palakkad local

കേന്ദ്രീകൃത പദ്ധതി; കുടിവെള്ളം ലഭിക്കാതെ ഉപഭോക്താക്കള്‍ ദുരിതത്തില്‍

ഹംസ ചളവറ

ചെര്‍പ്പുളശ്ശേരി: കുഴല്‍ കിണറും, പമ്പും തകാരിലായി മാസങ്ങള്‍ ഏറെ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ചളവറയിലെ കേന്ദ്രീകൃത കുടിവെള്ള പദ്ധതിയില്‍ നിന്നും വീട്ടുകണക്ഷന്‍ എടുത്തവര്‍ കുടിവെള്ളം ലഭിക്കാതെ ദുരിത്തില്‍.
ചവറ മനക്കല്‍ പടിയില്‍ നിന്നും, തിരുത്തുക്കല്‍ പടിയിലുമുള്ള രണ്ട് കിണറുകളില്‍ നിന്നാണ് കേന്ദ്രീകൃത കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ രണ്ട് മാസം മുമ്പാണ് കേന്ദ്രീകൃത കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന രണ്ടുകിണറുകളിലെ ഒരെണ്ണം ചെളി നിറഞ്ഞ് തകരാറിലായതിനെ തുടര്‍ന്ന് പമ്പിങ് നിര്‍ത്തി വച്ചത്
രണ്ടു കിണറുകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലായാണ് രണ്ട് ഭാഗങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്തിരുന്നത് പിന്നീട് ഒരു കിണറിലെ വെള്ളം മാത്രമായതിനാല്‍ പല ഭാഗങ്ങളിലേക്കും ഇതോടെ വെള്ളം ലഭിക്കാതായി പഞ്ചായത്ത് നിയോഗിച്ച സമിതിയാണ് പദ്ധതി നടത്തികൊണ്ടിരുന്നത്. വൈദ്യുതി ബില്ലും, മറ്റു അറ്റകുറ്റപണികളുടെയും സാമ്പത്തിക ചിലവ് ഏറുകയും, വെള്ളക്കരം യഥാസമയം പിരിച്ചെടുക്കാത്തതിനെ തുടര്‍ന്നും കയ്യില്‍ ഫണ്ടില്ലെന്ന് പറഞ്ഞാണ് കേടുവന്ന കിണറും, പമ്പും സമിതി അറ്റകുറ്റപ്പണി നടത്താതെ നീട്ടികൊണ്ട് പോയത്.
പല തവണ കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ പഞ്ചായത്തധികൃതരെ സമീപിക്കുകയും,പരാതി അറിയിക്കുകയും ചെയ്തിരുന്നു എന്നാല്‍ കിണര്‍ കുഴിക്കുന്നതിന്നും, മോട്ടോര്‍ നന്നാക്കുന്നതിന്നും ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്നും ഉടന്‍ പണികള്‍ തുടങ്ങുമെന്നുമാണ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയത്.
ഇത് നീണ്ടുപോവുകയും, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതി നിലവില്‍ വന്നതിനുശേഷമേ പണികള്‍ തുടങ്ങാന്‍ കഴിയുകയുള്ളൂ എന്ന മറുപടിയാണ് പഞ്ചായത്തധികൃതര്‍ പിന്നീട് നല്‍കിയത്
തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രീകൃത കുടിവെള്ള പദ്ധതിയുടെ നിലനിക്കുന്ന പ്രശ്‌നം ജനങ്ങള്‍ സ്ഥാനാര്‍ഥികളുടെ ശ്രദ്ധയില്‍ പെടുത്തുകയും ഈ കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ തന്നെ പരിഹാരം കാണാമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതി അധികാരമേറ്റെങ്കിലും പഴയ കിണറും,മോട്ടോറും നന്നാക്കുന്നതിനോ പുതിയ കിണര്‍ കുഴിക്കുന്നതിനോ ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഓരോ വാര്‍ഡിലും ഒന്നിലേറെ കുടിവെള്ള പദ്ധതികളും ഇവയില്‍ പലതിന്റേയും ദൈന ദിന ചിലവുകള്‍ പഞ്ചായത്ത് നേരിട്ട് നടത്തുകയും,അറ്റകുറ്റപ്പണികള്‍ക്ക് ഫണ്ട് നീക്കിവേക്കുകയും ചെയ്യുമ്പോള്‍ കേന്ദ്രീകൃത കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിന്ന് ഫണ്ട് നീക്കിവയ്ക്കുന്നതില്‍ പഞ്ചായത്ത് മടികാട്ടുകയാണ്.
വേനല്‍ ശക്തി കൂടുകയും, നിലവിലുള്ള ഒരു കിണറിലെ വെള്ളം കുറയുകയും ചെയ്തതോടെ ഇപ്പോള്‍ കുടിവെള്ള വിതരണം പാടെ നിലച്ചിരിക്കയാണ്.
പദ്ധതിയെ മാത്രം ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിന്ന് ഉടന്‍ നടപടികള്‍ ഉണ്ടാകണമെന്നും അല്ലാത്തപക്ഷം പഞ്ചായത്തിലേക്ക് മാര്‍ച്ചുള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോപങ്ങള്‍ക്ക് ഒരുങ്ങുമെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്
Next Story

RELATED STORIES

Share it