thiruvananthapuram local

കേരളത്തില്‍ സിനിമാ ലൊക്കേഷനുകള്‍ക്ക് അനന്തസാധ്യത: രാജമൗലി

തിരുവനന്തപുരം: ക്യാമറ എവിടേക്ക് തിരിച്ചാലും മനസ്സില്‍ നിന്നു മായാത്ത പച്ചപ്പാര്‍ന്ന പശ്ചാത്തലങ്ങളുള്ള കേരളത്തില്‍ സിനിമാ ലൊക്കേഷനുകള്‍ക്ക് അനന്തസാധ്യതയുണ്ടെന്ന് ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമൗലി. ടൂറിസം വകുപ്പ് കോവളം ലീല ഹോട്ടലില്‍ സംഘടിപ്പിച്ച 'കേരള ഡെസ്റ്റിനേഷന്‍ ഫോര്‍ വെഡിങ്‌സ് ആന്‍ഡ് ഫിലിംസ്' പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1980കളില്‍ ചെന്നൈയില്‍ നിന്നും ശബരിമലയിലേക്കുള്ള തീവണ്ടിയാത്രക്കിടെയാണ് കേരളം ഹൃദയത്തില്‍ ഇടം നേടിയത്. അന്നുമുതല്‍ കഥയെഴുതിക്കഴിയുമ്പോള്‍ കേരളത്തിന്റെ പച്ചപ്പും ജലാശയങ്ങളും ചിത്രത്തിന് അനുയാജ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെയാണ് രണ്ടാമത്തെ ചിത്രമായ സിംഹാദ്രിയില്‍ തിരുവനന്തപുരവും, സായിയില്‍ മൂന്നാറും ബാഹുബലിയില്‍ അതിരപ്പള്ളിയും ഉള്‍പ്പെടുത്തിയത്. പല ചിത്രങ്ങളിലും അതിരപ്പള്ളി വെള്ളച്ചാട്ടത്തെ കാല്‍പനിക പശ്ചാത്തലമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ രൗദ്രഭാവമാണ് തന്നെ ആകര്‍ഷിച്ചതെന്ന് രൗജമൗലി പറഞ്ഞു.പുരസ്‌കാരങ്ങളോട് ഒട്ടും ആഭിമുഖ്യമില്ല. പുരസ്‌കാരദാന ചടങ്ങുകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാറുണ്ട്. എന്നാല്‍ തന്റെ ചിത്രങ്ങളിലെ ടെക്‌നീഷ്യന്‍മാരെ സംബന്ധിച്ചിടത്തോളം അവര്‍ക്കൊരു പ്രോല്‍സാഹനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍ നാഷനല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡിനായി ബാഹുബലിയെ നോമിനേറ്റ് ചെയ്തതിനോടുള്ള പ്രതികരണമാരാഞ്ഞപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവളം ലീലാഹോട്ടല്‍ വേദിയായ ഹൈദരാബാദിലെ പ്രശസ്ത അസ്ഥിരോഗ വിഗധന്‍ ഡോ. എ വി ഗുരുവ റെഡ്ഡിയുടെ മകളുടെ വിവാഹത്തിനോടനുബന്ധിച്ചായിരുന്നു രാജമൗലി തലസ്ഥാനത്ത് എത്തിയത്.
Next Story

RELATED STORIES

Share it