കേരളത്തില്‍ കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപോര്‍ട്ട്

സ്വന്തം പ്രതിനിധി

കൊച്ചി: കേരളത്തില്‍ കുഷ്ഠരോഗികളുടെ എണ്ണം കൂടുന്നതായി റിപോര്‍ട്ടുകള്‍. 30 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലാണ് രോഗം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം കുഷ്ഠരോഗികള്‍ ഉള്ളത്. 111 പേര്‍ക്കാണ് ഇവിടെ രോഗം കണ്ടെത്തിയിരിക്കുന്നത്. 91 കുഷ്ഠരോഗികളുള്ള പാലക്കാടിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനത്ത് എറണാകുളവും നാലാം സ്ഥാനത്തു തൃശൂരുമാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 90 പേര്‍ക്കാണ് എറണാകുളത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 36 പേര്‍ ഇതര സംസ്ഥാന തൊഴിലാളികളും 54 പേര്‍ സ്വദേശികളുമാണ്. മൂന്നു കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരിലാണ് എറണാകുളം ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് കുഷ്ഠരോഗമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. 23 കുഷ്ഠരോഗികളാണ് ഇവിടെ മാത്രമുള്ളത്. തൃശൂരില്‍ 84 പേരില്‍ രോഗബാധ കണ്ടെത്തി.

ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി കേരളത്തിലെത്തിയതാണ് കുഷ്ഠരോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവാന്‍ കാരണമെന്നാണു സൂചന. മൈക്രോ ബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയയാണ് രോഗഹേതു. അണുബാധ ഉണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രമേ കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുകയുള്ളൂ. സ്പര്‍ശനശേഷി കുറഞ്ഞതോ നിറം മങ്ങിയതോ ആയ പാടുകള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടല്‍, ഞരമ്പുകള്‍ക്കു തടിപ്പ്, വേദന എന്നിവയാണ് സാധാരണ കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗാവസ്ഥ പൂര്‍ണതയില്‍ എത്തിയാലും കുഷ്ഠരോഗം പൂര്‍ണമായി ചികില്‍സിച്ചു ഭേദമാക്കാമെന്ന് എറണാകുളം ജില്ലാ ലെപ്രസി ഓഫിസര്‍ ഡോ. കെ ആര്‍ വിദ്യ പറഞ്ഞു. അഞ്ചില്‍ താഴെ മാത്രമേ പാടുകള്‍ ഉള്ളൂവെങ്കില്‍ ആറു മാസം തുടര്‍ച്ചയായി മരുന്നു കഴിക്കണം. പാടുകളുടെ എണ്ണം കൂടുതലാണെങ്കില്‍ ഒരു വര്‍ഷം വരെ മരുന്നു കഴിക്കേണ്ടിവരും. കേരളത്തില്‍ നാല് സര്‍ക്കാര്‍ ആശുപത്രികളാണ് കുഷ്ഠരോഗ ചികില്‍സയ്ക്കായുള്ളത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുഷ്ഠരോഗത്തിനുള്ള മരുന്നു ലഭ്യമാണെന്നും ഡോ. കെ ആര്‍ വിദ്യ പറഞ്ഞു.
Next Story

RELATED STORIES

Share it