കേന്ദ്രവുമായി പ്രശ്‌നങ്ങളില്ലെന്ന് ജാമിഅ മില്ലിയ വിസി

ന്യൂഡല്‍ഹി: കേന്ദ്രവുമായി ജാമിഅ മില്ലിയക്കു പ്രശ്‌നങ്ങളൊന്നുമില്ലെന്നും കേന്ദ്ര സര്‍വകലാശാലയെന്ന നിലയ്ക്കു മുന്‍ സര്‍ക്കാരില്‍നിന്നു ലഭിച്ച പരിഗണന നിലവിലെ സര്‍ക്കാറില്‍നിന്നു ലഭിക്കുന്നുണ്ടെന്നും ജാമിഅ മില്ലിയ ഇസ്‌ലാമിയ വൈസ് ചാന്‍സലര്‍ പ്രഫ. തലത് അഹമദ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന സര്‍വകലാശാലകളിലൊന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിക്കെതിരേ കേന്ദ്രം സുപ്രിംകോടതിയില്‍ എടുത്ത നിലപാട് ജാമിഅയുടെ ന്യൂനപക്ഷ പദവിയെ ബാധിക്കില്ലെന്നും തലത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജാമിഅയുടെ ന്യൂനപക്ഷ പദവി നിയമവിധേയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ ജാമിഅയുടെ ന്യൂനപക്ഷ പദവി അംഗീകരിച്ചതാണെന്നും ആവശ്യമായ രേഖകള്‍ കമ്മീഷന് സമര്‍പ്പിച്ചാണ് ഈ പദവി നേടിയതെന്നും അദ്ദേഹം പറഞ്ഞു. ഈ കമ്മീഷനെ നിലനിര്‍ത്തണമോ എന്നു സര്‍ക്കാരിന് തീരുമാനിക്കാം.
പക്ഷേ അപ്പോള്‍ പ്രശ്‌നം നേരിടുക ജാമിഅ മാത്രമായിരിക്കില്ലെന്നും രാജ്യത്തെ മുഴുവന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളുമായിരിക്കുമെന്നും തലത് പറഞ്ഞു. അലിഗഡിന്റെ പ്രശ്‌നം ചില രേഖകളുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. അലിഗഡിന്റെ ന്യൂനപക്ഷ പദവി റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ സുപ്രിം കോടതിയില്‍ നേരത്തേ കേന്ദ്രം ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇതു പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നതായി അറ്റോര്‍ണി ജനറല്‍ ഈ മാസം ആദ്യം സുപ്രിംകോടതിയെ അറിയിച്ചു.
ജെഎന്‍യുവിലെ വിദ്യാര്‍ഥി കാലഘട്ടത്തില്‍പോലും ഗവേഷണത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും രാഷ്ട്രീയത്തില്‍നിന്നു മനപ്പൂര്‍വം മാറിനില്‍ക്കുകയായിരുന്നുവെന്നും വ്യക്തമാക്കിയ തലത് സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ നരേന്ദ്ര മോദിയെ ക്ഷണിച്ചത് പ്രധാനമന്ത്രിയെന്ന നിലയ്ക്കു മാത്രമായിരുന്നുവെന്നു വ്യക്തമാക്കി. ഈ തീരുമാനം വിവാദമായിരുന്നു.
അതേസമയം, മറ്റു കാരണങ്ങളാല്‍ മോദി ചടങ്ങില്‍ പങ്കെടുത്തില്ല.
Next Story

RELATED STORIES

Share it