Life Style

കേരളം കുരുക്കില്‍

കേരളം കുരുക്കില്‍
X
.justice kt thomas


''തീരെ വയ്യാ, രണ്ട് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ എഴുപത്തിയെട്ടുകാരനാണു ഞാന്‍.'' മുഖവുരയില്ലാതെയാണു ജസ്റ്റിസ് കെ.ടി. തോമസ് സംസാരിച്ചുതുടങ്ങിയത്. തന്നെ കൂടുതല്‍ വിവാദത്തിലാക്കരുതെന്നു പറഞ്ഞ് അദ്ദേഹം പുഞ്ചിരിച്ചു. മുല്ലപ്പെരിയാര്‍ കേസില്‍ കേരളം തോറ്റതിന്റെ കാര്യവും കാരണവുമന്വേഷിക്കുകയാണ് ലക്ഷ്യമെന്നറിയിച്ചതോടെ സംഭാഷണം ഗൗരവത്തിലായി; സൗമ്യത തെല്ലും കൈവിടാതെ തന്നെ.


കേരളം തോറ്റിട്ടില്ല


''ആരു പറഞ്ഞു മുല്ലപ്പെരിയാര്‍ കേസില്‍ കേരളം തോറ്റെന്ന്?'' അദ്ദേഹം ചോദിച്ചു. തോറ്റിട്ടില്ല. ആ വാദം അംഗീകരിക്കുന്നുമില്ല. പുതിയ ഡാം പണിയാന്‍ അനുമതി നമുക്കു കിട്ടിയിട്ടുണ്ട്. അതിന് തമിഴ്‌നാടുമായി യോജിപ്പിലെത്തിയാല്‍ മതിയാവും. താഴ്ന്ന ജലനിരപ്പില്‍ ടണല്‍ നിര്‍മിച്ച് എന്നെന്നേക്കുമായി അണക്കെട്ടുയര്‍ത്തുന്ന ഭീഷണി ഒഴിവാക്കാനുള്ള പോംവഴിയും കോടതി നിര്‍ദേശിച്ചിട്ടില്ലേ? പൂര്‍ണ സുരക്ഷിതമെന്നു കണ്ടെത്തിയിട്ടും 155 അടി സംഭരണശേഷിയുള്ള അണക്കെട്ടില്‍ 142 അടി വെള്ളം സംഭരിക്കാനാണു സുപ്രിംകോടതി തമിഴ്‌നാടിനെ അനുവദിച്ചത്.


ഇതു സംബന്ധിച്ച മേല്‍നോട്ടത്തിനായി കേരളത്തിന്റെ കൂടി പ്രതിനിധി ഉള്‍പ്പെട്ട വിദഗ്ധസമിതിയുമുണ്ടാവും. ഇതൊക്കെ എങ്ങനെ കോട്ടമാവും? ഒരു കേസില്‍ കോടതി വിധി പ്രസ്താവിക്കുന്നത് അവരുടെ മുമ്പില്‍ വരുന്ന വസ്തുതകളും പഠനറിപോര്‍ട്ടുകളുമൊക്ക പരിഗണിച്ചും വാദപ്രതിവാദങ്ങള്‍ അടിസ്ഥാനമാക്കിയുമാണ്.


രാജ്യത്തിന്റെ പരമോന്നത നീതിപീഠവും രണ്ടു ഘട്ടങ്ങളിലായി കേസ് പരിഗണിച്ച ന്യായാധിപരും സുപ്രിംകോടതിക്കു വേണ്ടി അണക്കെട്ടിനെക്കുറിച്ച് എണ്ണമറ്റ പഠനങ്ങള്‍ നടത്തിയ ഉന്നതാധികാരസമിതിയും അതിലെ സാങ്കേതികവിദഗ്ധരും കേരളത്തോടു ശത്രുതയോടെ പെരുമാറുമെന്ന ചിന്തയുടെ   യുക്തിയെന്താണ്? എന്താണ് ഈ മുന്‍വിധിയുടെ പിന്നിലുള്ള രാഷ്ട്രീയം? ഡാം സുരക്ഷിതമാണെന്ന സത്യം കേരളം അംഗീകരിക്കാന്‍ ഇനിയും തയ്യാറാവാത്തത് എന്തുകൊണ്ടാണ്? എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല.


