കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് നാവിക സേനാ മുന്‍ മേധാവി

സ്വന്തംപ്രതിനിധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ ലക്ഷ്മിനാരായണ്‍ രാംദാസിന്റെ കത്ത്. ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ കണ്ട് ലജ്ജിച്ചു തലതാഴ്ത്താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.
ഹിന്ദുമതത്തില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയാണ് താന്‍. താന്‍ അനുഭവിക്കുകയും പഠിക്കുകയും ചെയ്ത ഹിന്ദുമതം ഒരുവിധത്തിലുമുള്ള അക്രമത്തിന്റെ ഭാഗമല്ല. എന്നാല്‍, ഇപ്പോള്‍ ഹിന്ദുമതത്തിന്റെ പേരില്‍ നടക്കുന്ന സംഭവങ്ങള്‍ തന്നെ ലജ്ജിപ്പിക്കുന്നു. ചില പ്രത്യേക ജനവിഭാഗങ്ങളെ ഒറ്റപ്പെടുത്തുകയാണിവിടെ. ഇവിടെ ഒാരോ മുസ്‌ലിമിനും അവരുടെ കൂറ് നിരന്തരം തെളിയിക്കേണ്ട അവസ്ഥയാണുള്ളത്. അവരുടെ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നു. അവരുടെ ഭക്ഷിക്കാനുള്ള സ്വാതന്ത്ര്യം പോലും അപകടത്തിലാണ്.
2014 മെയില്‍ പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്തുടനീളം വര്‍ഗീയവും ജാതീയവുമായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനു നാം സാക്ഷിയാവുകയാണ്. ആര്‍എസ്എസിന്റെയും മറ്റു സംഘപരിവാര സംഘടനകളുടെയും നേതൃത്വത്തില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ജനക്കൂട്ടം ആളുകളെ മൃഗീയമായി തല്ലിക്കൊല്ലുന്നതു ഭീതിജനകമാണ്. ഇത്തരം സാഹചര്യങ്ങളില്‍ നിയമം നടപ്പാക്കേണ്ടവര്‍ പക്ഷപാതപരമായ നിലപാടാണു സ്വീകരിക്കുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാജ്യത്തെ മുഴുവന്‍ പൗരന്‍മാരുടെയും സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്തിന്റെ ഭരണഘടനയോട് നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്.
രാജ്യത്തിന്റെ മതേതര-ജനാധിപത്യ സംവിധാനത്തെ നശിപ്പിക്കുന്ന ഛിദ്രശക്തികളെ തടയാന്‍ സര്‍ക്കാര്‍ വൈകിക്കൂടെന്നും ലക്ഷ്മിനാരായണ്‍ രാംദാസ് തന്റെ കത്തില്‍ പറയുന്നു. 1990-93ല്‍ നാവികസേനാ മേധാവിയായ അഡ്മിറല്‍ രാംദാസ് സമാധാനത്തിനുള്ള മഗ്‌സാസെ പുരസ്‌കാരം നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it