കേരളത്തെക്കുറിച്ച് അപകീര്‍ത്തി പരമായ ലേഖനം; ആര്‍എസ്എസ് മുഖപത്രത്തിന് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: കേരളത്തെ അപകീര്‍ത്തിപ്പെടുത്തി ലേഖനം പ്രസിദ്ധീകരിച്ചതിന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന് കാരണം കാണിക്കല്‍ നോട്ടീസ്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. അഭിഭാഷകനായ എം എസ് വിഷ്ണു ശങ്കര്‍ മുഖേന ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ പി നിധീഷ് സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് പ്രസ് കൗണ്‍സില്‍ നോട്ടീസ് അയച്ചത്.

ഓര്‍ഗനൈസറിന്റെ പത്രാധിപര്‍ പ്രഫുല്ല കേത്കര്‍, ജനറല്‍ മാനേജര്‍ ജിതേന്ദ്ര മെഹ്ത, എം സുരേന്ദ്രനാഥന്‍ എന്നിവര്‍ക്കാണ് പ്രസ് കൗണ്‍സില്‍ ആക്ടിലെ സെക്ഷന്‍ 20 (3) പ്രകാരം നോട്ടീസ് അയച്ചിരിക്കുന്നത്. നവംബര്‍ 15ന് പുറത്തിറങ്ങിയ ലക്കത്തിലാണ് വിവാദ ലേഖനം പ്രസിദ്ധീകരിച്ചത്. ദൈവത്തിന്റെ സ്വന്തം നാടോ, അതോ ദൈവമില്ലാത്തവരുടെ നാടോ എന്ന തലക്കെട്ടില്‍ എം സുരേന്ദ്രനാഥന്‍ എഴുതിയ ലേഖനം കേരളത്തെ കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം സൗദി അറേബ്യയുടെ ചെറുപതിപ്പാണ്. ഇവിടെ മുസ്‌ലീങ്ങള്‍ക്ക് ഇസ്‌ലാമിക ആചാരങ്ങളും അജണ്ടകളും അനുസരിച്ച് കഴിയാം. സൗദിയിലെ ധനികരായ അറബികളുടെ ഫണ്ട് സ്വീകരിക്കാം തുടങ്ങിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ലേഖനത്തില്‍ പറയുന്നത്. രാഷ്ട്രീയ കൊലപാതകവും ഏറ്റവും കൂടുതല്‍ മാനസികരോഗ ആശുപത്രികളും ഉള്ള സംസ്ഥാനമാണ് കേരളമെന്നാണ് ലേഖനത്തില്‍ പറയുന്നത്. എന്നാല്‍, ഇത് വസ്തുതാപരമായ പിഴവാണെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നതും വിവാഹ മോചനം സംഭവിച്ചതും മഹാരാഷ്ട്രയില്‍ ആണെന്നും രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് ആന്ധ്രപ്രദേശില്‍ ആണെന്നുമുള്ള കണക്കുകള്‍ സഹിതമാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. വിവാഹം കൂടാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു കഴിയുന്ന ലിവിങ് ടുഗതര്‍ കേരളത്തില്‍ വ്യാപകം ആണെന്ന് ലേഖനത്തില്‍ ഉണ്ട്. കേരളത്തിലെ മുസ്‌ലിം മതസ്ഥര്‍ ദേശവിരുദ്ധര്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന ലേഖനം ഹിന്ദുത്വത്തിന്റെ പേരില്‍ വര്‍ഗീയ വികാരം കുത്തി ഇളക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് നേരെ സംഘപരിവാരം നടത്തുന്ന യുദ്ധപ്രഖ്യാപനം ആണെന്നും പരാതിയില്‍ വ്യക്തമാകുന്നുണ്ട്. ഓര്‍ഗനൈസറിനെതിരെ നടപെടിയെടുക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
Next Story

RELATED STORIES

Share it