കേരളത്തെ ആക്ഷേപിച്ച് ആര്‍എസ്എസ് മുഖപത്രം: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി മുസ്‌ലിം ലീഗിന്റെ ഇസ്‌ലാമിക ഭരണം നടപ്പായത് കേരളത്തില്‍

ന്യൂഡല്‍ഹി: കേരളത്തെ ആക്ഷേപിച്ച് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. കേരളം ദൈവത്തിന്റെ സ്വന്തം നാടോ, ദൈവമില്ലാത്തവരുടെ നാടോ എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ കേരളത്തിലെ ഹിന്ദു സമൂഹത്തെയും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളെയും ശക്തമായി വിമര്‍ശിക്കുന്നുണ്ട്.
ദൈവികതയുടെ പൊതുബോധം എന്നു വിളിക്കാവുന്ന ഒന്നും കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ ഇല്ലെന്നാണ് ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെ പറയുന്നത്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍മൂലം നിരീശ്വരവാദവും കമ്മ്യൂണിസത്തിന്റെ ഹിംസാത്മക പ്രത്യായ ശാസ്ത്രവും സംസ്ഥാനത്തിന്റെ എല്ലാ പ്രദേശത്തും എത്തിയിട്ടുണ്ട്.
പശുവിറച്ചി വിളമ്പുന്നുണ്ടെന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലിസ് നിയമവിരുദ്ധമായി കേരള ഹൗസില്‍ നടത്തിയ റെയ്ഡിനെ പിന്തുണക്കുന്ന ഓര്‍ഗനൈസര്‍, കേരളത്തിലെ ഹിന്ദുക്കളെ വിമര്‍ശിക്കുന്നുണ്ട്.
വി എസ് അച്യുതാനന്ദന്റെ ചില പ്രസ്താവനകള്‍ ഉദ്ധരിച്ചാണ് ലേഖനം തുടരുന്നത്. മുല്ലമാരെയും മദ്‌റസാധ്യാപകരെയും അച്യുതാനന്ദന്‍ സര്‍ക്കാര്‍ ശമ്പള വ്യവസ്ഥയില്‍ കൊണ്ടുവന്നുവെന്ന് ലേഖനം ആരോപിക്കുന്നുണ്ട്.
കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം സൗദി അറേബ്യയുടെ ചെറു പതിപ്പാണ്. ഇവിടെ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക ആചാരങ്ങളും അജണ്ടകളും അനുസരിച്ച് ആരുടെയും ശല്യമില്ലാതെ കഴിയാം. സൗദിയിലെ ധനികരായ അറബികളുടെ ഫണ്ട് സ്വീകരിക്കാം. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി മുസ്‌ലിം ലീഗിന്റെ ഇസ്‌ലാമിക ഭരണം നടപ്പായത് കേരളത്തിലാണ്. തീവ്ര മതമൗലികവാദിയായ സിഎച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തിലായിരുന്നു ഇത്.
കേരളത്തിലെ ബിന്‍ ലാദന്‍ എന്നാണ് ലേഖനം അബ്ദുല്‍ നാസര്‍ മഅ്ദനിയെ വിശേഷിപ്പിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം സുരേന്ദ്രനാഥന്‍ എന്ന അഭിഭാഷകനാണ് ലേഖനം എഴുതിയിരിക്കുന്നത്.
Next Story

RELATED STORIES

Share it