Flash News

കേരളത്തില്‍ മല്‍സ്യലഭ്യത 16 ശതമാനം കുറഞ്ഞു; മത്തിയുടെ ലഭ്യതയില്‍ വന്‍ കുറവെന്ന് പഠനം

കേരളത്തില്‍ മല്‍സ്യലഭ്യത  16 ശതമാനം കുറഞ്ഞു; മത്തിയുടെ ലഭ്യതയില്‍ വന്‍ കുറവെന്ന് പഠനം
X
fishermen

കൊച്ചി: കേരള തീരത്തു മല്‍സ്യലഭ്യതയില്‍ വന്‍ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്നതായി കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്രത്തിന്റെ (സിഎംഎഫ്ആര്‍ഐ) സ്ഥിതിവിവര കണക്കുകള്‍. പോയ വര്‍ഷം ഇന്ത്യന്‍ സമുദ്രതീരത്ത് മല്‍സ്യസമ്പത്തില്‍ 5.3 ശതമാനം കുറവു സംഭവിച്ചപ്പോള്‍ കേരള തീരത്ത് 16 ശതമാനത്തിന്റെ കുറവ് സംഭവിച്ചതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തിലെ 2014ലെ മൊത്ത മല്‍സ്യലഭ്യത 5.76 ലക്ഷം ടണ്‍ ആയിരുന്നു. എന്നാല്‍, 2015ല്‍ അത് 16 ശതമാനം കുറഞ്ഞ് 4.82 ലക്ഷം ടണ്‍ ആയി.
മല്‍സ്യലഭ്യതയില്‍ ഗുജറാത്തിനും തമിഴ്‌നാടിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കേരളത്തിലെ മല്‍സ്യലഭ്യത കുറഞ്ഞുവരുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2014ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം കുറഞ്ഞിരുന്നു. കേരളത്തിലെ മല്‍സ്യസമ്പത്തിന്റെ മുഖ്യ ഇനമായ മത്തിയുടെ ലഭ്യതയില്‍ വന്ന വന്‍ കുറവാണ് സംസ്ഥാനത്തിന്റെ മൊത്ത മല്‍സ്യലഭ്യതയെ പ്രതികൂലമായി ബാധിച്ചത്. 2015ല്‍ കേരളത്തിന്റെ മല്‍സ്യലഭ്യതയില്‍ മത്തിയേക്കാള്‍ കൂടുതല്‍ ലഭിച്ചത് അയലയാണ്. 1994, 1995, 1996 എന്നീ വര്‍ഷങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ 1961നു ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. മല്‍സ്യമേഖലയ്ക്കാകെ ഇത് ഭീഷണിയാണെന്ന് റിപോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് സിഎംഎഫ് ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
[related]രാജ്യത്താകമാനം മത്തിയുടെ ലഭ്യതയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 51 ശതമാനം കുറവ് കണ്ടെത്തി. 2014ല്‍ ലഭിച്ചതിനേക്കാള്‍ 2.79 ലക്ഷം ടണ്‍ കുറവ്. കഴിഞ്ഞ വര്‍ഷം മത്തിയുടെ മൊത്തം ലഭ്യത 5.45 ലക്ഷം ആയിരുന്നപ്പോള്‍ ഇത്തവണ അത് 2.66 ലക്ഷമായി കുറഞ്ഞു. ഇന്ത്യയുടെ മൊത്തം മല്‍സ്യലഭ്യതയില്‍ മത്തിയുടെ പങ്ക് ഇത്തവണ എട്ടു ശതമാനമായി ചുരുങ്ങി.
കഴിഞ്ഞ തവണ ഇത് 15 ശതമാനമായിരുന്നു. 2014ല്‍ രാജ്യത്ത് മൊത്തം 3.59 ദശലക്ഷം ടണ്‍ മീന്‍ ലഭിച്ചപ്പോള്‍ 2015ല്‍ അത് 3.40 ദശലക്ഷം ടണ്‍ ആയി കുറഞ്ഞു. മല്‍സ്യലഭ്യതയില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് 7.21 ലക്ഷം ടണ്‍ മല്‍സ്യമാണ് ഇത്തവണ പിടിച്ചത്. ഇത് രാജ്യത്ത് മൊത്തമായി പിടിച്ച മല്‍സ്യത്തിന്റെ 21.2 ശതമാനം വരും. 7.09 ലക്ഷം ടണ്‍ മല്‍സ്യമാണ് തമിഴ്‌നാട് പിടിച്ചിട്ടുള്ളത്. മല്‍സ്യലഭ്യതയി ല്‍ കുറവ് വന്നെങ്കിലും മല്‍സ്യത്തിന്റെ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ലാന്‍ഡിങ് സെന്ററുകളില്‍ 40,100 കോടി രൂപയാണ് 2015ലെ മൊത്തം മൂല്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26.3 ശതമാനം വര്‍ധനവാണ് വിലയില്‍ ഉണ്ടായത്.
ചില്ലറ വില്‍പന മേഖലയിലെ മൂല്യത്തില്‍ 24.28 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മൊത്തം മൂല്യം 65,180 കോടി രൂപയാണ.് ഒരു കിലോ മല്‍സ്യത്തിന്റെ ശരാശരി മൂല്യം ലാന്‍ഡിങ് സെന്ററുകളില്‍ 118 രൂപയും ചില്ലറ വില്‍പന മേഖലയില്‍ 191 രൂപയുമാണ.് യഥാക്രമം 32.8 ശതമാനത്തിന്റെയും 30.80 ശതമാനത്തിന്റെയും വര്‍ധനവ്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ വിപണി മൂല്യം രേഖപ്പെടുത്തിയത്. ലാന്‍ഡിങ് സെന്ററുകളില്‍ 36.42 ശതമാന—വും ചില്ലറ വില്‍പന മേഖലയില്‍ 33.50 ശതമാനവും വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സംസ്ഥാനത്ത് മല്‍സ്യവിലയിലുണ്ടായത്.
പശ്ചിമ ബംഗാളില്‍ 1.18 ലക്ഷം ടണ്‍, ഒഡീഷയില്‍ 1.41 ലക്ഷം ടണ്‍, ആന്ധ്രയില്‍ 2.95 ലക്ഷം ടണ്‍, പുതുച്ചേരിയില്‍ 79,148 ടണ്‍, കര്‍ണാടകയില്‍ 4.43 ലക്ഷം ടണ്‍, ഗോവയില്‍ 68,561 ടണ്‍ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മല്‍സ്യലഭ്യതയുടെ കണക്ക്. മത്തിയുടെ ലഭ്യത കുറഞ്ഞതിന് പിന്നില്‍ ആഗോളതാപനം മുതല്‍ ആഴക്കടല്‍ മല്‍സ്യബന്ധനം വരെയുള്ള കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്‍നിനോ പ്രതിഭാസം മൂലം കടലിന്റെ അടിത്തട്ടിലെ താപനില ഉയര്‍ന്നത് മത്തിയുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. കടലിന്റെ അടിത്തട്ട് അരിച്ച് കോരുന്ന തരത്തിലുള്ള വലകള്‍ ഉപയോഗിച്ചുള്ള മല്‍സ്യബന്ധനം മത്തിയുടെ പ്രജനനത്തില്‍ വലിയ ഇടിവുണ്ടാക്കി. ഇതിന്റെ പ്രത്യാഘാതങ്ങള്‍ രണ്ടു വര്‍ഷം കൂടി നീണ്ടു നില്‍ക്കാനാണ് സാധ്യതയെന്നും റിപോര്‍ട്ട് പറയുന്നു.
Next Story

RELATED STORIES

Share it