കേരളത്തിനു നിരാശ

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ച പൊതു ബജറ്റില്‍ കേരളത്തിന് നിരാശ. സംസ്ഥാനത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. മെട്രോയ്ക്ക് 450 കോടിയും റബര്‍ബോര്‍ഡിന് 132 കോടി രൂപയും നീക്കിവച്ചതു മാത്രമാണ് ആശ്വസിക്കാന്‍ വകയുള്ളത്.
റബര്‍ വിലയിടിവ് തടയാന്‍ 1000 കോടിയുടെ പാക്കേജ്, റബര്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി ഉയര്‍ത്തുക തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കൊന്നും ബജറ്റ് പരിഗണന നല്‍കിയില്ല. വിലയിടിവ് തടയാന്‍ 1000 കോടിയുടെ പാക്കേജിനൊപ്പം റബറിനെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കണമെന്നു കേരളം ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഒന്നും പരിഗണിച്ചില്ല.
കര്‍ഷകക്ഷേമത്തിനായി പ്രഖ്യാപനങ്ങളുടെ വിഹിതം സംസ്ഥാനത്തെ കൃഷിക്കാര്‍ക്കും കിട്ടുമെന്നു മാത്രം. ഏലം, റബര്‍, കാപ്പി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേരളത്തില്‍നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുകയും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതൊന്നും പരിഗണിച്ചില്ലെന്നു മാത്രമല്ല, ഉണ്ടായിരുന്ന ബജറ്റ് വിഹിതം കൂടി വെട്ടിച്ചുരുക്കുകയും തിരിച്ചുപിടിക്കുകയും ചെയ്തു.
റബര്‍ ബോര്‍ഡിന് കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 161.75 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും ഇപ്പോഴത്തെ ബജറ്റില്‍ 132.75 കോടി രൂപയായി വെട്ടിച്ചുരുക്കി. സ്‌പൈസസ് ബോര്‍ഡിന് കഴിഞ്ഞവര്‍ഷം 95.35 കോടി രൂപ അനുവദിച്ചിരുന്നത് ഇക്കുറി 70.35 കോടിയായി കുറച്ചു. കോഫി ബോര്‍ഡിന് മുന്‍വര്‍ഷത്തെ ബജറ്റില്‍ 136.54 കോടി രൂപ ഉണ്ടായിരുന്നത് 121.52 കോടിയായി കുറഞ്ഞു.
തേയില കര്‍ഷകര്‍ക്കു മാത്രമാണ് നേരിയ ആശ്വാസം. കഴിഞ്ഞ വര്‍ഷം 116.82 കോടി ആയിരുന്നത് ഈവര്‍ഷം 129 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന ആവശ്യവും കേന്ദ്രം കേട്ടില്ല. ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കിയെങ്കിലും കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. എയിംസ്, തിരുവനന്തപുരം ആര്‍സിസിയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക, മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം തുടങ്ങിയ ആവശ്യങ്ങളൊന്നും ബജറ്റ് പ്രസംഗം പരാമര്‍ശിച്ചില്ല. ജനറിക് മരുന്നുകള്‍ക്ക് 200 കടകള്‍ തുറക്കണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. 3000 ജനറിക് മരുന്നുകടകള്‍ തുറക്കുമ്പോള്‍ കേരളത്തിന് വിഹിതം കിട്ടുമെന്ന് പ്രതീക്ഷിക്കാം. എയര്‍ കേരളയ്ക്ക് ഇളവ് പ്രഖ്യാപിച്ചില്ല.
അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പാക്കേജും പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിക്കുള്ള തുക ഉയര്‍ത്തലും കേരളത്തിന്റെ ആവശ്യങ്ങളായിരുന്നു. റോഡ് വികസനത്തിനുള്ള ബജറ്റ് വിഹിതം ഉയര്‍ത്തിയതിന്റെ ഗുണം കേരളത്തിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. വയനാട്ടില്‍ ആദിവാസി പുനരധിവാസത്തിന് 60 കോടി സഹായമെന്ന ആവശ്യവും കണക്കിലെടുത്തില്ല. പമ്പാനദി കര്‍മപദ്ധതിയും ബജറ്റില്‍ ഇടംപിടിച്ചില്ല. കൊച്ചി മെട്രോയ്ക്ക് 450 കോടി വകയിരുത്തിയെങ്കിലും അതില്‍ 404 കോടി വിദേശവായ്പയിലൂടെ കണ്ടെത്തുമെന്നാണ് ജെയ്റ്റ്‌ലി പറഞ്ഞത്.
ഷിപ്പ് യാര്‍ഡിന് 116 കോടിയും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 33 കോടിയും സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് 90 കോടിയും വകയിരുത്തി. കഴിഞ്ഞവര്‍ഷത്തെ ബജറ്റിലെ പുതുക്കിയ ഇനങ്ങളുടെ കൂട്ടത്തിലാണ് ഫാക്ടിന് 1,000 കോടി അനുവദിച്ചത്.
ബജറ്റിനു മുന്നോടിയായി ധനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍, ഇറക്കുമതി തീരുവ 25ല്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തിയാലേ ആഭ്യന്തരവിപണിയില്‍ റബര്‍ വില പിടിച്ചുനിര്‍ത്താനാവൂ എന്ന കേരളത്തിന്റെ നിര്‍ദേശം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും എല്ലാം പാഴായി.

കേരളത്തിന് ഇത്രമാത്രം

  • റബര്‍ ബോര്‍ഡിന് 132.75 കോടി

  • കൊച്ചി മെട്രോയ്ക്ക് 450 കോടി

  • ഫാക്ടിന് 1,000 കോടി

  • കോഫി ബോര്‍ഡിന് 121 കോടി

  •  തേയില ബോര്‍ഡിന് 130 കോടി

  • സ്‌പൈസസ് ബോര്‍ഡിന് 70 കോടി


വിലകൂടും

  • വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍

  • സിഗരറ്റ്

  • ഗിറ്റാര്‍

  • ആഡംബര കാറുകള്‍

  • ടാക്‌സി യാത്ര

  • വിമാനയാത്ര

  • ഫോണ്‍ കോളുകള്‍

  • ഗുഡ്ക

  • മിനറല്‍ വാട്ടര്‍

  • കോല ഉല്‍പന്നങ്ങള്‍

  • ലോട്ടറി ടിക്കറ്റുകള്‍

  • 1000 രൂപയില്‍ അധികമുള്ള ബ്രാന്റഡ് വസ്ത്രങ്ങള്‍

  • സോളാര്‍ വാട്ടര്‍ ഹീറ്റര്‍

  • റസ്റ്റോറന്റുകളിലെ ഭക്ഷണം

  • അലൂമിനിയം ഫോയില്‍

  • പ്ലാസ്റ്റിക് ബാഗ്

  • ചാക്ക്


വിലകുറയും

  • റെഫ്രിജറേറ്ററുകള്‍

  • ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍

  • സൗരവിളക്ക് ൂ സെറ്റ് ടോപ്പ് ബോക്‌സ്

  • മൈക്രോവേവ് ഒാവന്‍

  • സിസിടിവി കാമറ

  • ചെരിപ്പ്

  • ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍

  •  ബ്രോഡ്ബാന്റ് മോഡം

  • സാനിറ്ററി പാഡ്

  • ബ്രെയ്‌ലി പേപ്പര്‍

Next Story

RELATED STORIES

Share it