thiruvananthapuram local

കേരളം ജാപ്പനീസ് കമ്പനി മേധാവികളുടെ പ്രിയവേദിയാവുന്നു

തിരുവനന്തപുരം: ഔദ്യോഗിക യോഗങ്ങള്‍ക്കും സെമിനാറുകള്‍ക്കും ഏറ്റവും അനുയോജ്യമായ വേദിയായി കേരളത്തെ അവതരിപ്പിച്ച് ജപ്പാനിലെ വന്‍കിട കമ്പനി മേധാവികള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ ടൂറിസം വകുപ്പ് തയ്യാറെടുക്കുന്നു. സംസ്ഥാന ടൂറിസം സെക്രട്ടറി ജി കമലവര്‍ധന റാവുവും ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ തക്കേഷി യാഗിയും തമ്മില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ബിസിനസ് മീറ്റിങുകളുടെയും കോണ്‍ഫറന്‍സുകളുടെയും പ്രദര്‍ശനങ്ങളുടെയും പ്രധാനവേദിയായി കേരളത്തെ വളര്‍ത്തുന്നതിനുള്ള  പ്രചാരണപരിപാടികള്‍ക്ക് ജാപ്പനീസ് അംബാസഡര്‍ പിന്തുണയറിയിച്ചു.

ജപ്പാന്‍ എംബസി കൗണ്‍സലര്‍ തോഷിഹിറോ യമകോഷിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ടൂറിസം വകുപ്പ് നടപ്പാക്കുന്ന മൈസ് (മീറ്റിങ്‌സ്, ഇന്‍സെന്റീവ്‌സ്, കോണ്‍ഫറന്‍സസ്, എക്‌സിബിഷന്‍സ്) പ്രചാരണ പദ്ധതിയുടെ ഭാഗമായാണിത്. ഇന്ത്യയിലെ ജാപ്പനീസ് കമ്പനി മേധാവികളുടെ യോഗം കേരളത്തില്‍ നടത്താന്‍ ജാപ്പനീസ് അംബാസഡറുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായതായി ജി കമലവര്‍ധനറാവു പറഞ്ഞു.

മീറ്റിങുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കുമായി ജപ്പാനിലെ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ സ്ഥിരമായി വിദേശയാത്രകള്‍ നടത്തുന്നുണ്ട്. ലോകത്തിലെ പല പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സാണ് ഇത്തരം ബിസിനസ് മീറ്റിങുകള്‍. കേരളത്തിന്റെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്‍ഡോ-ജാപ്പനീസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ യോഗം കേരളത്തില്‍ നടത്താമെന്ന് ജാപ്പനീസ് അംബാസഡര്‍ നിര്‍ദേശിച്ചു.

കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തെ പുകഴ്ത്തിയ തക്കേഷി യാഗി പരമ്പരാഗത ചികില്‍സാരീതിയായ ആയുര്‍വേദത്തിന് ജപ്പാനില്‍ സാധ്യതകളേറെയാണെന്നു ചൂണ്ടിക്കാട്ടി. ജപ്പാനില്‍ ആയുര്‍വേദം പ്രചരിപ്പിക്കുന്നതിനു സാധ്യമായ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനംചെയ്തു.
Next Story

RELATED STORIES

Share it