കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

തിരുവനന്തപുരം: സംസ്ഥാനം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഇതിനോടകം  പാര്‍ട്ടികള്‍ തങ്ങളുടെ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങി. അതിനിടെ കോണ്‍ഗ്രസ്സും ലീഗും തമ്മിലുള്ള സീറ്റ് വിഭജന തര്‍ക്കം തുടരുകയാണ്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. നവംബര്‍ 2, 5 തിയ്യതികളിലായി രണ്ടുഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പു നടക്കുക. നവംബര്‍ 2ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. നവംബര്‍ 5ന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള സമയം. നവംബര്‍ 7നാണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന ഒക്‌ടോബര്‍ ഏഴുമുതല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.

ഒക്‌ടോബര്‍ 14 വരെ പത്രിക സ്വീകരിക്കും. സൂക്ഷ്മപരിശോധന ഒക്‌ടോബര്‍ 15ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്‌ടോബര്‍ 17 ആണ്. നാമനിര്‍ദേശപത്രിക നല്‍കുന്നവര്‍ക്ക് ഗ്രാമപ്പഞ്ചായത്തുകളില്‍ 1,000 രൂപ, ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി 2,000 രൂപ, ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ 3,000 രൂപ എന്നിങ്ങനെയാണ് ഡെപ്പോസിറ്റ് തുക നിശ്ചയിച്ചിട്ടുള്ളത്. പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്ക് ഇതിന്റെ 50 ശതമാനം കെട്ടിവച്ചാല്‍ മതിയാകും. സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചെവലഴിക്കാവുന്ന തുക ഗ്രാമപ്പഞ്ചായത്ത് 10,000 രൂപ, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ 30,000 രൂപ, ജില്ലാ പഞ്ചായത്തുകള്‍, കോര്‍പറേഷന്‍ 60,000 രൂപ എന്നിങ്ങനെയാണ്.

പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് ഇത്തവണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുക. നിഷേധവോട്ട് (നോട്ട) ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്ഥാനാര്‍ഥികളുടെ ചിത്രവും ബാലറ്റ് യൂനിറ്റില്‍ ഉണ്ടാവില്ല. ഇപ്രാവശ്യം ഫോട്ടോ പതിച്ച വോട്ടര്‍പ്പട്ടികയാണ് ഉപയോഗിക്കുന്നത്. ത്രിതല പഞ്ചായത്തുകളിലേക്ക് മള്‍ട്ടിപോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ത്രിതല പഞ്ചായത്തുകളിലേക്ക് ആദ്യമായാണ് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നത്. 941 ഗ്രാമപ്പഞ്ചായത്തുകളിലെ 15,962ഉം 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,076ഉം 14 ജില്ലാ പഞ്ചായത്തുകളിലെ 331ഉം 86 മുനിസിപ്പാലിറ്റികളിലെ 3,088ഉം ആറു കോര്‍പറേഷനുകളിലെ 414ഉം വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Next Story

RELATED STORIES

Share it