കേരളത്തില്‍ പ്രമേഹം കുതിക്കുന്നു; ദേശീയ ശരാശരിയേക്കാളും മുന്നില്‍

തിരുവനന്തപുരം: കേരളത്തി ല്‍ പ്രമേഹരോഗം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നു പഠനം. 30 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലെ പ്രമേഹത്തിലാണു കേരളം അപകടകരമായ അവസ്ഥയിലേക്കു പോവുന്നതായി പഠനറിപോര്‍ട്ട് പറയുന്നത്. മുതിര്‍ന്നവരിലെ പ്രമേഹത്തില്‍ ദേശീയ ശരാശരി 8.7 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 27 ശതമാനമാണെന്നു പഠനം പറയുന്നു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനറിപോര്‍ട്ടിലാണു സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തുന്ന കണക്കുകള്‍ ഉള്ളത്. ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഐഎംഎ സംഘടിപ്പിച്ച സെമിനാറിലാണു പഠനറിപോര്‍ട്ട് അവതരിപ്പിച്ചത്. കൃത്യമായ പഠനം സംസ്ഥാനത്ത് ഇക്കാര്യത്തില്‍ നടന്നിട്ടില്ലെങ്കിലും തലസ്ഥാന ജില്ലയിലെ ചില കേന്ദ്രങ്ങളിലെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഐഎംഎ റിപോര്‍ട്ട്.
തിരുവനന്തപുരത്ത് 15നും 64നും ഇടയില്‍ പ്രായമുള്ള 16.2% പേര്‍ക്കു പ്രമേഹമുണ്ട്. നെയ്യാറ്റിന്‍കരയില്‍ ഇത് 27.11 ശതമാനമാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്ത് 415 ദശലക്ഷത്തിലധികം പ്രമേഹ രോഗികള്‍ ഉണ്ട്. മുതിര്‍ന്നവരില്‍ 11ല്‍ ഒരാള്‍ക്ക് പ്രമേഹം ഉണ്ട്. ഇത് 2040 ആവുമ്പോഴേക്ക് 642 ദശലക്ഷം പേരിലാവും. 10ല്‍ ഒരാള്‍ക്ക് എന്ന നിലയില്‍ അപകടകരമായ വിധത്തിലാവും പ്രമേഹബാധ.
ഇന്ത്യയില്‍ 65 ദശലക്ഷം ആളുകള്‍ക്കു പ്രമേഹം ഉണ്ട്. ശരാശരി എട്ടു മുതല്‍ ഒമ്പതു ശതമാനം മുതിര്‍ന്നവരിലാണ് പ്രമേഹമെന്ന് റിപോര്‍ട്ട് പറയുന്നു. ഭൂരിപക്ഷം രോഗികളിലും പ്രമേഹം നിയന്ത്രണത്തിലല്ല. ശരിയായ മരുന്ന് കഴിക്കാത്തതാണു കാരണം. ഒപ്പം അമിത രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ചേരുമ്പോള്‍ ഹൃദ്രോഗം, പക്ഷാഘാതം, നേത്രരോഗം, വൃക്കരോഗം എന്നിവയ്ക്കും കാരണമാവുന്നുവെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഐഎംഎ ലോകാരോഗ്യ ദിനാചരണം മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ഐഎംഎ പ്രസിഡന്റ് ഡോ ആര്‍ സി ശ്രീകുമാര്‍, സംസ്ഥാന പ്രസിഡന്റ് ഡോ. എ വി ജയകൃഷ്ണന്‍, ഡോ. ശ്രീജിത്ത് എന്‍ കുമാര്‍, ഡോ. സാമുവല്‍ കോശി, ഡോ. മോഹന്‍ റോയി സംസാരിച്ചു.
Next Story

RELATED STORIES

Share it