ഈ അണക്കെട്ടു തകരരുതെന്നത് മറ്റാരേക്കാളും തമിഴ്‌നാടിന്റെ ആവശ്യമാണ്. കാരണം, മുല്ലപ്പെരിയാറിലെ ജലം തമിഴ്‌നാടിന്റെ ജീവന്‍ തന്നെയാണ്. ദുരന്തം വേണ്ട, ഒരു ചെറിയ അപകടമെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് ഏറ്റവും കൂടുതല്‍ നേരിടേണ്ടിവരുന്നതു തമിഴ്‌നാടായിരിക്കും. അതിനുള്ള സാഹചര്യം അവരുണ്ടാക്കുമെന്നു കരുതാനാവില്ല.''ഞാനെന്തായിരുന്നു കേരളത്തിനു വേണ്ടി ചെയ്യേണ്ടിയിരുന്നത്?'' അദ്ദേഹം അക്ഷമയോടെ ചോദിച്ചു.


അസംഖ്യം പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും ഉന്നതാധികാരസമിതിയിലെ സാങ്കേതിക വിദഗ്ധരുടെയും അഭിപ്രായങ്ങളെ അവഗണിച്ച് ഡാം ഇപ്പോള്‍ പൊട്ടുമെന്നു വിളിച്ചുപറയണമായിരുന്നോ? എങ്കില്‍ എനിക്കു പൂമാലകള്‍ കിട്ടുമായിരുന്നോ? വിമര്‍ശനങ്ങളെ അവഗണിക്കാന്‍ ഒട്ടേറെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഉപദേശിച്ചിരുന്നു. അടിയന്തരാവസ്ഥയെ ശക്തിയുക്തം എതിര്‍ത്ത രാഷ്ട്രീയത്തിനുടമയായ ഞാന്‍ കൈയടിക്കുവേണ്ടി സത്യം മാറ്റിപ്പറയില്ല. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് മൂന്ന് ഡാം വിദഗ്ധരും ഏഴ് ചീഫ് എന്‍ജിനീയര്‍മാരും 11 ജഡ്ജിമാരും ഇതിനകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.


പഠനങ്ങളും നിരീക്ഷണങ്ങളും കണ്ടെത്തലുകളുമായി 50,000ലേറെ പേജുകളുള്ള റിപോര്‍ട്ടാണു റിട്ട. ചീഫ് ജസ്റ്റിസ് എ.എസ്. ആനന്ദ് ചെയര്‍മാനായ ഉന്നതാധികാര സമിതി തയ്യാറാക്കി നല്‍കിയത്. അതിനെ വെറുതെ നിരാകരിക്കാനാവില്ല. ഡാം തകരുമെന്ന മട്ടില്‍ പ്രചാരണം നടത്തി ജനത്തെ ഭ്രാന്തു പിടിപ്പിക്കുന്നത് അവസാനിപ്പിക്കുകയെന്ന സമീപനമാണു വേണ്ടത്.


ഭീതി അകന്നുവെന്ന യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കടമ മാധ്യമങ്ങളും സര്‍ക്കാരും ഏറ്റെടുക്കണം. സത്യത്തിനു നേരെ കണ്ണടയ്ക്കരുത്. ലോകത്ത് ഒരു ഡാമിനെക്കുറിച്ചും ഇന്നോളം ആരും നടത്താത്ത തരത്തില്‍ ദീര്‍ഘമായ പഠനങ്ങളാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടായത് - ജസ്റ്റിസ് തോമസ് അഭിപ്രായപ്പെട്ടു.


