കേരളത്തില്‍ വോട്ട് ചെയ്യുന്ന ആദ്യഗവര്‍ണറായി പി സദാശിവം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണര്‍ കേരളത്തില്‍ വോട്ട് രേഖപ്പെടുത്തി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് കേരളത്തില്‍ വോട്ട് ചെയ്ത് ചരിത്രത്തില്‍ ഇടം നേടിയ ഗവര്‍ണറായത്. പത്‌നി സരസ്വതി സദാശിവവുമായി ഒരുമിച്ചെത്തിയാണ് ഗവര്‍ണര്‍ വോട്ട് രേഖപ്പെടുത്തിയത്. രാജ്ഭവന്‍ സ്ഥിതിചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 68ാം നമ്പര്‍ ബൂത്തായ ജവഹര്‍നഗര്‍ ഗവ. എല്‍ പിഎസ് ആന്റ് നഴ്‌സറി സ്‌കൂളിലാണ് ഗവര്‍ണറും പത്‌നിയും വോട്ട് ചെയ്തത്. രാവിലെ 8.30ഓടെ അദ്ദേഹം ബൂത്തിലെത്തി.
ഗവര്‍ണര്‍ എത്തുമ്പോള്‍ ബൂത്തില്‍ നല്ല തിരക്കുണ്ടായിരുന്നു. ഗവര്‍ണര്‍ക്കുള്ള പ്രത്യേക അവകാശം ഉപയോഗിക്കാതെ ക്യൂ നിന്നാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. ബൂത്തിലെ 1267ാം ക്രമനമ്പരായാണ് ഗവര്‍ണറുടെ പേരുള്ളത്.
സംസ്ഥാനത്തിന്റെ പ്രഥമപൗരനെന്ന നിലയില്‍ താന്‍ കടമ നിര്‍വഹിച്ച് മാതൃക കാണിച്ചുവെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. വോട്ടവകാശമുള്ള എല്ലാ പൗരന്മാരും വോട്ട് ചെയ്യണമെന്നും എങ്കില്‍ മാത്രമേ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. സാധാരണ ഗവര്‍ണര്‍മാര്‍ സ്വന്തം സംസ്ഥാനങ്ങളിലാണ് വോട്ട് രേഖപ്പെടുത്താറുള്ളത്. ഗവര്‍ണര്‍ സദാശിവത്തിന്റെയും ഭാര്യയുടെയും വോട്ട് തമിഴ്‌നാട്ടിലായിരുന്നു. എന്നാല്‍, ഇവിടെ വോട്ട് ചെയ്യുന്നതിനായി രാജ്ഭവന്‍ വിലാസമാക്കി ഗവര്‍ണര്‍ ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുകയായിരുന്നു. കെ മുരളീധരനും ടി എന്‍ സീമയും കുമ്മനം രാജശേഖരനും സ്ഥാനാര്‍ത്ഥികളായുള്ള വട്ടിയൂര്‍ക്കാവില്‍ ശക്തമായ മല്‍സരമാണ്.
Next Story

RELATED STORIES

Share it