Alappuzha local

കേന്ദ്ര റെയില്‍വേ ബജറ്റില്‍ ജില്ലയ്ക്ക് അവഗണന

ആലപ്പുഴ: റെയില്‍ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ റെയില്‍വേ വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന തീരദേശ ജില്ലയായ ആലപ്പുഴയ്ക്ക് അവഗണന. പ്രതീക്ഷയോടെ കാത്തിരുന്ന ജില്ലയ്ക്ക് ബജറ്റ് നിരാശയാണ് സമ്മാനിച്ചത്.
തീരദേശപാത ഇരട്ടിപ്പിക്കുന്നതിന് തുക വകയിരുത്തിയത് മാത്രമാണ് എടുത്തുപറയത്തക്ക നേട്ടം. അത് തന്നെ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ തുക വെട്ടിക്കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ ബജറ്റില്‍ 372 കോടി തീരദേശ പാതയുടെ ഇരട്ടിപ്പിക്കലിനായി നീക്കിവച്ചപ്പോള്‍ ഈ വര്‍ഷം 213 കോടി രൂപയാക്കി ഇത് വെട്ടിക്കുറച്ചു.
അമ്പലപ്പുഴ-തുറവൂര്‍ പാത ഇരട്ടിപ്പിക്കലിന് 100 കോടിയും തുറവൂര്‍- കുമ്പളം സ്‌ട്രെച്ചില്‍ 35 കോടിയും അമ്പലപ്പുഴ- ഹരിപ്പാട് 78 കോടിയും പാത ഇരട്ടിപ്പിക്കലിനായി നീക്കിവച്ചിട്ടുണ്ട്. തീര്‍ഥാടന കേന്ദ്രമായ ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന സ്‌റ്റേഷന്‍ എന്ന നിലക്ക് ചെങ്ങന്നൂരിലേക്ക് കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകളും അലോട്ട് ചെയ്യുമെന്ന് പ്രഖ്യാപനമുണ്ട്. ഓരോ തീര്‍ഥാടന സീസണിലും റെയില്‍വേ സ്‌റ്റേഷനില്‍ വന്നുപോവുന്ന ഭക്തലക്ഷങ്ങള്‍ക്ക് ഇത് ആശ്വാസം പകരും.
തീരദേശപാതയിലെ 14 റെയില്‍ ക്രോസിങുകളില്‍ അണ്ടര്‍പാസുകളും സബ്‌വേകളും നിര്‍മിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ആളില്ലാത്ത റെയില്‍ ക്രോസുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. നാല് കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ലവല്‍ ക്രോസുകളില്‍ അണ്ടര്‍പാസുകളും സബ് വേകളും നിര്‍മിക്കണമെന്ന ആവശ്യം ബജറ്റിന് മുമ്പ് തന്നെ മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും അനുകൂലമായ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായില്ലെന്ന് കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.
താന്‍ സമര്‍പ്പിച്ച നിവേദനത്തിലെ ചില ആവശ്യങ്ങള്‍ മന്ത്രി അംഗീകരിച്ചെങ്കിലും അതു ജില്ലയുടെ ആവശ്യങ്ങള്‍ക്ക് മതിയായതായിരുന്നില്ല. നാമമാത്ര അളവില്‍ ആലപ്പുഴ, തുറവൂര്‍, ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങളും വികസനത്തിന് തുക വകയിരുത്തിയിട്ടുണ്ട്. ആവശ്യമായ ഫണ്ട് അനുവദിക്കാത്തത് തീരദേശപാതയുടെ ഇരട്ടിപ്പിക്കലിനെ ബാധിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു.
ചേര്‍ത്തല റെയില്‍ കംപോണന്റ് ഫാക്ടറിയെക്കുറിച്ച് പരാമര്‍ശം പോലുമില്ല. ചെങ്ങന്നൂര്‍- തിരുവനന്തപുരം സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ്. എന്നാല്‍ തീരദേശ റൂട്ടില്‍ പുതിയ ട്രെയിനുകള്‍ ഒന്നും അനുവദിച്ചിട്ടില്ല. രാവിലെ 10നും വൈകീട്ട് 5.30നുമിടയില്‍ ട്രെയിനുകളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ടെന്ന് എം പി പറഞ്ഞു.
Next Story

RELATED STORIES

Share it