ഡാം സുശക്തം


mullaperiyar damകാലികമായി ആവശ്യമാവുന്ന ബലപ്പെടുത്തലുകള്‍ മുടങ്ങാതെ നടത്തിയാല്‍ നമുക്കു പേടികൂടാതെ കഴിയാം. രാജ്യത്തെ പ്രഗല്ഭനായ ഡാം വിദഗ്ധന്‍ കേരളീയനായ ഡോ. കെ.സി. തോമസിന്റെ നേതൃത്വത്തില്‍ 1979 മുതല്‍ 82 വരെയുള്ള കാലത്ത് മൂന്നു ഘട്ടങ്ങളിലായി ഡാം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപോര്‍ട്ട് കേരളസര്‍ക്കാര്‍ അംഗീകരിച്ചിട്ടുമുള്ളതാണ്. ഡാം സുരക്ഷിതമാണെന്ന സുപ്രിംകോടതി വിധി സംസ്ഥാനത്തിന് ആശ്വാസവും സന്തോഷവുമല്ലേ പകരേണ്ടത്. എന്നാല്‍, കേരളത്തിന് തിരിച്ചടിയായെന്ന പ്രചാരണമാണുണ്ടാവുന്നത്. കാന്‍സര്‍ ബാധിച്ച കുടുംബനാഥന് രോഗം ഭേദമായപ്പോള്‍ മറിച്ചാവണമെന്ന മട്ടില്‍ വീട്ടുകാര്‍ നിലവിളിക്കുന്നതിനു തുല്യമാണ് ഇത്.


ഈ അവിശ്വാസം, ഈ വിലാപം എന്തിനുവേണ്ടി? സുപ്രിംകോടതി ജഡ്ജിയായിരിക്കെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രതിയായ മൂന്നു കേസുകള്‍ എന്റെ മുന്നില്‍ വന്നു.
മൂന്നിലും എതിരായിരുന്നു വിധി. അങ്ങനെയുള്ള എനിക്കെതിരേ തിഴ്‌നാടിന്റെ അതിഥിമന്ദിരത്തില്‍ തങ്ങിയതിന്റെ പേരില്‍പ്പോലും കുപ്രചാരണമുണ്ടായി. ഉന്നതാധികാരസമിതിയിലെ തമിഴ്‌നാടിന്റെ പ്രതിനിധി കേരളത്തിന്റെ ഗസ്റ്റ്ഹൗസില്‍ താമസിച്ചപ്പോള്‍ അവിടത്തുകാര്‍ അങ്ങനെയൊരു ആരോപണം ഉയര്‍ത്തിയില്ലല്ലോ. സമിതിയിലെ അംഗങ്ങള്‍ക്കായി താമസവും ഭക്ഷണവുമൊക്കെ ഏര്‍പ്പെടുത്തുന്നത് അതിന്റെ സെക്രട്ടറിയാണ്. അല്ലാതെ ഞങ്ങള്‍ നേരിട്ടായിരുന്നില്ല. ഉന്നതാധികാരസമിതി അംഗമെന്ന നിലയിലുള്ള എന്റെ പ്രാതിനിധ്യം ദുര്‍വ്യാഖ്യാനിക്കുന്നത് അറിവില്ലായ്മ കൊണ്ടാണ്. കേരളത്തിനു വേണ്ടി വാദിക്കാനാണു സമിതിയിലുള്‍പ്പെടുത്തിയതെന്ന രീതിയിലാണു പ്രചാരണം. ഒരു റിട്ട. സുപ്രിംകോടതി ന്യായാധിപന് ഒരാള്‍ക്ക് ആര്‍ക്കുവേണ്ടിയും വാദിക്കാനാവില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124(7) പ്രകാരം അതിന് അനുവാദമില്ല.


