Kerala

കേരളത്തില്‍ ഇത്തവണ 75,208 ഹജ്ജ് അപേക്ഷകര്‍

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിനു പോവാനായി അപേക്ഷിച്ചത് 75,208 അപേക്ഷകര്‍. ഇവരില്‍ നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം കാത്തിരിക്കുന്നത് 9922 പേരാണ്. ഈ വര്‍ഷം ഹജ്ജ് കമ്മിറ്റിക്ക് ആകെ ലഭിച്ചത് 75,208 അപേക്ഷകളാണ്. ഇവരില്‍ 1618 പേര്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായ അപേക്ഷകര്‍ 8304 പേരുണ്ട്. ഈ രണ്ടു വിഭാഗക്കാര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും. നാലാംവര്‍ഷ അപേക്ഷകരായി 9690 പേരാണുള്ളത്. ശേഷിക്കുന്ന 55,596 പേര്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്. അപേക്ഷിച്ച മുഴുവന്‍ പേരുടെയും കവര്‍ നമ്പര്‍ അയച്ചുകഴിഞ്ഞു. കഴിഞ്ഞവര്‍ഷം 65,000 അപേക്ഷകളാണു ലഭിച്ചിരുന്നത്.
ഇന്ത്യയില്‍ കൂടുതല്‍ ഹജ്ജ് അപേക്ഷകരുള്ള സംസ്ഥാനം ഇത്തവണയും കേരളമാണ്. ഹജ്ജ് നറുക്കെടുപ്പ് മാര്‍ച്ച് 23നാണു നിശ്ചയിച്ചിരിക്കുന്നത്. അധിക ക്വാട്ട ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുകയുള്ളൂ. ഹജ്ജ് കരാര്‍ മാര്‍ച്ച് 10നാണ് ഒപ്പുവയ്ക്കുക. ഹജ്ജ് ക്വാട്ടയില്‍ ഇത്തവണയും 20 ശതമാനം കുറയും. സൗദി മന്ത്രാലയം മറ്റു രാജ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ക്വാട്ടയിലും ഇത്തവണയും 20 ശതമാനം കുറവുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്ക് 1,36,000 സീറ്റുകളാണ് ലഭിച്ചത്. ഇതില്‍ 36,000 സീറ്റുകള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കും ശേഷിക്കു—ന്നവ ഹജ്ജ് കമ്മിറ്റികള്‍ക്കുമായിരുന്നു നല്‍കിയിരുന്നത്.
ഇത്തവണയും ഇതുതെന്നയായിരിക്കും ലഭിക്കുക. ഹജ്ജ് വിമാന സര്‍വീസുകള്‍ കരിപ്പൂരില്‍ നിന്നുതന്നെ നടത്തുന്നതിനു വേണ്ട നടപടികളെടുക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. കരിപ്പൂരില്‍ റണ്‍വേ റീ-കാര്‍പറ്റിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല. ആയതിനാല്‍ കഴിഞ്ഞവര്‍ഷം ഹജ്ജ് സര്‍വീസുകള്‍ നെടുമ്പാശ്ശേരിയില്‍ നിന്നാണു പുറപ്പെട്ടത്. ഹജ്ജ് തീര്‍ത്ഥാടകരില്‍ 80 ശതമാനവും മലബാറില്‍ നിന്നുള്ളവരായതിനാല്‍ സര്‍വീസ് കരിപ്പൂരില്‍ നിന്ന് നടത്തണമെന്നാണ് ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം.
Next Story

RELATED STORIES

Share it