കേരളത്തില്‍ സ്ത്രീകളും ദലിതുകളും ഭീതിയില്‍: വൃന്ദ കാരാട്ട്

ആലപ്പുഴ: കേരളത്തില്‍ സ്ത്രീകളും ദലിതുകളും ഭീതിയില്‍ കഴിയുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ ജനസമക്ഷം മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജിഷ വധക്കേസില്‍ രണ്ടാഴ്ച പിന്നിട്ടിട്ടും കൊലയാളിയെ പിടികൂടാന്‍ പോലിസിനു കഴിഞ്ഞിട്ടില്ല. ഇവര്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ സംരക്ഷണം നല്‍കുമെന്നും അവര്‍ ചോദിച്ചു. ആറ് ദിവസം സംഭവം മൂടിവയ്ക്കാനാണ് പോലിസ് ശ്രമിച്ചത്. ഇത് ആഭ്യന്തരമന്ത്രിക്കും പോലിസിനും നാണക്കേടാണ്. ആഭ്യന്തരമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ ആറ് മാസം മുമ്പു നടന്ന ജലജ വധക്കേസിലും തുമ്പുണ്ടാക്കാനായിട്ടില്ല.
കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളികളെ കളിയാക്കുകയാണ്. പോമോനേ മോദീ എന്നാണ് അദ്ദേഹത്തോടു പറയാനുള്ളത്. മോദി ഭരിച്ച ഗുജറാത്തിനെക്കാളും കേരളം പത്ത് വര്‍ഷം മുമ്പിലാണ്. യുഎന്‍ കണക്കനുസരിച്ച് ദാരിദ്യ രേഖയില്‍ ആഫ്രിക്കന്‍ ദരിദ്ര രാജ്യമായ എത്യോപ്യയേക്കാള്‍ പിന്നിലാണ് ഗുജറാത്ത്. കാര്യങ്ങള്‍ പറയുന്നതിനു മുമ്പ് മോഡി ഗൃഹപാഠം ചെയ്യണം.
കേരളത്തില്‍ ഇടത് അനുകൂല കാറ്റ് ആഞ്ഞുവീശുകയാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വരും. സംസ്ഥാനത്തെ ചില സീറ്റുകളില്‍ കോണ്‍ഗ്രസ്- ബിജെപി ധാരണയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഇത് എന്‍ഡിഎ സഖ്യത്തിന് കേരളത്തില്‍ ഗുണം ചെയ്യില്ല. പ്രവീണ്‍ തൊഗാഡിയ കേരളത്തില്‍വന്ന് വര്‍ഗീയ പ്രസംഗം നടത്തിയപ്പോള്‍ ഇതിനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ കേസ് പിന്‍വലിച്ചത് എന്തിനായിരുന്നുവെന്നും അവര്‍ ചോദിച്ചു. ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടക്കമിട്ട കേരള മോഡലാണ് സംസ്ഥാനത്തിന്റെ വികസനത്തിന് ആധാരമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it