അര്‍ധ ജുഡീഷ്യല്‍ അധികാരത്തോടെയാണ് ഉന്നതാധികാര സമിതിയെ രൂപീകരിച്ചത്. അവിടെ കേരളത്തിനായി വാദിക്കാന്‍ മണിക്കൂറിനു ലക്ഷങ്ങള്‍ വിലയുള്ള അഭിഭാഷകരെ ചുമതലപ്പെടുത്തിയതു പിന്നെ എന്തിനായിരുന്നു? എന്നിലര്‍പ്പിതമായ കര്‍ത്തവ്യം നൂറു ശതമാനവും നിറവേറ്റിയെന്ന ചാരിതാര്‍ഥ്യം എനിക്കുണ്ട്. ഉന്നതാധികാര സമിതി റിപോര്‍ട്ടോ, കോടതിവിധികളോ വായിക്കുക പോലും ചെയ്യാത്തവര്‍ നടത്തിയ വിലകുറഞ്ഞ വിമര്‍ശനങ്ങള്‍ക്കു മറുപടിപറയേണ്ടി വന്ന ഗതികേടില്‍ ദുഃഖമുണ്ട്. സുശക്തമെന്നു കണ്ടെത്തിയിട്ടും പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യം ഉന്നതാധികാരസമിതിയുടെ ശുപാര്‍ശയിലുള്‍പ്പെടുത്തിയത് ഏറെ പ്രയത്‌നിച്ചിട്ടാണ്. അതു കാണാന്‍ കണ്ണുള്ളവരുണ്ടായില്ല.


കേരളത്തിന്റെ ഏറ്റവും വലിയ ഉല്‍ക്കണ്ഠ ജനങ്ങളുടെ ജീവനും അതിനെച്ചൊല്ലിയുള്ള ഭീഷണിയുമായിരുന്നെങ്കില്‍ അത്തരത്തിലുള്ള വാദമുഖങ്ങളും പഠനങ്ങളും റിപോര്‍ട്ടുകളുമാണ് ഉണ്ടാവേണ്ടിയിരുന്നത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് ഒരു പഠനം പോലും നടത്താന്‍ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല. മാത്രമല്ല, ദുരന്തബാധിതപ്രദേശങ്ങളെ അടയാളപ്പെടുത്തുന്ന ടോമോഗ്രഫി പോലും (പ്രളയഭൂപടം) ഇപ്പോഴും നമ്മുടെ പക്കല്‍ ഇല്ല. പുതിയ അണക്കെട്ടു നിര്‍മിക്കുന്നതു സംബന്ധിച്ച ഡിറ്റെയില്‍ഡ് പ്രൊജക്ട് റിപോര്‍ട്ട്  യഥാസമയം ഉന്നതാധികാരസമിതിക്കു സമര്‍പ്പിക്കാത്തതിനു ബന്ധപ്പെട്ടവരെ പലകുറി ഞാന്‍ ശകാരിച്ചിട്ടുണ്ട്. സമിതിക്കു മുന്നിലെത്തിയ റൂര്‍ക്കി, ഡല്‍ഹി ഐ.ഐ.ടികളുടെ പഠനറിപോര്‍ട്ടുകള്‍  ഉന്നതാധികാരസമിതി തള്ളിക്കളഞ്ഞത് യുക്തമായ കാരണങ്ങളാലാണ്.


മീറ്റല്‍ കമ്മീഷനില്‍ അംഗമായിരുന്ന സംസ്ഥാന പ്രതിനിധിയായ എന്‍ജിനീയര്‍ ആ കമ്മീഷനില്‍ ഒപ്പിടാതിരുന്നതു മനസ്സിലാവും. എന്നാല്‍, ഒരു വിയോജനക്കുറിപ്പെങ്കിലും എഴുതി നല്‍കാതിരുന്നതിനു ന്യായീകരണമുണ്ടോ? ഉന്നതാധികാരസമിതിയിലെ എന്റെ വിയോജനക്കുറിപ്പിലെ പ്രസക്തമായ നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളാനൊ സുപ്രിംകോടതിയുടെ മുമ്പില്‍ എത്തിക്കാനൊ കേരളം ശ്രദ്ധ ചെലുത്തിയില്ല.


