Editorial

കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ മരണമണിയാണ് മുഴങ്ങുന്നത്

വരവേല്‍പ് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഗള്‍ഫില്‍നിന്നു തിരിച്ചുവന്ന നായകന്‍ ഒരു ബസ് വാങ്ങുന്നുണ്ട്. കന്നിയാത്രയില്‍ ടിക്കറ്റിനു വേണ്ടി കണ്ടക്ടര്‍ യാത്രക്കാരെ സമീപിച്ചപ്പോള്‍ എല്ലാവരും ഓസ്‌യാത്രക്കാര്‍. സഹികെട്ട കണ്ടക്ടര്‍ ഒാസിയല്ലാത്ത ആരെങ്കിലുമുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഒരാള്‍ എഴുന്നേറ്റു. അയാള്‍ പക്ഷേ, ഡ്രൈവറുടെ സ്വന്തക്കാരനാണ്. കേരളത്തിലെ ഡിസിസി പുനസ്സംഘടനയുടെ കാര്യമാലോചിക്കുമ്പോള്‍ ഈ സിനിമാദൃശ്യമാണ് ഓര്‍മയില്‍ വരുക. ഡിസിസി ഓഫിസുകളുടെ പരിസരങ്ങളിലൂടെ വഴിനടക്കുന്നവരെല്ലാവരും ജനറല്‍ സെക്രട്ടറിമാര്‍. അല്ലാത്ത വല്ലവരുമുണ്ടെങ്കില്‍ വൈസ് പ്രസിഡന്റോ ഖജാഞ്ചിയോ!
ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയകക്ഷിയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. ദേശീയപ്രസ്ഥാനത്തിന്റെ അമരത്തിരുന്ന പാര്‍ട്ടി. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ കൊണ്ടുനടക്കുന്നു എന്ന് അഭിമാനിക്കുന്ന പാര്‍ട്ടി. തിലകന്‍, ഗോഖലെ, നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, മൗലാനാ അബുല്‍കലാം ആസാദ് തുടങ്ങിയ യുഗപുരുഷന്മാര്‍ നേതൃത്വം നല്‍കിയ പാര്‍ട്ടി. ഈ രാഷ്ട്രീയകക്ഷിയാണ് ഇന്ന് ദയനീയമായി ജീര്‍ണിച്ചുപോയത്. ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ്സിനു വേരറ്റുപോയിരിക്കുന്നു. ആന്ധ്രയിലും തമിഴ്‌നാട്ടിലും തെലങ്കാനയിലും പാര്‍ട്ടിയില്ല. ബംഗാളില്‍ മമത ബാനര്‍ജിയുടെ കൈയിലാണ് കോണ്‍ഗ്രസ്. ആകക്കൂടി കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന്റെ പൊടിപ്പുകള്‍ കാര്യമായി രാജ്യത്ത് അവശേഷിക്കുന്നത്. ഈ അവസ്ഥയിലാണ് പാര്‍ട്ടി പുനസ്സംഘടനയെന്ന പേരില്‍ ഓരോ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലും കെപിസിസി 80ഉം 100ഉം പേരെ ജനറല്‍ സെക്രട്ടറിമാരായി തിരുകിക്കയറ്റിയിട്ടുള്ളത്. ജീവിതത്തില്‍ ഏപ്പോഴെങ്കിലുമൊന്ന് ഖദറിട്ടുപോയിട്ടുണ്ടെങ്കില്‍ അവരെല്ലാവരും ഡിസിസി സെക്രട്ടറിമാരാണ് എന്നതാണ് അവസ്ഥ.
ഊര്‍ജസ്വലതയുടെയും കാര്യശേഷിയുടെയും ആള്‍രൂപമായാണ് ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രി വിശേഷിപ്പിക്കപ്പെടുന്നത്. പാര്‍ട്ടിയിലെ എതിര്‍വിഭാഗത്തിന്റെ നേതാവായ രമേശ് ചെന്നിത്തലയ്ക്കും സംഘടനാപാരമ്പര്യത്തിന് യാതൊരു കുറവുമില്ല. ആദര്‍ശബോധംകൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ എന്ന സ്ഥിതിയിലാണ് കെപിസിസി പ്രസിഡന്റ് സുധീരന്‍. ഇവര്‍ക്കെല്ലാവര്‍ക്കും മീതെ എ കെ ആന്റണി എന്ന അപാരസാന്നിധ്യവും കോണ്‍ഗ്രസ്സിലുണ്ട്. ഇവരെല്ലാവരും ചേര്‍ന്നാണ് ഇത്രയും അപഹാസ്യമായ ഒരു നടപടിക്ക് കാര്‍മികത്വം വഹിച്ചത് എന്നതത്രെ സങ്കടകരം. ഈ നടപടിക്ക് മേലൊപ്പ് വച്ചതിലൂടെ വി എം സുധീരന്‍ തെളിയിച്ചിട്ടുള്ളത് കേരളത്തില്‍ ഇതേവരെ ഉണ്ടായിട്ടുള്ള ഏറ്റവും ദുര്‍ബലനായ കെപിസിസി പ്രസിഡന്റാണ് താന്‍ എന്നാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ മുഖ്യമന്ത്രിയാവാന്‍ നടക്കുന്ന രമേശ് ചെന്നിത്തലയോ നാക്കെടുത്താല്‍ ആദര്‍ശം മാത്രം പറയുന്ന സുധീരനോ ഈ മുഖപ്രസംഗം വായിച്ചെന്നുവരില്ല. എന്നാല്‍, ഇതു വായിക്കുന്ന പാര്‍ട്ടിക്കൂറുള്ള ഏതെങ്കിലും കോണ്‍ഗ്രസ്സുകാരുണ്ടെങ്കില്‍ അവരെ ഒരു കാര്യം ബോധ്യപ്പെടുത്തിയാല്‍ നന്നായേനെ: കേരളത്തില്‍ അവശേഷിക്കുന്ന പാര്‍ട്ടിയുടെ ചെറുനാളങ്ങള്‍ പോലും തല്ലിക്കെടുത്താനാണ് ഈ നേതാക്കന്മാര്‍ ശ്രമിക്കുന്നത് എന്ന്, കോണ്‍ഗ്രസ്സിന്റെ മരണമണിയാണ് അവര്‍ ആവേശപൂര്‍വം മുഴക്കിക്കൊണ്ടിരിക്കുന്നത് എന്ന്.
Next Story

RELATED STORIES

Share it