wayanad local

കേരളത്തിന്റെ ഉദാസീനത മുതലെടുത്ത് കര്‍ണാടക

പുല്‍പ്പള്ളി: കബനി ശുദ്ധജലം ജില്ലയിലെ കൃഷിയിടത്തിലെത്തിക്കാന്‍ ഇനിയും പദ്ധതികളായില്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ അലംഭാവവും നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഉദാസീനതയും കര്‍ണാടക മുതലെടുക്കുന്നു.
കബനിയില്‍ കേരളത്തിന് അവകാശപ്പെട്ട വെള്ളം പോലും കര്‍ണാടക ഉപയോഗിക്കുകയാണ്. മുടിക്കോട് അണക്കെട്ട്, മഠാപ്പറമ്പ്‌തോട്-പാക്കം- ആനപ്പാറ, കടമാന്‍തോട്, കടമാന്‍തോട് തടയണ, പെരിക്കല്ലൂര്‍-കുടിയാമ്മല- കടമാന്‍തോട്, സേവ്യംകൊല്ലി- സീതാമൗണ്ട് പദ്ധതികളെല്ലാം കബനിനദിയിലെ വെള്ളം ഉപയോഗിച്ച് പുല്‍പ്പള്ളി മേഖലയില്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കപ്പെട്ടവയോ സര്‍വേ നടത്തുകയോ ചെയ്തിട്ടുള്ളവയാണ്. എന്നാല്‍, ഇതൊക്കെ നടപ്പാക്കുമെന്നു പ്രഖ്യാപിക്കുകയോ റിപോര്‍ട്ട് സമര്‍പ്പിക്കുകയോ മാത്രമാണ് ഇതുവരെയുണ്ടായത്.
200 കോടി രൂപ ചെലവില്‍ ജലസേചന വകുപ്പിന്റെ നിര്‍ദേശപ്രകാരം നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതിയായിരുന്നു കടമാന്‍തോട് അണക്കെട്ട്. ഈ വന്‍കിട അണക്കെട്ട് നിര്‍മിക്കുന്നതോടെ നൂറുകണക്കിന് കെട്ടിടങ്ങളും നിരവധി ഹെക്റ്റര്‍ കൃഷിയിടങ്ങളും മറ്റും വെള്ളത്തിനടിയിലാവുമെന്നും കര്‍ഷക കുടുംബങ്ങള്‍ നാടുവിടേണ്ടിവരുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചതോടെ അധികൃതര്‍ പിന്മാറി.
അതിനു പകരമായി മൂന്നു നാലിടങ്ങളില്‍ ചെറുകിട അണക്കെട്ടുകള്‍ നിര്‍മിച്ച് വെള്ളം ലഭ്യമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടുവെങ്കിലും പരിഗണിച്ചില്ല.
സേവ്യംകൊല്ലി-സീതാമൗണ്ട് ജലസേചന പദ്ധതി 36 കോടി രൂപ ചെലവിലായിരുന്നു ആരംഭിക്കാന്‍ ഉദ്ദേശിച്ചത്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 12 വാര്‍ഡുകളില്‍ ജലസേചനത്തിനുള്ള വെള്ളം കബനിയില്‍ നിന്നു കനാലുകള്‍ വഴി എത്തിക്കുന്നതിനായിരുന്നു അത്. ജലസേചന വകുപ്പിന്റെ തലശ്ശേരി ഡിവിഷനല്‍ ഓഫിസില്‍ നിന്ന് എന്‍ജിനീയര്‍മാരെത്തി സര്‍വേ നടത്തുകയും കനാല്‍ നിര്‍മാണത്തിനായി നാട്ടുകാര്‍ സ്ഥലം വിട്ടുനല്‍കുകയും ചെയ്തതാണ്.
പദ്ധതിയുടെ എസ്റ്റിമേറ്റും പ്രൊജക്റ്റ് റിപോര്‍ട്ടും തയ്യാറാക്കി മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന് ഒന്നാം ഘട്ടമായി 21 കോടി രൂപ അനുവദിക്കുകയും ചെയ്തു. അപ്പോഴേക്കും പഞ്ചായത്തില്‍ ഭരണം മാറി. പുതിയതായി വന്ന ഭരണസമിതി കാര്യങ്ങള്‍ പഠിച്ച് അംഗീകാരത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചപ്പോഴേക്കും ഫണ്ട് ലാപ്‌സാവുകയായിരുന്നു. കേരളത്തിന് അവകാശപ്പെട്ട 16 ടിഎംസി വെള്ളമാണ് കബനിയില്‍ നിന്നു കര്‍ണാടക ഉപയോഗിക്കുന്നത്.
Next Story

RELATED STORIES

Share it