കേരളത്തില്‍ മൂന്നിടങ്ങളില്‍ ആധുനിക റെയില്‍വേ സൗകര്യങ്ങളുടെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പുതുതായി സ്ഥാപിച്ച ട്രെയിന്‍ സമയവിവരം നല്‍കുന്ന എല്‍ഇഡി ഡിസ്‌പ്ലേ, വാഹന കേന്ദ്രപാര്‍ക്കിങ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം വൈകീട്ട് നാലിന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നിര്‍വഹിക്കുക.
കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപനം, എറണാകുളം ടൗണ്‍ സ്റ്റേഷനിലെ സസ്യഭോജനശാലയുടെ ഉദ്ഘാടനം, എറണാകുളം ജങ്ഷന്‍ സ്‌റ്റേഷനില്‍ പുതുതായി നിര്‍മിച്ച സോളിഡ് സ്‌റ്റേറ്റ് ഇന്റര്‍ലോക്കിങ് സംവിധാനം എന്നിവയുടെ സമര്‍പ്പണവും കേന്ദ്ര റെയില്‍വേ മന്ത്രി നിര്‍വഹിക്കും.
ഇതോടൊപ്പം പാലക്കാടിനും പൊള്ളാച്ചിക്കും ഇടയില്‍ പുതുതായി നിര്‍മിച്ച ബ്രോഡ്‌ഗേജ് പാത രാഷ്ട്രത്തിന് സമര്‍പ്പിക്കല്‍, പാലക്കാട് ജങ്ഷന്‍ സ്റ്റേഷനില്‍ എസ്‌കലേറ്ററിന്റെ ഉദ്ഘാടനം, ലിഫ്റ്റുകളുടെ സമര്‍പ്പണം എന്നിവയും വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിക്കും.
തിരുവനന്തപുരം സെന്‍ട്രലിലെ പുതിയ പ്രീപെയ്ഡ് ടാക്‌സി സംവിധാനം, കുടുംബശ്രീയുടെ മേല്‍നോട്ടത്തിലുള്ള പാര്‍ക്കിങ് സംവിധാനം, പ്രീമിയം പാര്‍ക്കിങ്, പുതിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് എന്നിവയും ഉദ്ഘാടനം ചെയ്യും. പുതിയ റണ്ണിംഗ് റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപനം, നവീകരിച്ച ബുക്കിങ് ഓഫിസിന്റെ സമര്‍പ്പണം എന്നിവയും ഇതോടൊപ്പം നടക്കും.
Next Story

RELATED STORIES

Share it