കേരളത്തെ വാനോളം പുകഴ്ത്തി അമിത്ഷാ

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തെ സോമാലിയയോട് ഉപമിച്ചുള്ള വിവാദ പ്രസ്താവനയെ പ്രതിരോധിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ശ്രമം. ലോക നിലവാരമുള്ള യുവാക്കളാണ് കേരളത്തിലേതെന്നു പ്രശംസിച്ച അമിത്ഷാ കേരളത്തെ പ്രകൃതിയുടെ വരദാനമാണെന്നും വിശേഷിപ്പിച്ചു. വിദ്യാസമ്പന്നരായ ജനത, സാംസ്‌കാരിക പാരമ്പര്യം തുടങ്ങി നിരവധി പ്രശംസകള്‍ ചൊരിഞ്ഞ അദ്ദേഹം പ്രസംഗത്തിന്റെ കൂടുതല്‍ സമയവും കേരളത്തെ പുകഴ്ത്താന്‍ മാറ്റിവച്ചു.
ലോകനിലവാരമുള്ള യുവാക്കളാണ് കേരളത്തിലേത്. എന്നാല്‍, അവര്‍ക്ക് ഇവിടെ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ യുഡിഎഫിനും എല്‍ഡിഎഫിനുമായില്ല. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും വാഗ്ഭടാനന്ദനും തുടങ്ങിവച്ച സാമൂഹിക നവോത്ഥാനത്തെ പിന്നീടുവന്ന യുഡിഎഫ്, എല്‍ഡിഎഫ് ഭരണങ്ങള്‍ നശിപ്പിച്ചുകളഞ്ഞു. കേരളത്തില്‍ പിന്നാക്ക വിഭാഗങ്ങളെ കൂടുതല്‍ അകറ്റിനിര്‍ത്തി ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടു.
ശ്രീനാരായണ ഗുരുദേവന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ പാരമ്പര്യത്തെ തിരിച്ചുപിടിക്കാന്‍ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തണമെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി. സോണിയാഗാന്ധിയുടെ വൈകാരിക പ്രകടനങ്ങളെ അമിത്ഷാ രൂക്ഷമായി വിമര്‍ശിച്ചു. പത്തുവര്‍ഷം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പന്ത്രണ്ട് ലക്ഷം കോടിയുടെ അഴിമതി നടന്നപ്പോള്‍ സോണിയയുടെ ദേശസ്‌നേഹം എവിടെയായിരുന്നു. ആകാശത്തും ഭൂമിയിലും കടലിലും പാതാളത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതി നടത്തിയപ്പോള്‍ സോണിയാഗാന്ധിയുടെ ദേശപ്രേമം എവിടെയായിരുന്നുവെന്നും അമിത്ഷാ ചോദിച്ചു.
Next Story

RELATED STORIES

Share it