wayanad local

കേന്ദ്ര ഫണ്ട് നിലച്ചു: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവതാളത്തില്‍

കല്‍പ്പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിലച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് നിലച്ചതാണ് കാരണം.
കേരളത്തിന് 500 കോടിയിലധികം രൂപയാണ് കേന്ദ്രം നല്‍കാനുള്ളത്. വയനാടിനു കിട്ടാനുള്ള കുടിശിക ഏഴുകോടി രൂപയോളമായി. കൂലി ലഭിക്കാത്തതും സാമ്പത്തിക വര്‍ഷാവസാനവും പ്രമാണിച്ച് തൊഴിലുറപ്പ് പ്രവൃത്തികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്ന മാര്‍ച്ചില്‍ തന്നെ കൂലി ലഭിക്കാതായത് നിരവധി തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ ഫണ്ട് കഴിഞ്ഞതു മൂലമാണ് നിലവില്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നതെന്ന് തൊഴിലുറപ്പ് പദ്ധതി അധികൃതര്‍ സൂചിപ്പിച്ചു. പുതുതായി ഫണ്ട് വകയിരുത്തി ഏപ്രില്‍ ആദ്യവാരം തന്നെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കുടിശ്ശിക നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്കെല്ലാം കേന്ദ്രത്തില്‍ നിന്നു ഫണ്ട് ലഭിക്കാന്‍ ബാക്കിയുണ്ട്. സാധനഘടകത്തിന്റെ 75 ശതമാനവും ഭരണചെലവിനത്തിലെ മുഴുവന്‍ തുകയും തൊഴിലുറപ്പ് പദ്ധതിയിലേക്ക് ലഭ്യമാക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ബാധ്യതയാണ്. സാധനഘടകത്തിന്റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്. ഈ തുക ഇതിനകം സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ബാക്കി ഫണ്ടിന്റെ ആവശ്യകത സംബന്ധിച്ച വിവരങ്ങള്‍ കേരളം കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. തൊഴിലാളികളുടെ കൂലി നാഷനല്‍ ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലേക്ക് മാറ്റിയതിനു പിന്നാലെയാണ് കൂലി കുടിശ്ശികയായത്. ഏറ്റവും അവസാനമായി വയനാടിന് കേന്ദ്ര ഫണ്ട് ലഭിച്ചത് ജനുവരി 18നാണ്. 2016 ജനുവരി ഒന്നിനാണ് കൂലി നല്‍കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ജനുവരി 18 മുതല്‍ കഴിഞ്ഞ ദിവസം വരെയുള്ള തുകയാണ് ഏഴു കോടി രൂപ.
ഈ സംവിധാനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അധികം കാലതാമസമില്ലാതെ പണം അക്കൗണ്ടിലെത്തുന്ന സംവിധാനമാണിത്. പുതിയ രീതി പ്രകാരം തൊഴിലാളികള്‍ക്ക് കൂലി ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മസ്റ്റര്‍ റോള്‍ പൂര്‍ത്തീകരിച്ച് 10 ദിവസത്തിനകം മെഷര്‍മെന്റ്, ചെക്ക് മെഷര്‍മെന്റ് എന്നിവ തയ്യാറാക്കി മസ്റ്റര്‍ റോള്‍ എംഐഎസില്‍ ഡാറ്റാ എന്‍ട്രി ചെയ്യണം. വേജ് ലിസ്റ്റ് തയ്യാറാക്കി ഫണ്ട് ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ ഇലക്‌ട്രോണിക് ആയി കേന്ദ്ര സര്‍ക്കാരിന് അയക്കുകയും വേണം.
ഈ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ, പഞ്ചായത്തുകളിലെ തൊഴില്‍ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ ലേബര്‍ ബജറ്റ് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും അംഗീകാരം വാങ്ങുകയും ചെയ്തിട്ടുണ്ട്. തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഷെല്‍ഫ് ഓഫ് പ്രൊജക്റ്റ്‌സും വാര്‍ഷിക കര്‍മപദ്ധതിയും കേരളം തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ആവശ്യമുള്ള എല്ലാ കുടുംബങ്ങള്‍ക്കും 100 തൊഴില്‍ ദിനം ലഭ്യമാവുമെന്നാണ് അധികൃതരുടെ അവകാശവാദം.
Next Story

RELATED STORIES

Share it