കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകയെ വിമര്‍ശിച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ വരള്‍ച്ചമൂലമുള്ള ദുരിതം സംബന്ധിച്ച ഹരജി പരിഗണിക്കുന്നതിനിടെ വൈകിയെത്തിയ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകയ്ക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. വിഷയം വളരെ ഗൗരവമേറിയതായിരുന്നിട്ടുപോലും കൃത്യസമയത്ത് അഭിഭാഷകയെ സര്‍ക്കാര്‍ വിട്ടില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. ഇതെന്താണ് കന്നുകാലികളെ പോലെ പലയിടത്തുമായി അലഞ്ഞുതിരിഞ്ഞുനടക്കുന്നത്? രണ്ട് ജഡ്ജിമാര്‍ ഇവിടെ ഇരിക്കുകയാണ്. ഞങ്ങള്‍ക്കിവിടെ പണിയുണ്ട്. സമയം ചെലവഴിക്കാനായി ഘടികാരത്തില്‍ നോക്കി വെറുതെയിരിക്കുന്നവരാണോ ഞങ്ങള്‍? കോടതിയിലുണ്ടായിരുന്ന ജൂനിയര്‍ അഭിഭാഷകരോട് ബെഞ്ച് ചോദിച്ചു.
വരള്‍ച്ചാ ബാധിത സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് എഎപി മുന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്രയാദവ് എന്നിവരുടെ സ്വരാജ് അഭിയാന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് തേടിയപ്പോഴാണ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ഹാജരായിട്ടില്ലെന്ന് അറിയുന്നത്. പിങ്കി ആനന്ദ് മറ്റൊരു കേസുമായി ബന്ധപ്പെട്ട തിരക്കിലായതിനാലാണു വൈകുന്നതെന്നു ജൂനിയര്‍ അഭിഭാഷകന്‍ ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂറും എന്‍ വി രമണയും അടങ്ങുന്ന സുപ്രിംകോടതി ബെഞ്ചിനെ അറിയിച്ചപ്പോഴാണ് കോടതിയുടെ രോഷപ്രകടനം. അപ്പോഴേക്കും ധൃതിയില്‍ ഓടിയെത്തിയ പിങ്കി ആനന്ദിനോട് ഞങ്ങളുടെ സമയം വളരെ വിലപ്പെട്ടതാണെന്നു ജഡ്ജിമാര്‍ പറഞ്ഞു.
വരള്‍ച്ച അത്ര ഗൗരവമുള്ള കാര്യമല്ലെന്നു നിങ്ങള്‍ കരുതുന്നുണ്ടാവും. ഇവിടെ ചില നടപടിക്രമങ്ങളൊക്കെയുണ്ട്. ബുദ്ധിമുട്ട് ഞങ്ങള്‍ക്കാണല്ലോ ഉണ്ടായത് നിങ്ങള്‍ക്കല്ലല്ലോ? കോടതി പറഞ്ഞു. കോടതിയില്‍ ഇന്നലെ അസൗകര്യം അറിയിച്ചതിനാല്‍ ഹരജിയിലുള്ള തുടര്‍വാദം ഇന്നത്തേക്കു മാറ്റിവച്ചു.
ഇന്നലെ രാവിലെ കോടതിയുടെ എട്ടാംമുറിയിലാണു ഹരജി പരിഗണനയ്‌ക്കെടുത്തത്. നിശ്ചിതസമയത്തിന് ഒരുമണിക്കൂര്‍ മുമ്പുതന്നെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയ ഉദ്യോഗസ്ഥന്‍ സ്ഥലത്ത് ഹാജരായിരുന്നു. ബുധനാഴ്ച ഹരജി പരിഗണിച്ച കോടതി, വരള്‍ച്ചാ പ്രശ്‌നം പരിഹരിക്കുന്നതിലുണ്ടായ വീഴ്ചയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും സംസ്ഥാനങ്ങള്‍ വരള്‍ച്ചകൊണ്ട് പൊറുതിമുട്ടുമ്പോള്‍ കേന്ദ്രസര്‍ക്കാരിനു കണ്ണടച്ചിരിക്കാനാവില്ലെന്നും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it