കേരളത്തിന് രണ്ടാം ജയം

കൊച്ചി: സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്നലെ ഗ്രൂപ്പ് ബിയില്‍ നടന്ന തങ്ങളുടെ രണ്ടാം മല്‍സരത്തില്‍ കേരളം രാജസ്ഥാനെ 18 റണ്‍സിന് തോല്‍പ്പിക്കുകയായിരുന്നു. കൊച്ചിയില്‍ ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ മറ്റു മല്‍സരങ്ങില്‍ പഞ്ചാബ് എട്ടു വിക്കറ്റിന് ജമ്മു കശ്മീരിനേയും ജാര്‍ഖണ്ഡ് ഒമ്പത് വിക്കറ്റിന് ത്രിപുരയേയും പരാജയപ്പെടുത്തി.
ശനിയാഴ്ച നടന്ന ആദ്യ മല്‍സരത്തില്‍ ജമ്മു കശ്മീരിനെതിരെയും കേരളം വിജയിച്ചിരുന്നു. എട്ട് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്താണ്. കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ രാജസ്ഥാനെതിരേ ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. 35 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ രോഹന്‍ പ്രേമിന്റെ പ്രകടനം കേരളത്തിന് ഗുണകരമായി. രണ്ട് സിക്‌സറുകളും രണ്ട് ഫോറുകളും അടങ്ങുന്നതാണ് രോഹന്റെ ഇന്നിങ്‌സ്.
സഞ്ജു വി സാംസണ്‍ 17 പന്തില്‍ രണ്ട് സിക്‌സറുകളും ഒരു ഫോറുമടക്കം 25 റണ്‍സെടുത്തു. ഓപണര്‍ വിഎ ജഗദീഷ് 27 പന്തില്‍ 28 റണ്‍സും ക്യാപ്റ്റന്‍ സചിന്‍ ബേബി പുറത്താവാതെ 13 പന്തില്‍ 15 റണ്‍സുമെടുത്തു. മുഹമ്മദ് അസറുദ്ദീന് 14 പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. റൈഫി ഗോമസും വിനൂപും രണ്ട് റണ്ണിനും ജാഫര്‍ ആറു റണ്ണിനും പുറത്തായി.
മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. പുറത്താവാതെ 35 പന്തില്‍ നിന്ന് നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 42 റണ്‍സെടുത്ത രജത് ഭാട്ടിയയാണ് രാജസ്ഥാന്റെ ടോപ്‌സ്‌കോറര്‍. കേരളത്തിനു വേണ്ടി പ്രശാന്ത് പത്മനാഭന്‍ മൂന്നു വിക്കറ്റുകളും രോഹന്‍ രണ്ടു വിക്കറ്റുകളും നേടി തിളങ്ങി.
അതേസമയം, ആദ്യ മല്‍സരത്തില്‍ രാജസ്ഥാനോട് പരാജയപ്പെട്ട പഞ്ചാബ് ഇന്നലെ ശക്തമായ തിരിച്ചുവരവ് നടത്തി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കശ്മീരിനെ എട്ടു വിക്കറ്റുകള്‍ക്കാണ് പഞ്ചാബ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത കശ്മീര്‍ 19.3 ഓവറില്‍ 105 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മറുപടിയില്‍ 14.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടപ്പെടുത്തി പഞ്ചാബ് ലക്ഷ്യം കാണുകയായിരുന്നു. മന്‍ദീപ് സിങിന്റെയും (58*) പ്രഗത് സിങിന്റെയും (44) മികച്ച ബാറ്റിങാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്. യുവരാജ് ബാറ്റിങിനിറങ്ങും മുമ്പ് തന്നെ പഞ്ചാബ് ലക്ഷ്യം കാണുകയായിരുന്നു.
ത്രിപുരക്കെതിരേ ജാര്‍ഖണ്ഡിന്റെ വിജയവും ആധികാരികമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ത്രിപുര നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 146 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ ജാര്‍ഖണ്ഡ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18.3 ഓവറില്‍ വിജയം കൈവരിക്കുകയായിരുന്നു. ഇഷാന്റ് ജഗ്ഗി 75ഉം വിരാട് സിങ് 65 ഉം റണ്‍സെടുത്ത് ജാര്‍ഖണ്ഡിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ് മല്‍സരം വിലയിരുത്താനെത്തിയിരുന്നു.
Next Story

RELATED STORIES

Share it