കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്: മെഡിക്കല്‍ ഷോപ്പ് ഉടമ അറസ്റ്റില്‍

കൊച്ചി: കേരളത്തിലുള്ള സംഘങ്ങള്‍ക്ക് മയക്കുമരുന്നു വിതരണം ചെയ്തുവന്ന ഡല്‍ഹിയിലെ മെഡിക്കല്‍ ഷോപ്പ് ഉടമയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശി അനില്‍ ജെയ്ന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത എറണാകുളം കലൂര്‍ സ്വദേശി കെ എച്ച് നവാസില്‍ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ അനില്‍ജെയിനിനെ തിങ്കളാഴ്ച ചോദ്യംചെയ്യലിനായി എറണാകുളത്തെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മനോരോഗ ചികില്‍സയ്ക്കുള്ള ബുപ്രനോര്‍ഫിന്‍ എന്ന മയക്കുമരുന്നിന്റെ 26 ആംപ്യൂളുകളുമായി കഴിഞ്ഞ ഡിസംബര്‍ 10നാണ് നവാസിനെ കലൂരിലെ വീട്ടില്‍ നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിന് അടിമയായ നവാസ് ബുപ്രനോര്‍ഫിനും ഫെനര്‍ഗനും പോലുള്ള മയക്കുമരുന്നുകള്‍ സ്വയം ഉപയോഗിക്കുകയും ആംപ്യൂളിന് 40 രൂപ നിരക്കില്‍ വില്‍പന നടത്തുകയും ചെയ്തിരുന്നു. വിശദമായ ചോദ്യംചെയ്യലില്‍ ഡല്‍ഹിയിലെ അനില്‍ ജെയിന്റെ മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് മയക്കുമരുന്നു വാങ്ങിയതെന്നു വ്യക്തമായി. 3000 ഗ്രാം മയക്കുമരുന്ന് 90,000 രൂപയ്ക്കാണ് അനില്‍ ജെയിനില്‍ നിന്ന് നവാസ് വാങ്ങിയിരുന്നത്. അതില്‍ ബാക്കിയുണ്ടായിരുന്ന 52 ഗ്രാമാണ് വീട്ടില്‍ നിന്നു പിടിച്ചെടുത്തത്. ഇയാള്‍ ഇപ്പോഴും ജയിലിലാണ്.
ഇന്നലെ ചോദ്യംചെയ്യലിനു ഹാജരായ അനില്‍ജെയിന്‍, നവാസിന് മയക്കുമരുന്നു നല്‍കിയത് തന്റെ ഷോപ്പില്‍ നിന്നാണെന്നു സമ്മതിച്ചതായി അന്വേഷണ സംഘം പറഞ്ഞു. അനില്‍ ജെയിന്‍ അംഗീകൃത മരുന്നുവ്യാപാരി ആണെങ്കിലും ബുപ്രനോര്‍ഫിന്‍ പോലുള്ള സൈക്കോട്രോപിക് മരുന്നുകള്‍ വില്‍പന നടത്താനുള്ള ലൈസന്‍സ് ഇല്ലെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ മയക്കുമരുന്നു വില്‍പനക്കാര്‍ക്ക് ഇയാള്‍ മയക്കുമരുന്നു വിതരണം ചെയ്തിരുന്നതായാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കരുതുന്നത്. ഈ വഴിക്കുള്ള കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.
Next Story

RELATED STORIES

Share it