കേരളത്തില്‍ നിന്ന് 228 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോവാന്‍ 228 പേര്‍ക്കു കൂടി അവസരം. പ്രധാനമന്ത്രിയുടെ ഹജ്ജ് ക്വാട്ടയും വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവു വന്ന സീറ്റുകളിലുമായി 2,232 സീറ്റുകള്‍ വീതംവച്ചപ്പോഴാണ് കേരളത്തിന് 228 സീറ്റുകള്‍ ലഭിച്ചത്. കാത്തിരിപ്പ് പട്ടികയിലെ ആദ്യ ക്രമ നമ്പര്‍ ഒന്നു മുതല്‍ 228 വരെയുള്ളവര്‍ക്കാണ് ഇതുപ്രകാരം അവസരം ലഭിക്കുക.
അവസരം ലഭിച്ചവര്‍ ജൂലൈ 4നകം ഹജ്ജിന്റെ പണം അടയ്ക്കണം. ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ 2,17,150 രൂപയും അസീസിയ്യ കാറ്റഗറിയിലുള്ളവര്‍ 1,83,300 രൂപയുമാണ് അടയ്‌ക്കേണ്ടത്. മുഴുവന്‍ വിമാനക്കൂലിയുമുള്ളവര്‍ അധികമായി 15,200 രൂപയും ബലികര്‍മത്തിന് അപേക്ഷിച്ചവര്‍ 8,160 രൂപയും അധികം അടയ്ക്കണം. പണമടച്ച ബാങ്ക് പേ ഇന്‍ സ്ലിപ്പിന്റെ കോപ്പിയും മെഡിക്കല്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റും ജൂലൈ 4നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി സമര്‍പ്പിക്കണം. ലിസ്റ്റ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ 75 സീറ്റുകളും വിവധ സംസ്ഥാനങ്ങളില്‍ യാത്ര റദ്ദാക്കിയവരുടെ 2,157 സീറ്റുകളും ഉള്‍പ്പെടെ 2,232 സീറ്റുകളാണ് മുസ്‌ലിം ജനസംഖ്യാ അനുപാതത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇന്നലെ സംസ്ഥാനങ്ങള്‍ക്കു വീതംവച്ചത്. ഇതില്‍ കേരളത്തിന് 229 സീറ്റുകളാണ് ആകെ ലഭിച്ചത്.
കേരളത്തില്‍ ഹജ്ജിന് അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയ 194 പേരുടെ സീറ്റും പ്രധാനമന്ത്രിയുടെ ഹജ്ജ് സീറ്റില്‍ ആറ് എണ്ണവും വിവിധ സംസ്ഥാനങ്ങളില്‍ യാത്ര റദ്ദാക്കിയതില്‍ 29 സീറ്റുകളുമടക്കമാണ് 229 പേര്‍ക്ക് അവസരം ലഭിച്ചത്. ശേഷിക്കുന്ന ഒരു സീറ്റ് ഇനി അവസരം ലഭിക്കുന്നതിലേക്ക് ഉള്‍പ്പെടുത്തും.അപേക്ഷകരില്‍ രണ്ടാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശിനാണ് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. യുപിക്ക് 515 സീറ്റുകളാണ് ലഭിച്ചത്. മഹാരാഷ്ട്രയ്ക്ക് 275 സീറ്റും ഗുജറാത്തിന് 267 സീറ്റും ലഭിച്ചു.
കൂടുതല്‍ അപേക്ഷകരുള്ള കേരളം 229 സീറ്റ് ലഭിച്ച് നാലാം സ്ഥാനത്തായി. പ്രധാനമന്ത്രിക്കായുള്ള 75 സീറ്റ് രണ്ടുവര്‍ഷമായി വിവിധ സംസ്ഥാനങ്ങള്‍ക്കാണ് വീതം വയ്ക്കാറുള്ളത്. ഇവയില്‍ ഉത്തര്‍പ്രദേശിന് 24 സീറ്റാണ് ലഭിച്ചത്. മഹാരാഷ്ട്രയ്ക്ക് എട്ടും കേരളത്തിന് ആറു സീറ്റും ലഭിച്ചു. അഞ്ചാം വര്‍ഷക്കാര്‍ കാത്തിരിക്കുന്ന ഗുജറാത്തിന് 83 സീറ്റുകള്‍ നേരിട്ട് നല്‍കിയിട്ടുമുണ്ട്.
ഹജ്ജിന് അവസരം ലഭിച്ചിട്ടും അവസാന നിമിഷം യാത്ര റദ്ദാക്കിയത് കൂടുതലും ഉത്തര്‍ പ്രദേശിലാണ്. 364 പോരാണ് യുപിയില്‍ അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയത്. പശ്ചിമബംഗാളില്‍ 237, മഹാരാഷ്ട്രയില്‍ 224, കേരളത്തില്‍ 194, ഗുജറാത്തില്‍ 161 പേരും യാത്ര റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോവുന്ന ലക്ഷദ്വീപിന് മൂന്നു സീറ്റുകളാണ് ലഭിച്ചത്. അസം, ബിഹാര്‍, തൃപുര, പശ്ചിമ ബംഗാള്‍ എന്നീ നാലു സംസ്ഥാനങ്ങളില്‍ യാത്ര റദ്ദാക്കിയവരുടെ സീറ്റിലേക്ക് ഇവിടെങ്ങളില്‍ അപേക്ഷകരില്ലാത്തതിനാല്‍ അവയും മറ്റുസംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കി.
Next Story

RELATED STORIES

Share it