കേരളത്തിന് പ്രാതിനിധ്യം ലഭിച്ചേക്കും; കേന്ദ്രമന്ത്രിസഭാ പുനസ്സംഘടന ഉടന്‍

കേരളത്തിന്   പ്രാതിനിധ്യം  ലഭിച്ചേക്കും; കേന്ദ്രമന്ത്രിസഭാ പുനസ്സംഘടന ഉടന്‍
X
indian-parliment

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ ഉടന്‍ പുനസ്സംഘടിപ്പിച്ചേക്കും. ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തിയാലുടന്‍ പുനസ്സംഘടനയുണ്ടാവുമെന്നു കരുതുന്നു. ഇത്തവണ കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാവുമെന്നാണ് ബിജെപി  വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പദേശ് ഉള്‍പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടു കൂടിയായിരിക്കും പുനസ്സംഘടന. കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും വോട്ടിങ് ശതമാനത്തില്‍ വര്‍ധന ഉണ്ടാവുകയും ചെയ്തതോടെ ബിജെപി കേന്ദ്രനേതൃത്വം കേരളത്തിലേക്ക് പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപിയെ വളര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം ശക്തമാണ്. മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരീളധരനെ മന്ത്രിസഭയിലെടുക്കാനുള്ള സാധ്യതയുണ്ട്. മുരളീധരന് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കി കേന്ദ്ര നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കവുമുണ്ട്. നിലവില്‍ എംപിയല്ലാത്ത മുരളീധരനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ബിജെപിക്ക് അംഗങ്ങളുള്ള മറ്റേതെങ്കിലും സംസ്ഥാന നിയമസഭകളില്‍നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടിവരും. മുമ്പ് ഒ രാജഗോപാലിനെ ഇത്തരത്തില്‍ രാജ്യസഭയിലെത്തിച്ച് കേന്ദ്രമന്ത്രിയാക്കിയിരുന്നു. എന്നാല്‍, ഇത്തരെമാരു സാഹചര്യത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷനായ പി എസ് ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ക്കും അര്‍ഹമായ പദവി നല്‍കേണ്ടിവരും. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായി രാജ്യസഭയിലെത്തിയ സിനിമാതാരം സുരേഷ്‌ഗോപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത വിദൂരമാണ്. പാര്‍ട്ടിയുടെ നേതാവല്ലാത്തതു മാത്രമല്ല നോമിനേറ്റഡ് എംപിമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന പതിവില്ലാത്തതിനാല്‍ സുരേഷ്‌ഗോപിക്ക് സാധ്യത കുറവാണ്.  അടുത്ത മാസത്തോടെ കാലാവധി തീരുന്ന വെങ്കയ്യ നായിഡുവിനെ മന്ത്രിസഭയില്‍നിന്ന് നീക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ഇദേഹത്തെ വീണ്ടും രാജ്യസഭയിലെത്തിച്ച് മന്ത്രിയായി തുടരാന്‍ അനുവദിക്കുന്ന കാര്യമാണ് മോദി ഇപ്പോള്‍ പരിഗണിക്കുന്നത്. പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതലയുള്ള ആരോഗ്യമന്ത്രി ജെ പി നദ്ദയെ പാര്‍ട്ടി നേതൃസ്ഥാനത്തേക്കു മാറ്റിയേക്കും. ഭാവിയില്‍ ദേശീയ പ്രസിഡന്റ് സ്ഥാനം തന്നെ ഏറ്റെടുക്കേണ്ട നേതാവായാണ് നദ്ദ പരിഗണിക്കപ്പെടുന്നത്. നജ്മ ഹിബത്തുല്ലയെ പ്രായാധിക്യം കാരണം മന്ത്രിസ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
Next Story

RELATED STORIES

Share it