കേരളത്തിന് ഡബിള്‍ റെക്കോഡ്

ടി പി ജലാല്‍

കോഴിക്കോട്: ദേശീയ സ്‌കൂള്‍ ഗെയിംസ് ഹര്‍ഡില്‍സില്‍ കേരളത്തിന്റെ രണ്ട് പെണ്‍കുട്ടികള്‍ക്ക് റെക്കോഡ് നേട്ടം. സീനിയര്‍ വിഭാഗം 100 മീറ്ററില്‍ ഡൈബി സെബാസ്റ്റ്യനും ജൂനിയര്‍ 100 മീറ്ററില്‍ അപര്‍ണ റോയിയുമാണ് റെക്കോഡ് തിരുത്തിക്കുറിച്ച് സ്വര്‍ണം നേടിയത്.
പതിനൊന്നുവര്‍ഷം മുമ്പ് സി ടി രാജി കുറിച്ച 14.56 സെക്കന്റാണ് 14.36 സെക്കന്റില്‍ ഡൈബി ചാടിക്കടന്നത്. അപര്‍ണ 1.49 സെക്കന്റിലാണ് റെക്കോഡിട്ടത്. നിലവിലെ റെക്കോഡായ 14.94 സെക്കന്റിനെയാണ് അപര്‍ണ പഴങ്കഥയാക്കിയത്. കടുത്ത പോരാട്ടത്തിനൊടുവിലാണ്— അപര്‍ണ റോയ് റെക്കോഡ് സ്വര്‍ണം സ്വന്തമാക്കിയത്. 2013ല്‍ റാഞ്ചിയില്‍ കേരളത്തിന്റെ തന്നെ സൗമ്യ വര്‍ഗീസ് കുറിച്ച റെക്കോഡാണ് അപര്‍ണ മിറകടന്നത്.
അപര്‍ണയ്ക്കു പുറമെ വെള്ളി നേടിയ മഹാരാഷ്ട്രയുടെ പര്‍വാത്കര്‍ മാന്‍സിയും വെങ്കലം നേടിയ ഒഡീഷയുടെ റായ്ബറി തിരിയയും നിലവിലെ റെക്കോഡ് ഭേദിച്ചിട്ടുണ്ട്. ഇരുപത് മില്ലി സെക്കന്റില്‍ രാജിയുടെ റെക്കോഡ് മാറ്റിയെഴുതിയ ഡൈബി തുടര്‍ച്ചയായ മൂന്നാം ദേശീയ സ്‌കൂള്‍ സ്വര്‍ണമാണ് നേടിയത്. മികച്ച തുടക്കത്തിനുശേഷം പ്രിയദര്‍ശിനി ഉയര്‍ത്തിയ വെല്ലുവിളി കൂടുതല്‍ മികച്ച സമയത്തില്‍ ഫിനിഷ് ചെയ്യാന്‍ ഇടുക്കി ജില്ലയിലെ മൂലമറ്റംകാരിയെ സഹായിച്ചു. 2014ല്‍ ജൂനിയര്‍ വിഭാഗത്തിലും കഴിഞ്ഞവര്‍ഷം സീനിയര്‍ വിഭാഗത്തിലും ഡൈബി സ്വര്‍ണമണിഞ്ഞിരുന്നു. 2014 നവംബറില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കുറിച്ച 14.45 സെക്കന്റായിരുന്നു ഇതിനുമുമ്പുള്ള മികച്ച സമയം. ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസുകാരിയാണ്.—
പുല്ലൂരാംപാറ ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ അപര്‍ണയുടെ ദേശീയ സ്‌കൂള്‍ മീറ്റിലെ മൂന്നാം സ്വര്‍ണമാണിത്. സബ്ജൂനിയര്‍ തലത്തില്‍ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ 2014ല്‍ സ്വര്‍ണം നേടിയ കോഴിക്കോട്ടുകാരി കഴിഞ്ഞ വര്‍ഷം ജൂനിയര്‍ തലത്തിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കി. കഴിഞ്ഞ തവണയും ഇത്തവണയും 100 മീറ്റര്‍ റിലേയിലും ഈ കൊച്ചുമിടുക്കി സ്വര്‍ണം നേടിയിരുന്നു. കൂടരഞ്ഞി ഒവാലില്‍ റോയിയുടെയും ടീനയുടെയും മകളാണ്. ആണ്‍കുട്ടികളില്‍ വി കെ ലസാന് മാത്രമേ സ്വര്‍ണം നേടാനായുള്ളു. 11.39 സെക്കന്റിലാണ് സബ്ജൂനിയര്‍ 80 മീറ്ററില്‍ ലസാന്‍ നേട്ടം കൈവരിച്ചത്. സീനിയര്‍ ബോയ്‌സില്‍ കേരളത്തിന്റെ സച്ചിന്‍ ബാബുവും(14.55 സെക്കന്റ്) ജൂനിയര്‍ ബോയ്‌സില്‍ മുഹമ്മദ് ഷാഫിയും(13.57 സെക്കന്റ്) വെള്ളി നേടിയപ്പോള്‍ സബ്ജൂനിയറില്‍ കേരളത്തിന്റെ മണിപ്പൂര്‍ താരം വെങ്കലം കരസ്ഥമാക്കി. സബ്ജൂനിയര്‍ ഗേള്‍സില്‍ കേരളത്തിന് മെഡല്‍ ലഭിച്ചില്ല. ഈ ഇനത്തില്‍ മഹാരാഷ്ട്രയുടെ ജോഷി ദിശ സ്വര്‍ണവും പരുലേക്കര്‍ പര്‍വാരി വെള്ളിയും നേടിയപ്പോള്‍ തമിഴ്‌നാടിന്റെ പിഎം പ്രതിഭ വെങ്കലം നേടി. സീനിയര്‍ ഗേള്‍സില്‍ തമിഴ്‌നാടിന്റെ താരങ്ങളായ എസ് പ്രിയദര്‍ശിനി 14.70 സെക്കന്റില്‍ വെള്ളി നേടിയപ്പോള്‍ 14.90 സെക്കന്റില്‍ ആര്‍ നിത്യ വെങ്കലം നേടി. കേരളത്തിന്റെ തന്നെ മറ്റൊരുതാരമായ വിനിതാ ബാബുവിന് (14.99)— നാലാമതെത്താനേ കഴിഞ്ഞുള്ളൂ.
Next Story

RELATED STORIES

Share it