കേരളത്തില്‍ കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം വ്യാപകമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍

കൊച്ചി: മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കേരളത്തില്‍ കുട്ടികള്‍ക്കെതിരേയുള്ള ചൂഷണങ്ങൡ ലൈംഗികാതിക്രമമാണ് കൂടുതല്‍ നടക്കുന്നതെന്ന് ചീഫ്ജസ്റ്റിസ് അശോക് ഭൂഷണ്‍. കേരള ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ 'കുട്ടികള്‍ക്കെതിരായ ചൂഷണങ്ങള്‍ക്ക് പരിഹാരം' ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം വീട്ടില്‍നിന്നടക്കം ചൂഷണം നേരിടുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കുട്ടികള്‍ക്കെതിരായ ലൈം ഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് ദേശീയ ക്രൈം റിസര്‍ച്ച് ബ്യൂറോയുടെ കണ്ടെത്തല്‍.
ലൈംഗികാതിക്രമത്തിനെതിരായ നിയമങ്ങള്‍, ശിശുസംരക്ഷണ നിയമങ്ങള്‍, ഭരണഘടനാപരമായി കുട്ടികള്‍ക്കു നല്‍കുന്ന സംരക്ഷണം എന്നിവയൊക്കെയുണ്ടായിട്ടും ലൈംഗികാതിക്രമം ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള ബാധ്യത സര്‍ക്കാരിനും നിയമത്തിനും ഭരണഘടനയ്ക്കും സന്നദ്ധസംഘടനകള്‍ക്കും മാത്രമല്ല ഉള്ളത്. ഓരോ വ്യക്തിക്കും അതിലൂടെ സമൂഹത്തിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും ചീഫ്ജസ്റ്റിസ് വ്യക്തമാക്കി.
സാമൂഹികാവബോധമുണ്ടാക്കിയും സ്വയം തിരിച്ചറിവുകളിലൂടെയും മാത്രമേ കുട്ടികള്‍ക്കെതിരായ ചൂഷണങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജസ്റ്റിസ് അനു ശിവരാമന്‍ പറഞ്ഞു. അഭിഭാഷക അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൃഷ്ണദാസ് പി നായര്‍, ടി ആസഫലി, സാലി തോമസ് ചാക്കോ, സെക്രട്ടറി എന്‍ എന്‍ ഗിരിജ സംസാരിച്ചു.
Next Story

RELATED STORIES

Share it