കേന്ദ്രസര്‍ക്കാരിനെതിരേ ചരിത്രകാരന്‍മാരും

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ ആക്രമണങ്ങള്‍ക്കെതിരേ പ്രമുഖ ചരിത്രകാരന്‍മാരുടെ പ്രതിഷേധം. വ്യത്യസ്ത അഭിപ്രായങ്ങളെ കായികമായി നേരിടുകയാണെന്നു ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ അന്തരീക്ഷം ദിനംപ്രതി വഷളായിവരുകയാണെന്ന് 53 ചരിത്രകാരന്‍മാര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു.
ദാദ്രി കൊലപാതകത്തെയും പാകിസ്താന്‍ മന്ത്രിയുടെ പുസ്തകപ്രകാശനത്തിനിടെ എഴുത്തുകാരനും ബിജെപി മുന്‍ നേതാവുമായ സുധീന്ദ്ര കുല്‍ക്കര്‍ണിയെ ശിവസേനാ പ്രവര്‍ത്തകര്‍ കരിയോയിലൊഴിച്ച സംഭവവും പരാമര്‍ശിക്കുന്ന പ്രസ്താവനയില്‍ റൊമീലാ ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, മൃദുല മുഖര്‍ജി തുടങ്ങിയവരാണ് ഒപ്പുവച്ചിരിക്കുന്നത്. ചരിത്രത്തില്‍ സര്‍ക്കാര്‍ അന്യായമായി ഇടപെടുകയാണ്. മറ്റുള്ളവയെ നിന്ദിച്ചും തെളിവുകളുടെ പിന്‍ബലമില്ലാതെ ചില പ്രത്യേക ഘടകങ്ങളെ മഹത്വവല്‍കരിച്ചുമാണു ചരിത്രത്തെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നത്.
ചിലര്‍ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം ഒരു പാവപ്പെട്ടവന്‍ സൂക്ഷിക്കുകയോ ഭക്ഷിക്കുകയോ ചെയ്താല്‍ അവന്‍ മര്‍ദ്ദനമേറ്റു മരിക്കേണ്ടിവരുന്നു. ഒരു പ്രത്യേക രാജ്യത്തുനിന്നുള്ള ഒരാളുടെ പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുത്താല്‍ അതു മുഖത്ത് കരിയോയില്‍ ഒഴിക്കപ്പെടാനുള്ള കാരണമാണ്. എന്നാല്‍, ഇതേക്കുറിച്ചെല്ലാം ഭരണത്തിനു നേതൃത്വം നല്‍കുന്നയാള്‍ പ്രതികരിക്കുമെന്നു നാം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ നമുക്ക് തെറ്റുപറ്റി.
എഴുത്തുകാര്‍ ഓരോരുത്തരായി പുരസ്‌കാരം തിരികെ കൊടുത്തപ്പോള്‍, അവരുടെ പ്രതിഷേധത്തിനു കാരണമായ സംഭവങ്ങളെ കുറിച്ചു ഭരണകൂടം മൗനംവെടിഞ്ഞില്ല.അവരോട് എഴുത്തു നിര്‍ത്താനാണ് ഉത്തരവാദിത്തപ്പെട്ടവര്‍ ഉപദേശിച്ചത്. രാജ്യം കെട്ടിപ്പടുത്ത നന്‍മകള്‍ തകര്‍ക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ ഒരിക്കല്‍ തകര്‍ക്കപ്പെട്ടതു വീണ്ടും പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നും ചരിത്രകാരന്‍മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it