കേരളത്തിന് അപമാനമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍

പെരുമ്പാവൂര്‍: സാമൂഹിക - സാംസ്‌കാരിക - വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ലജ്ജാവഹമാണെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പി എല്‍ പൂനിയ.
കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി - ഉത്തര്‍പദ്രേശ് പോലുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയിരുന്നത്. എന്നാല്‍, കേരളത്തില്‍ ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഷയുടെ മാതാവിനെ പ്രവേശിപ്പിച്ചിരിക്കുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളുണ്ടോ എന്നതില്‍ കമ്മീഷന്‍ ചെയര്‍മാന്‍ സംശയം പ്രകടിപ്പിച്ചു.
എന്നാല്‍, ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന പരിചരണം മികച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ഒരു ദലിത് കുടുംബത്തോടുള്ള അയല്‍വാസികളുടെ സമീപനം തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത് കമ്മീഷന്‍ വളരെ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍, ആശുപത്രി സൂപ്രണ്ട് ഡോ. സുമ, ചീഫ് ഫിസിഷന്‍ സിജോ കുഞ്ഞച്ചന്‍, റൂറല്‍ എസ്പി യതീഷ് ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ അനില്‍കുമാര്‍ എന്നിവരെ വിളിച്ചു വരുത്തി ഡോ. പി എല്‍ പൂനിയ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംസ്ഥാന പട്ടികജാതി കമ്മീഷനംഗം ഗിരിജ, അഡീഷനല്‍ സെക്രട്ടറി രമാദേവി, പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ ഗേപാലകൃഷ്ണ ഭട്ട് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it