കേരളം സമ്പൂര്‍ണ ഡിജിറ്റലൈസ്ഡ് സംസ്ഥാനമായി: കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: യുഡിഎഫ് ഭരണത്തില്‍ കേരളം സമ്പൂര്‍ണ ഡിജിറ്റലൈസ്ഡ് സംസ്ഥാനമായി മാറിക്കഴിഞ്ഞുവെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇതിന്റെ പ്രഖ്യാപനം ഒരു മാസത്തിനുള്ളില്‍ നടത്തും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ സാക്ഷരത, സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം എന്നിവയും ഈ നേട്ടം കൈവരിക്കാന്‍ സഹായകരമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട്ട് മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ചു ബോധവല്‍ക്കരിക്കാനും സമത്വവും സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് കേരളയാത്രയെന്നും അദ്ദേഹം പറഞ്ഞു. ബാര്‍കോഴയുടെ പേരില്‍ കെ എം മാണിക്കും കെ ബാബുവിനുമെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ല. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കു തെളിവ് സമര്‍പ്പിക്കാനും ബാധ്യതയുണ്ട്. ഇവ തെളിയിക്കപ്പെടും വരെ ആരോപണങ്ങളായി തുടരും. മദ്യവ്യവസായികളുടെ കച്ചവടം പൂട്ടിയതിനാലാണ് തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. മാണിക്കെതിരേ ഉന്നയിച്ച ഒരു ആരോപണംപോലും ഇവര്‍ക്ക് തെളിയിക്കാന്‍ സാധിച്ചില്ല. മുഖ്യമന്ത്രി തന്നെ മന്ത്രിസഭയിലേക്ക് തിരിച്ചുവരാമെന്ന് മാണിയോട് പറഞ്ഞതായും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഗെയില്‍ പൈപ്പ് ലൈനിന്റെ കാര്യത്തില്‍ ലീഗിന് പെട്ടെന്ന് മറുപടി പറയാന്‍ സാധിക്കില്ല. ജനവാസകേന്ദ്രത്തില്‍ പൈപ്പിടുമ്പോള്‍ ജനങ്ങളുടെ അഭിപ്രായംകൂടി തേടണമെന്നാണ് ലീഗ് നിലപാട്. ലാവ്‌ലിന്‍ കേസ് പൂര്‍ണമായും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. യുഎപിഎ നിയമത്തിന് ലീഗ് എതിരാണ്. എന്നാല്‍, പി ജയരാജനെതിരേ ഈ വകുപ്പ് ചുമത്തിയതിനെ ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതില്ല. എല്‍ഡിഎഫിനോട് ലീഗിന് മൃദുസമീപനമില്ല. അക്രമരാഷ്ട്രീയം അവരുടെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it