെ ആയിരിക്കില്ല. സാമ്പത്തിക വളര്‍ച്ച അമേരിക്കയിലും യൂറോപ്പിലും വ്യക്തിനിഷ്ഠ സാമൂഹികമാറ്റത്തിനു വഴിവച്ചിട്ടുണ്ട്. ഒരു തലത്തില്‍ കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥ മറ്റുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യാമെങ്കിലും കേരളത്തിലെ മാറ്റങ്ങളെ കേരളചരിത്രത്തിന്റെയും പ്രവാസി വിപ്ലവത്തിന്റെയും കൂടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഇന്നു കേരളം ഒരു രോഗാതുരമായ സമൂഹമായിക്കൊണ്ടിരിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഗവേഷണവും പൊതുചര്‍ച്ചയും ആവശ്യമാണ്. സാമൂഹിക പരിവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നത് പലവിധത്തിലാണ്. കേരളത്തില്‍ സാമൂഹികരംഗത്ത് തിരുത്തല്‍പ്രസ്ഥാനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
അറുപതുകളിലെയും എഴുപതുകളിലെയും സംഘടനാരൂപങ്ങള്‍ക്കോ സാമൂഹിക കാഴ്ചപ്പാടുകള്‍ക്കോ പ്രസക്തിയില്ലാതായിക്കൊണ്ടിരിക്കുകയാണ്. പഴയ കേരള വികസനമാതൃക 1990കളോടെ അസ്തമിച്ചു. ഇവിടത്തെ രാഷ്ട്രീയപ്പാര്‍ട്ടികളെ നയിക്കുന്നവര്‍ ഏറെയും 70 കഴിഞ്ഞ നേതാക്കളാണ്. അവര്‍ വളര്‍ന്നുവന്ന 1960-70 കാലഘട്ടത്തില്‍ ഉണ്ടായിരുന്ന അവസ്ഥയില്‍നിന്നു വളരെ അകലെയാണ് ഇന്നത്തെ കേരളം. കേരളത്തില്‍ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കുഴമറിച്ചിലുകളും സാമൂഹിക-സാമ്പത്തിക വൈരുധ്യങ്ങളും ഒരു വഴിമാറ്റത്തിന്റെ നാന്ദിയാണ്. ആ വഴിമാറ്റം ഏതു ദിശയിലാവണം എന്നതിനെക്കുറിച്ച് പുതിയ ചര്‍ച്ചകളും കാഴ്ചപ്പാടുകളും തിരുത്തല്‍പ്രസ്ഥാനങ്ങളും ഉണ്ടാവേണ്ടതുണ്ട്.
പുതിയ പ്രശ്‌നങ്ങള്‍ക്ക് പഴയ പരിഹാരക്രിയകള്‍ പാകമാവില്ല. പഴയ മുദ്രാവാക്യങ്ങളും പഴയ ചിഹ്നങ്ങളും ഗൃഹാതുരത്വം ഉണ്ടാക്കുമെങ്കിലും പുതിയ അവസ്ഥയില്‍ അതിനു പ്രസക്തിയില്ല എന്നതാണു വാസ്തവം. മാറ്റങ്ങള്‍ അനിവാര്യമാണ്. പക്ഷേ, മാറ്റങ്ങളെ എങ്ങനെ ഒരു നൈതിക ദര്‍ശനത്തോടെ, ദിശാബോധത്തോടു കൂടി പാകപ്പെടുത്താം എന്നതാണ് നാം അന്വേഷിക്കേണ്ട ചോദ്യം.
Next Story

RELATED STORIES

Share it