കേരളത്തില്‍ വികസനത്തിന് ഭരണത്തുടര്‍ച്ച വേണം: ഹൈദരലി ശിഹാബ് തങ്ങള്‍

മഞ്ചേശ്വരം: കേരളത്തില്‍ ഭരണത്തുടര്‍ച്ചയ്ക്ക് യുഡിഎഫ് ഐക്യത്തോടെ മുന്നേറണമെന്നും വികസനത്തിന് ഭരണത്തുടര്‍ച്ച അനിവാര്യമാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മഞ്ചേശ്വരം ഹൊസങ്കടിയില്‍ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സമാധാനം ആഗ്രഹിക്കുന്നവരും ഫാഷിസ്റ്റ് അക്രമങ്ങള്‍ക്ക് ഇരകളാവുന്നു. ഐഎസ് പോലുള്ള ഭീകരസംഘടനകള്‍ നടത്തുന്ന അക്രമങ്ങള്‍ അപലപനീയമാണ്. മറ്റു സമൂഹങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിനെ താറടിച്ചുകാണിക്കാന്‍ മാത്രമെ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം ഉപകരിക്കുകയുള്ളൂ.
കേരളത്തില്‍ ആര്‍എസ്എസും സിപിഎമ്മും അക്രമം അഴിച്ചുവിടുകയാണ്. സമാധാനപരമായ ജീവിതമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതിനെതിരേ വരുന്ന ഏതു നീക്കത്തെയും ചെറുത്തുതോല്‍പ്പിക്കേണ്ടത് മതേതര വിശ്വാസികളുടെ കടമയാണ്. രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള നീക്കമാണു നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫാഷിസ്റ്റുകള്‍ക്ക് അധികാരം ലഭിച്ചതോടെ ഇത്തരം ശക്തികള്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ദലിത് വിദ്യാര്‍ഥികള്‍ക്ക് നീതി നിഷേധിക്കപ്പെട്ട സാഹചര്യമാണ് രാജ്യത്തുള്ളത്. അലിഗഡ്, ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റികളുടെ ന്യൂനപക്ഷ പദവി എടുത്തുകളയാനാണ് നീക്കം നടക്കുന്നത്. ഭരണഘടനയെ പൊളിച്ചെഴുതാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മതേതര ശക്തികളുടെ ചേരിതിരിവാണ് താല്‍ക്കാലികമായെങ്കിലും ഫാഷിസ്റ്റുകള്‍ക്ക് ഭരണത്തിലെത്താന്‍ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it