Middlepiece

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദലിത് വിരുദ്ധര്‍

അരുന്ധതി ബി

ഇവിടത്തെ വിദ്യാര്‍ഥിനികളോടാണ് നിന്നെയൊക്കെ ഞങ്ങള്‍ റേപ്പ് ചെയ്യുമെന്ന് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സുകാര്‍ ഉറക്കെ വിളിച്ചുപറഞ്ഞത്. ഇത്തരത്തില്‍ അപമാനിക്കപ്പെടുന്ന പെണ്‍കുട്ടികളോട് നിങ്ങള്‍ക്ക് ഒന്നും പറയാനില്ലേ?
അതുകൊണ്ടുതന്നെയാണു പറയുന്നത് ഇത് അപ്പാ റാവു മാത്രം നടത്തുന്നൊരു ഭീകരതയല്ല. ഇതെല്ലാം ചെയ്യാന്‍ ആ മനുഷ്യന് അനുവാദവും അധികാരവും കൊടുത്തിരിക്കുന്നത് കേന്ദ്ര സര്‍ക്കാരും തെലങ്കാന സര്‍ക്കാരുമാണ്. സംസ്ഥാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ദലിത് വിരുദ്ധരായിട്ടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയാണ് ഇവിടെ കാണുന്നത്.
നിശ്ശബ്ദത രാഷ്ട്രീയം തന്നെയാണെന്നു ഞങ്ങള്‍ക്ക് മനസ്സിലാവും. നിങ്ങള്‍ മിണ്ടാതിരിക്കുകയാണെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ മര്‍ദ്ദകന്റെ കൂടെയാണെന്നാണ്. ഇവിടെ ആരൊക്കെയാണ് മിണ്ടാതിരിക്കുന്നതെന്നു കൃത്യമായി ഞങ്ങള്‍ക്കു മനസ്സിലാവുന്നുണ്ട്. പ്രധാനമന്ത്രി മിണ്ടുന്നില്ല, എംഎച്ച്ആര്‍ഡി മന്ത്രി മിണ്ടുന്നില്ല, സംസ്ഥാന മുഖ്യമന്ത്രി മിണ്ടുന്നില്ല- ഈ നിര നീളും. പക്ഷേ, അവരുടെ രാഷ്ട്രീയം വ്യക്തമാക്കപ്പെടുകയാണ്.
ഇവരോടൊപ്പം ചേര്‍ക്കേണ്ടിവരുന്നത് കേരള മുഖ്യമന്ത്രിയെയുമാണ്. ഇവിടെനിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയിട്ടുള്ളവരില്‍, ഉപദ്രവിക്കപ്പെട്ടവരില്‍, സമരം ചെയ്തവരില്‍ നിരവധി മലയാളി വിദ്യാര്‍ഥികളുമുണ്ട്. എന്തെങ്കിലും പരിഗണന ആ കുട്ടികളോടുണ്ടെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വായ തുറക്കണമായിരുന്നു. നിയമത്തിനു വിരുദ്ധമായി അവരെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന്റെ വഴിയില്‍ തന്നെ അതു നേരിടാമെന്നു മുഖ്യമന്ത്രിക്കു പറയാമായിരുന്നു. ആ വിദ്യാര്‍ഥികള്‍ എവിടെയാണെന്നുപോലും അറിയാത്ത അവസ്ഥയിലാണ്. കടുത്ത മനുഷ്യാവകാശലംഘനത്തിനാണ് അവര്‍ ഇരകളാവുന്നത്. ഇതേക്കുറിച്ച് ചന്ദ്രശേഖര റാവുവിനോട് മറുപടി പറയാന്‍ ആവശ്യപ്പെടാമായിരുന്നു അദ്ദേഹത്തിന്. എന്നിട്ടും ഒരക്ഷരം ഇതേക്കുറിച്ച് സംസാരിക്കാന്‍ കേരള മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
ഇനി മറ്റൊരു കൂട്ടരുണ്ട്; മാധ്യമങ്ങള്‍. അവര്‍ ധരിച്ചുവച്ചിരിക്കുന്നത് ഇന്ത്യ എന്നാല്‍ ഡല്‍ഹിയാണെന്നാണ്. ഡല്‍ഹിയെന്ന മെട്രോപൊളിറ്റന്‍ നഗരത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് പ്രധാനപ്പെട്ടതെന്ന വിശ്വാസമാണ് എല്ലായ്‌പ്പോഴും അവരെ ഭരിക്കുന്നത്. മറ്റൊന്ന് അവരുടെ സൗകര്യമാണ്. എല്ലാ മാധ്യമങ്ങളുടെയും പ്രധാനകേന്ദ്രം ഡല്‍ഹി ആണല്ലോ. അങ്ങനെ വരുമ്പോള്‍ ഡല്‍ഹിയിലുള്ള ജെഎന്‍യുവിനു കിട്ടുന്ന പ്രാധാന്യം ഹൈദരാബാദില്‍ ഇരിക്കുന്ന യുഒഎച്ചിന് കിട്ടില്ല. കേരളത്തിലെ മാധ്യമങ്ങളാണെങ്കില്‍ അവര്‍ക്ക് ഇവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകള്‍ പറയും. പോരാത്തതിന് മാധ്യമങ്ങള്‍ക്ക് ഇവിടെ നിരോധനവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കാംപസില്‍ കയറാന്‍ മാധ്യമങ്ങളെ അനുവദിക്കുന്നില്ല. എന്നിട്ടും അവര്‍ക്കതില്‍ യാതൊരു പ്രതിഷേധവുമില്ലെന്നതാണ് അദ്ഭുതം. വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുക എന്ന അവകാശത്തെ ഹനിക്കുന്ന ഒരു നടപടിക്കെതിരേ എങ്ങനെ നിങ്ങള്‍ക്ക് നിശ്ശബ്ദരാവാന്‍ കഴിയുന്നു? ആ നിശ്ശബ്ദതയ്ക്ക് മറ്റൊരു കാരണവുമുണ്ടോ? നമ്മുടെ മാധ്യമങ്ങള്‍ക്ക് സെന്‍സേഷണലിസത്തില്‍ അധിഷ്ഠിതമായൊരു കാപിറ്റല്‍ ലോജിക്ക് ഉണ്ട്. ഇനിയിവിടെയൊരു ആത്മഹത്യ ഉണ്ടായാല്‍ ഏതു കഷ്ടപ്പാടും സഹിച്ച് ഡല്‍ഹി മാധ്യമങ്ങളടക്കം ഇവിടെ വരും. അവര്‍ വരണമെങ്കില്‍ മരണം നടക്കണം, കൊല നടക്കണം, ചോര വീഴണം. ജീവനുള്ള മനുഷ്യനും ജീവിതംകൊണ്ടുള്ള പ്രതിരോധത്തിനും ഇവിടെ വിലയില്ലാതാവുകയാണ്.
യൂനിറ്റുകള്‍ക്ക് ഇങ്ങോട്ടേക്കു വരാനുള്ള ബുദ്ധിമുട്ടുകള്‍ ചാനലുകള്‍ക്കു പറയാം. എന്നാല്‍, പത്രങ്ങളോ? മാതൃഭൂമിയോ മനോരമയോ എന്തുകൊണ്ട് മലയാളി വിദ്യാര്‍ഥികളടക്കം അറസ്റ്റിലായിട്ടും അതു വാര്‍ത്തയാക്കുന്നില്ല. എന്തുകൊണ്ടാണ് ഹിന്ദുവില്‍ പോലും ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉള്‍പ്പേജിലേക്ക് മാറ്റുന്നത്. നമ്മുടേത് എല്ലാ കാലവും ഒരു ബ്രാഹ്മണിക്കല്‍ സ്‌റ്റേറ്റ് ആണ്. ആ സ്‌റ്റേറ്റിന്റെ അടിത്തറയെയും ബ്രാഹ്മണ്യത്തെയും മുഴുവന്‍ ചോദ്യംചെയ്യുന്നൊരു മൂവ്‌മെന്റാണിത്. ഇത് ഒരു രോഹിതിനു വേണ്ടി മാത്രമുള്ള സമരമല്ല. ആയിരക്കണക്കിന് രോഹിതുമാര്‍ക്കുവേണ്ടിയുള്ള സമരമാണ്. ഇന്ത്യയിലെ എല്ലാ ഇന്‍സ്റ്റിറ്റിയൂഷനുകളിലും നിലനില്‍ക്കുന്ന ജാതീയതയെ ചോദ്യംചെയ്യുന്ന സമരമാണ്. മാധ്യമങ്ങളും ഈ ബ്രാഹ്മണ്യത്തില്‍നിന്നു മോചനം നേടിയവരല്ല. അവിടെയും ജാതിയുണ്ട്. ഇവിടെ എത്രശതമാനമാണ് ദലിത് മാധ്യമപ്രവര്‍ത്തകരുള്ളതെന്നു നമുക്കറിയാം. അതുകൊണ്ടാണ് ഇവിടെ നടക്കുന്ന ഒരു ദലിത് പ്രശ്‌നം വേണ്ടരീതിയില്‍ അവതരിപ്പിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ വിമുഖത കാണിക്കുന്നത്.
എന്നാല്‍, ഇതിനെയെല്ലാം മറികടന്ന് ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാവുന്ന ഒരുപാടുപേരുണ്ട് ഇവിടെ. അവര്‍കൂടി ചേര്‍ന്നൊരുക്കുന്ന പ്ലാറ്റ്‌ഫോമിലാണ് ഞങ്ങളുടെ സമരം നടക്കുന്നത്.
എന്നാല്‍ ഞങ്ങളൊന്ന് ഓര്‍മിപ്പിക്കട്ടെ, നിങ്ങള്‍ തല്ലിയാലും കൊന്നാലും രോഹിതിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടം മുന്നോട്ടു പോവുക തന്നെ ചെയ്യും. ഇന്നിപ്പോള്‍ നിങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും എല്ലാം ഞങ്ങള്‍ക്ക് അനുവദിക്കേണ്ടിവന്നില്ലേ. എങ്കില്‍ നാളെ നിങ്ങള്‍ക്ക് വിദ്യാര്‍ഥികളുടെ മുന്നില്‍ മുട്ടുമടക്കി മുഴുവന്‍ പോലിസിനെയും ഇവിടെനിന്നു തിരിച്ചയക്കേണ്ടിവരും. അതിനുശേഷം അപ്പാറാവുവിന് വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്നു മാറേണ്ടിവരും. ഒരു കാരണവശാലും അപ്പാറാവു എന്ന വൈസ് ചാന്‍സലര്‍ക്കു കീഴില്‍ ഇവിടെ ഒരു വിദ്യാര്‍ഥിയും പഠിക്കില്ല, പരീക്ഷ എഴുതില്ല.

(അവസാനിച്ചു)

(കടപ്പാട്: അഴിമുഖം ഡോട്ട് കോം) 
Next Story

RELATED STORIES

Share it