കേരളം കൊടുംചൂടിലേക്ക്

പി എച്ച് അഫ്‌സല്‍

തിരുവനന്തപുരം: ജനങ്ങളെ ആശങ്കയിലാക്കി കേരളത്തിലെ അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ഡിഗ്രി കൂടുതല്‍ ചൂടാണ് പലയിടത്തും രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് അറിയിച്ചു. പതിവിനു വിപരീതമായി ഇത്തവണ കണ്ണൂരിലാണ് ചൂടു കൂടുതല്‍ അനുഭവപ്പെട്ടത്.
ഇന്നലെ 39 ഡിഗ്രി ചൂട് കണ്ണൂരില്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കണ്ണൂരിലെ ഉയര്‍ന്ന താപനില 34 ഡിഗ്രിയായിരുന്നു. എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്താറുള്ള പാലക്കാട് ഇത്തവണ താരതമ്യേന ചൂടു കുറവാണ്. 34 ഡിഗ്രി ചൂടാണ് ഇന്നലെ പാലക്കാട്ട് അനുഭവപ്പെട്ടത്. കണ്ണൂര്‍ കഴിഞ്ഞാല്‍ കോഴിക്കോടു ജില്ലയിലാണ് കൂടുതല്‍ ചൂടു രേഖപ്പെടുത്തിയത്. 37.6 ഡിഗ്രിയാണ് ഇന്നലെ കോഴിക്കോട്ടു രേഖപ്പെടുത്തിയത്. ശരാശരിയേക്കാള്‍ നാല് ഡിഗ്രി കൂടുതലാണിത്. മലപ്പുറത്തും ശരാശരിയേക്കാള്‍ മൂന്ന് ഡിഗ്രി ചൂട് കൂടുതലാണ് അനുഭവപ്പെട്ടത്. 32.6 ഡിഗ്രിയാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്.
വേനല്‍ കനക്കുന്നതിന് മുമ്പ് ചൂട് ക്രമാതീതമായി വര്‍ധിച്ചത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാ ര്‍ച്ച് അവസാനത്തില്‍ അനുഭവപ്പെട്ടതിനേക്കാള്‍ കനത്ത ചൂടാണ് ഇത്തവണ ഫെബ്രുവരി പകുതിയോടെ അനുഭവപ്പെടുന്നത്. താപനില വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ സമയങ്ങള്‍ ക്രമീകരിക്കുന്നതടക്കമുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിരുന്നു. നിരവധി പേര്‍ക്ക് സൂര്യാഘാതമേറ്റതിനെ തുടര്‍ന്നായിരുന്നു സമയക്രമീകരണം ഏര്‍പ്പെടുത്തിയത്.
എന്നാല്‍, ഇത്തവണ വേനല്‍ കനക്കുന്നതിനു മുമ്പു തന്നെ താപനില കൂടിയിരിക്കുകയാണ്. പാലക്കാട് 37.4, കോട്ടയം-34, കോഴിക്കോട്-34, കൊച്ചി-33, പുനലൂര്‍-36.5 എന്നിങ്ങനെയാണ് കഴിഞ്ഞ മാര്‍ച്ചിലെ ചൂട്. ഇതാണ് ഇത്തവണ അഞ്ച് ഡിഗ്രി വര്‍ധിച്ചിരിക്കുന്നത്.
വരുംദിവസങ്ങളില്‍ ചൂടു കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു. വരണ്ട കാലാസ്ഥയാണ് ചൂട് ക്രമാതീതമായി വര്‍ധിക്കാന്‍ ഇടയാക്കിയത്. വടക്കേ ഇന്ത്യയില്‍ നിന്നുള്ള വരണ്ട കാറ്റ് വീശുന്നതാണ് ചില ദിവസങ്ങളില്‍ അസഹനീയമായി താപനില ഉയരാന്‍ കാരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ തേജസിനോടു പറഞ്ഞു. അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറഞ്ഞതു മൂലം മേഘങ്ങള്‍ രൂപപ്പെടുന്നില്ല. വരുംദിവസങ്ങളില്‍ ഈ അവസ്ഥ കൂടുതല്‍ രൂക്ഷമാവും. മാര്‍ച്ചില്‍ സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരെ മുകളില്‍ എത്തുന്നതോടെ താപനില ഇനിയും വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it