കേരളത്തില്‍ ബലാല്‍സംഗങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സംസ്ഥാനത്ത് ബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളും ക്രമാതീതമായി പെരുകുന്നതായി ക്രൈം റിക്കാര്‍ഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു.
2016ലെ ആദ്യത്തെ മൂന്നു മാസത്തെ കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഈ കാലയളവില്‍ 594 ബലാല്‍സംഗങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. ഇതില്‍ 219 എണ്ണത്തിലും ഇരയായത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ്. ഏറ്റവും കൂടുതല്‍ ബലാല്‍സംഗ കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയില്‍ നിന്നാണ്, 43. രണ്ടാം സ്ഥാനം തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്, 42. മൂന്നാം സ്ഥാനത്തുള്ള കൊല്ലത്ത് 37 ബലാല്‍സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആകെ 1974 ബലാല്‍സംഗ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ 711 ഇരകള്‍ പ്രായപൂര്‍ത്തിയാവാത്തവരായിരുന്നു. 2016 ജനുവരി മുതല്‍ മാര്‍ച്ച്കൂടി ഉള്ള കാലങ്ങളില്‍ സംസ്ഥാനത്ത് അഞ്ച് സ്ത്രീധന പീഡന മരണങ്ങളാണ് നടന്നിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം പാലക്കാട്ടും ഓരോന്നു വീതം മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലുമാണ്. ഇക്കാലയളവില്‍ എട്ടു കുട്ടികള്‍ കൊല്ലപ്പെടുകയും 29 സ്ത്രീകളും അത്രതന്നെ കുട്ടികളും തട്ടിക്കൊണ്ടുപോവലിനു വിധേയമായിട്ടുമുണ്ട്.
കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ക്ക് 681 കേസുകളും സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളില്‍ 3,219 കേസുകളും വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞ വര്‍ഷത്തെ സ്ഥിതിവിവര കണക്കുകളനുസരിച്ച് ഇരട്ടിയോളമാണ്. സാക്ഷരത കേരളത്തില്‍ ബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളും വലിയ തോതില്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ബലാല്‍സംഗ കേസുകളില്‍ 96 എണ്ണത്തില്‍ ഇനിയും പ്രതികളെ പിടികൂടിയിട്ടില്ല. തട്ടിക്കൊണ്ടുപോവല്‍ സംഭവങ്ങളിലെ ഭൂരിപക്ഷ കേസുകളിലും അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടികള്‍ അപമാനിക്കപ്പെട്ട 416 കേസുകളിലെ പ്രതികള്‍ ഇതുവരേയും അറസ്റ്റിലായിട്ടില്ല.
Next Story

RELATED STORIES

Share it