കേരളത്തിന് പുതിയ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കില്ല

കൊച്ചി: കേരളത്തിന് പുതിയ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കാനാവില്ലെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫിസര്‍ മുക്തേഷ് കെ പര്‍ദേശി. ലക്ഷദ്വീപിലെ കവരത്തിയില്‍ സംഘടിപ്പിച്ച പാസ്‌പോര്‍ട്ട് സേവാ ക്യാംപിനു ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിപിഎച്ച്ക്യു ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണമാവാത്തതിനാല്‍ പാസ്‌പോര്‍ട്ട് വിതരണത്തില്‍ കേരളം രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കേരളത്തില്‍ ഓണ്‍ലൈന്‍ സംവിധാനമില്ലാത്തിടത്താണ് പാസ്‌പോര്‍ട്ട് വിതരണത്തിന് കാലതാമസം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേരളത്തില്‍ നാല് പാസ്‌പോര്‍ട്ട് ഓഫിസുകളും 13 സേവാ കേന്ദ്രങ്ങളുമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവാ കേന്ദ്രങ്ങളുള്ളതും കേരളത്തിലാണ്. കേരളത്തേക്കാള്‍ വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ പോലും ആറ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് അനുവദിച്ചത് ഉത്തര്‍പ്രദേശിലാണ്. കൊച്ചി റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ അടങ്ങുന്ന പത്തംഗ സംഘമാണ് കവരത്തിയില്‍ പാസ്‌പോര്‍ട്ട് സേവാ ക്യാംപ് സംഘടിപ്പിച്ചത്. നൂറോളം അപേക്ഷകളാണു ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ 34 ദിവസം കൊണ്ട് പോലിസ് പരിശോധന പൂര്‍ത്തീകരിക്കുമെങ്കിലും ലക്ഷദ്വീപിലെ ഗതാഗത സൗകര്യങ്ങള്‍ ഇതിനു പര്യാപ്തമല്ലാത്തതിനാല്‍ 70 ദിവസം വരെ എടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ ദുരിതബാധിതര്‍ക്ക് പാസ്‌പോര്‍ട്ട് സൗജന്യമായി പുതുക്കി നല്‍കും. ഇതിനായി ക്യാംപുകള്‍ തുടങ്ങിയതായും ചീഫ് പാസ്‌പോര്‍ട്ട് ഓഫിസര്‍ പറഞ്ഞു.
പാസ്‌പോര്‍ട്ട് വിതരണത്തി ല്‍ നിന്ന് ഏജന്റുമാരെ പൂര്‍ണമായും ഒഴിവാക്കിയതായി വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത കൊച്ചി റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ പ്രശാന്ത് ചന്ദ്രന്‍ പറഞ്ഞു. ഓണ്‍ലൈന്‍ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം. കൊച്ചി പാസ്‌പോര്‍ട്ട് ഓഫിസിനു കീഴിലുള്ള ആറ് പോലിസ് ജില്ലകളില്‍ മൂന്നിടത്ത് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇടുക്കി, കോട്ടയം, കൊച്ചി സിറ്റി എന്നിവിടങ്ങളിലാണ് നിലവില്‍ ഓണ്‍ലൈന്‍ സംവിധാനമുള്ളത്.
Next Story

RELATED STORIES

Share it