കേന്ദ്ര സര്‍വകലാശാലയില്‍ പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് വിവേചനം

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ വിവേചനം നേരിടുന്നതായി ആരോപണം. ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിദ്യാര്‍ഥികളാണ് പീഡനത്തിനിരയാവുന്നതില്‍ ഭൂരിഭാഗവും. ഫെലോഷിപ് കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന പരാതിയുമുണ്ട്.
പലവട്ടം അധികൃതരെ സമീപിച്ചിട്ടും തുടര്‍പഠനത്തിന് അവസരം ഒരുക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി. വകുപ്പ് മേധാവികളുടെ പ്രതികാര നിലപാടിനെത്തുടര്‍ന്ന് രണ്ട് ദലിത് വിദ്യാര്‍ഥികള്‍ക്ക്— പഠനം പൂര്‍ത്തിയാക്കാനായിട്ടില്ല. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ദലിത് വിദ്യാര്‍ഥിനിയുടെ പ്രൊജക്റ്റ് റിപോര്‍ട്ടില്‍ വകുപ്പ് മേധാവി ഒപ്പിടാത്തതിനാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ല. മറ്റൊരാള്‍ വകുപ്പ് മേധാവിയുടെ പെരുമാറ്റത്തില്‍ മനംനൊന്ത്് എംഫില്‍ പേപ്പര്‍ സമര്‍പ്പിക്കാതെ നാട്ടിലേക്ക് മടങ്ങി.
സര്‍വകലാശാലയുടെ ഗവേഷണ കേന്ദ്രമായി തൃശൂരിലെ കിലയെ തീരുമാനിച്ചിരുന്നു. ഇതിന് യുജിസിയുടെ അംഗീകാരം ഇല്ലെന്ന വിവരം പുറത്തുവന്നതോടെ ഇവിടെ കേന്ദ്രമാക്കിയ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. അതേസമയം, ഇവിടെയുള്ളവര്‍ക്ക് ഫെലോഷിപ്പ് ഉള്‍പ്പെടെ നല്‍കാതെ നിരന്തരം പീഡിപ്പിക്കുന്ന സമീപനമാണ് സര്‍വകലാശാല അധികൃതര്‍ സ്വീകരിക്കുന്നതെന്ന് പരാതിയുണ്ട്. ഹൈക്കോടതി വിധിയിലൂടെ പിഎച്ച്ഡി പ്രവേശനം നേടിയ പയ്യന്നൂര്‍ സ്വദേശി പി വി അനൂപിനെതിരേ വ്യക്തിപരമായ ആരോപണം ഉന്നയിച്ച് രജിസ്ട്രാറുടെ ചുമതലയുള്ള അധ്യാപകന്‍ കില ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു.
ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സിന് ചേര്‍ന്ന മലപ്പുറം സ്വദേശി ഫാത്തിമയ്ക്ക് ഒരു വര്‍ഷമായിട്ടും പിഎച്ച്ഡി രജിസ്‌ട്രേഷന്‍ നല്‍കുന്നില്ല. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ലീവെടുത്താണ് ഇവര്‍ പഠനത്തിനെത്തിയത്. തുടര്‍പഠനത്തിന് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണിവര്‍. കാസര്‍കോട് സ്വദേശിനിയായ മറ്റൊരു വിദ്യാര്‍ഥിനിക്ക് ഡോക്ടറല്‍ കമ്മിറ്റിയിലെ പ്രസന്റേഷനുശേഷം എട്ടു മാസം കഴിഞ്ഞാണ് രജിസ്‌ട്രേഷന്‍ നല്‍കിയത്. ഇത്രയും കാലത്തെ സ്‌റൈപ്പന്റ് ഉള്‍പ്പടെ നിഷേധിച്ചാണ് ഇവരെ പഠിക്കാന്‍ അനുവദിക്കുന്നത്.
Next Story

RELATED STORIES

Share it