2006ലെ കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാതെ പോയതും വലിയ വീഴ്ചയാണ്. കോടതിവിധിയെ മറികടക്കാന്‍ നിയമം കൊണ്ടുവരുന്നതിനെ ന്യായീകരിക്കാനാവില്ല. അങ്ങനെ ഓരോ സംസ്ഥാനവും ചെയ്തുതുടങ്ങിയാല്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തന്നെ അപകടത്തിലാവില്ലേ? തിരുവിതാംകൂര്‍ ഇല്ലാതായി, കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ കരാര്‍ പുതുക്കിയെഴുതാന്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കിയതു മുതല്‍ നമുക്കു പിഴവുപറ്റിയിട്ടുണ്ട്. തമിഴ്‌നാട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനെതിരായി 1941ലെ പെരിയാര്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ ഉത്തരവും അന്നുണ്ടായിരുന്നു.


ഈ പശ്ചാത്തലത്തില്‍ കേരളത്തിനനുകൂലമായി കരാര്‍ പുതുക്കാന്‍ അന്നത്തെ ജനകീയ ഭരണകൂടത്തിനും കഴിയാതെ പോയതില്‍ സങ്കടപ്പെടുകയല്ലാതെന്തു ചെയ്യാന്‍! കോടിക്കണക്കിനു രൂപയുടെ വൈദ്യുതിയാണ് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ കൊണ്ടുണ്ടാക്കുന്നത്. ഇതിന്റെ പകുതി നമുക്ക് അവകാശപ്പെടാവുന്നതാണ്. അതു ചെയ്യുന്നില്ല. പാളിച്ചകളെ എടുത്തുപറയുകയല്ല, അവയെ കാണാതിരിക്കരുത് എന്ന് ഓര്‍മപ്പെടുത്തുകയാണ്.


മുല്ലപ്പെരിയാറില്‍  രാഷ്ട്രീയഅതിപ്രസരം


മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനുള്ളില്‍ ഇത്രയുമധികം രാഷ്ട്രീയഅതിപ്രസരമുണ്ട് എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ഈ ചുമതല സ്വീകരിക്കുമായിരുന്നില്ലെന്ന് ജസ്റ്റിസ് തോമസ് പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ തീരുമാനം കൈക്കൊള്ളാനാണെങ്കില്‍ മാത്രമേ ഈ ദൗത്യം ഏറ്റെടുക്കുകയുള്ളൂവെന്ന് അന്ന് മന്ത്രി എന്‍.കെ. പ്രേമചന്ദ്രനോടു പറഞ്ഞിരുന്നു. നീതിപൂര്‍വമുള്ള തീരുമാനമാണു കേരളത്തിനും വേണ്ടതെന്ന പ്രേമചന്ദ്രന്റെ വാക്കുകളെ വിശ്വസിച്ചാണ് ഈ പദവി ഏറ്റെടുത്തത്. പിന്നീടു ഭരണമാറ്റം ഉണ്ടായ വേളയില്‍ ഉന്നതാധികാര സമിതിയിലെ അംഗത്വം രാജിവയ്ക്കുന്നതിനെക്കുറിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചിരുന്നു. എന്നാല്‍, അതു വേണ്ടെന്നും അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലാണെന്നും അറിയിച്ചതിനെ തുടര്‍ന്നു പദവിയില്‍ തുടരുകയായിരുന്നു. ഒടുവില്‍, സത്യം പറയേണ്ടി വന്നതിന്റെ പേരില്‍ പി.ജെ. ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി വന്നു. ഉന്നതാധികാര സമിതി റിപോര്‍ട്ട് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തപ്പോള്‍ എനിക്കെതിരേ ഒന്നും പറയാതിരുന്ന ഇദ്ദേഹം അതുകഴിഞ്ഞപ്പോള്‍ നിരന്തരമായി വേട്ടയാടിത്തുടങ്ങി. ഉന്നതാധികാരസമിതി റിപോര്‍ട്ടു സമര്‍പ്പിച്ച വേളയില്‍ ആദ്യമായി എന്നെ ഫോണില്‍ വിളിച്ചനുമോദിച്ചതു മന്ത്രി പി.ജെ. ജോസഫായിരുന്നു. പിന്നീട് എന്തുകൊണ്ടാണു സമീപനത്തില്‍ മാറ്റം വന്നതെന്ന് അറിയില്ല.


