കേരളത്തിലെ നഗരങ്ങളുടെ വികസനത്തിന് 580 കോടി

ന്യൂഡല്‍ഹി: കേരളത്തിലെ നഗരങ്ങളുടെ വികസനത്തിനായി 580 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യ നായിഡു. സ്മാര്‍ട്ട് സിറ്റി പദ്ധതി കേരളത്തിലെ കൂടുതല്‍ നഗരങ്ങളിലേക്കു വ്യാപിപ്പിക്കുന്ന കാര്യവും മെട്രോ റെയില്‍ കാക്കനാട് വരെ നീട്ടുന്ന കാര്യവും പരിഗണിക്കും.
അമൃത് പദ്ധതിയില്‍ കണ്ണൂരിനെയും ഗുരുവായൂരിനെയും ഉള്‍പ്പെടുത്തും. പദ്ധതികള്‍ക്കായി അടുത്ത ബജറ്റില്‍ കൂടുതല്‍ തുക നീക്കിവയ്ക്കുമെന്നും രാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി സാധ്യമായ എല്ലാ സഹായങ്ങളും കേരളത്തിനു നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര രാസവളം മന്ത്രി അനന്ത്കുമാറുമായും കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ ഫാക്ട് പ്ലാന്റിന്റെ പുനരുജ്ജീവനത്തെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
ഫാക്ടിനായി മുമ്പ് നടപ്പാക്കിയ പുനരുജ്ജീവന പാക്കേജുകളേക്കാള്‍ വലിയ പാക്കേജ് മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഉണ്ടെന്നു കേന്ദ്രമന്ത്രി അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ പാക്കേജിന് അനുമതി നല്‍കും.
പ്ലാന്റിന്റെ പുനരുജ്ജീവനത്തിനു പുറമേ വിപുലീകരണവും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. എച്ച്ഒസിഎല്‍, എച്ച്‌ഐഎല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. എച്ച്‌ഐഎല്ലിലെ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാന്‍ പണം അനുവദിക്കുന്നതിന് അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it