കേന്ദ്രമന്ത്രിമാരുടെ വാഹന വ്യൂഹത്തിനു നേരെ കല്ലേറ്

ബാര്‍ഗഡ്(ഒഡീഷ): ഒഡീഷയില്‍ കേന്ദ്രസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷിക ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ട് കേന്ദ്രമന്ത്രിമാരുടെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്. കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രി സന്തോഷ് ഗാങ്‌വര്‍, ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി എന്നിവര്‍ക്കെതിരേയാണ് ബിജെഡി നേതാക്കളുടെ നേതൃത്വത്തില്‍ കല്ലേറു നടത്തിയത്.
ശക്തമായ പോലിസ് സന്നാഹത്തോടെയാണ് മന്ത്രിമാര്‍ പങ്കെടുത്ത വികാസ് പര്‍വ് റാലി സംഘടിപ്പിച്ചത്. ഇതിനെതിരേ ബിജെഡി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കാനെത്തി. സംഭവത്തില്‍ മൂന്നു വാഹനങ്ങള്‍ തകര്‍ന്നു. പരിപാടിക്കെതിരേ ബിജെഡി എംഎല്‍എ ദേവാസ് ആചാര്യയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി നടത്തി. ബിജെഡി പ്രവര്‍ത്തകര്‍ നഗരത്തിലെ ഒരു സാരി ഷോറൂം ആക്രമിച്ചതായും ആരോപണമുണ്ട്.
ജനാധിപത്യ മാര്‍ഗത്തിലൂടെ പ്രതിഷേധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ദേവാസ് ആചാര്യ എംഎല്‍എ പറഞ്ഞു. എന്നാല്‍, യാതൊരു പ്രകോപനവുമില്ലാതെ ബിജെഡി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്നത് പോലിസ് നോക്കിനിന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി ഭ്രുഗു ബുക്‌സി പത്ര ആരോപിച്ചു.
ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്നും സംസ്ഥാനം സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രിമാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കേന്ദ്രമന്ത്രി ഗാങ്‌വര്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ക്കു രക്ഷയില്ലാത്ത സ്ഥലത്ത് സാധാരണ ജനങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ പടിനായ്ക്ക് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it