വല്ലാത്തൊരു കുരുക്കില്‍


മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയില്‍ അംഗമാവണമെന്ന അഭ്യര്‍ഥന സ്വീകരിച്ചതോടെ താന്‍ വല്ലാത്തൊരു കുരുക്കിലാണു പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. സമിതിയുടെ യോഗങ്ങളില്‍ സംബന്ധിക്കാന്‍ പോയപ്പോഴൊക്കെ താമസിച്ച സ്ഥലങ്ങള്‍ക്കും കഴിച്ച ഭക്ഷണത്തിനും മറ്റും പൊതുജനങ്ങളോടു കണക്കുപറയേണ്ടിവന്നല്ലോ എന്നോര്‍ത്ത് മനസ്സ് വല്ലാതെ വിഷമിക്കുകയാണ്.


മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പരിഹരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ ഊരാക്കുടുക്കാണു മുല്ലപ്പെരിയാറെന്നും വൈകിയ വേളയിലെങ്കിലും ഞാന്‍ തിരിച്ചറിയുന്നു- ജസ്റ്റിസ് തോമസ് പറഞ്ഞു. സ്വാശ്രയ-പ്രഫഷനല്‍ കോളജുകളുടെ ഫീസ് നിര്‍ണയ സമിതി, കേരള പോലിസ് നവീകരണ കമ്മിറ്റി, പ്രഫഷനല്‍ -സ്വാശ്രയ കോളജുകളിലെ പ്രവേശനത്തിലെ സുതാര്യത പരിശോധിക്കുന്ന സമിതി എന്നിവയുടെ ചെയര്‍മാനായിരുന്നു ഞാന്‍.


സ്വാശ്രയ-പ്രഫഷനല്‍ കോളജുകളുടെ ഫീസ് നിര്‍ണയസമിതിക്കായി അനുവദിച്ച തുകയുടെ പകുതിയോളം ചെലവിട്ടു ബാക്കി സര്‍ക്കാരിനു തിരികെ നല്‍കിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞ നല്ല വാക്കുകള്‍ മനസ്സില്‍ സൂക്ഷിക്കുന്നു. ഓരോ കമ്മീഷനുകളും കൊടുക്കുന്നതു 'പോരാ, പോരാ' എന്ന മുറവിളിയല്ലാതെ അനുവദിച്ച പണം മിച്ചം കിട്ടിയ അനുഭവം ആദ്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


ഒടുവില്‍ ഒന്നുകൂടിപ്പറയാം സത്യം വിളിച്ചുപറയാന്‍ മടികാട്ടാത്ത, ആര്‍ജവമുള്ള ഭരണകര്‍ത്താക്കളുണ്ടായിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ ഒരു പ്രശ്‌നമേ ആവുമായിരുന്നില്ല. തന്റേടത്തോടെ, തന്ത്രജ്ഞതയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നോട്ടുപോവാമായിരുന്നു. കേരളത്തിന്റെ ദുരവസ്ഥയെക്കുറിച്ചോര്‍ത്തു കേഴുക മാത്രമേ ഇന്നിനി കരണീയമായുള്ളൂ. ബാക്കി മറ്റൊരവസരത്തിലാവാമെന്ന് പറഞ്ഞ് അദ്ദേഹം നിര്‍ത്തി.

Next Story

RELATED STORIES

Share it