Most commented

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 29ന് വിശ്വാസവോട്ട് തേടണമെന്ന് ഹൈക്കോടതി ; രാഷ്ട്രപതിഭരണം റദ്ദാക്കി

ഡെറാഡൂണ്‍: കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയായി ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം ഹൈക്കോടതി റദ്ദാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഹരീഷ് റാവത്ത് സര്‍ക്കാരിന് അധികാരത്തില്‍ തുടരാമെന്നും ഈ മാസം 29നു നിയമസഭയില്‍ വിശ്വാസവോട്ട് തേടണമെന്നും കോടതി വിധിച്ചു. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യംചെയ്ത് ഹരീഷ് റാവത്ത് നല്‍കിയ ഹരജിയിലാണു നടപടി. കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. പ്രകടമായ കാപട്യത്തോടെയാണ് വിഷയത്തില്‍ കേന്ദ്രം ഇടപെട്ടതെന്നും നടപടികള്‍ വേദനിപ്പിക്കുന്നതാണെന്നുമായിരുന്നു പ്രധാന നിരീക്ഷണം. നിഷ്പക്ഷത പുലര്‍ത്തേണ്ട കേന്ദ്രസര്‍ക്കാര്‍ സ്വകാര്യസംഘത്തെപ്പോലെ പെരുമാറി. രാഷ്ട്രപതിഭരണം നടപ്പാക്കാന്‍ കേന്ദ്രം പരിഗണിച്ച ഘടകങ്ങള്‍ അപര്യാപ്തമാണ്. രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാനുള്ള ഭരണഘടനയുടെ 356ാം അനുച്ഛേദം അവസാന ആശ്രയമായി മാത്രം ഉപയോഗിക്കേണ്ടതാണ്. ഇതിനായി സുപ്രിംകോടതി കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭരണഘടനാവിരുദ്ധമായി 356ാം അനുച്ഛേദം ഉപയോഗിക്കുന്നത് സാധാരണക്കാരെ ബാധിക്കുമെന്നും വിധിയില്‍ പറയുന്നു. കൂറുമാറിയ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരെ നിശിതമായ ഭാഷയിലാണു കോടതി വിമര്‍ശിച്ചത്. കാലുമാറിയതിലൂടെ ഭരണഘടനാപരമായ പാപമാണ് അവര്‍ ചെയ്തത്. അയോഗ്യരാക്കപ്പെടുക എന്നതാണ് അതിനു നല്‍കേണ്ടിവരുന്ന വില. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതിനു മുമ്പുള്ള സ്ഥിതി തുടരാമെന്ന് ചീഫ്ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് വി കെ ബിഷ്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഉത്തരവ് റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി വിസമ്മതിച്ചു. തങ്ങളുടെ ഉത്തരവ് തങ്ങള്‍ തന്നെ റദ്ദാക്കില്ലെന്നും വേണമെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it